കോംപാക്‌ട് എസ്‌യുവികളിലെ സേഫ്റ്റിക്കുട്ടൻ, കഴിഞ്ഞ മാസവും വിൽപ്പന കൂടി! മഹീന്ദ്ര ഡബിൾ ഹാപ്പി
പുതുതായി കാർ വാങ്ങുന്ന ഏതൊരാളും ഇപ്പോൾ സേഫ്റ്റിക്ക് കാര്യമായ പരിഗണന നൽകാറുണ്ട്. മിക്കവരും എസ്‌യുവികളിലേക്ക് ചേക്കേറുന്നതിൻ്റെ കാരണവും ഇതുതന്നെയാണ്. ഇന്ത്യയിലെ ഏറ്റവും മത്സരാധിഷ്ഠിതമായ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി നിരയിൽ മഹീന്ദ്ര XUV 3XO വേറിട്ടുനിൽക്കുന്നതും ഇവിടെയാണ്. XUV300 എന്ന പേരിൽ വിപണനം ചെയ്‌തിരുന്നപ്പോൾ നേടാൻ കഴിയാതിരുന്ന പല നേട്ടങ്ങളും സ്വന്തമാക്കി കുതിക്കുന്ന മിടുക്കൻ എല്ലാ മാസവും മികച്ച രീതിയിൽ തന്നെയാണ് വിറ്റഴിയുന്നത്. 2026 ഫെബ്രുവരി മാസത്തെ കണക്കുകൾ പുറത്തുവരുമ്പോഴും മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് അഭിമാനിക്കാനാവുന്ന തരത്തിലുള്ള നേട്ടവുമായി മുന്നേറുകയാണ്.
പോയമാസം കോംപാക്‌ട് എസ്‌യുവിയുടെ 8,637 യൂണിറ്റുകളാണ് മഹീന്ദ്ര നിരത്തിലെത്തിച്ചത്. അതായത് കഴിഞ്ഞ വർഷം 2025 ഫെബ്രുവരിയിൽ വിപണനം ചെയ്‌ത 7,861 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ XUV 3XO മോഡലിന് വിൽപ്പനയിൽ 10 ശതമാനത്തിൻ്റെ വാർഷിക വളർച്ചയാണ് കൈവരിക്കാനായിരിക്കുന്നത്. മഹീന്ദ്രയുടെ നിരയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന അഞ്ചാമത്ത എസ്‌യുവിയായാണ് ഇത് സ്ഥാനം പിടിച്ചിരിക്കുന്നത്.

പുതുവർഷത്തോട് അനുബന്ധിച്ച് 2026 ജനുവരിയിൽ മഹീന്ദ്ര XUV 3XO-യുടെ വിലയും ചെറിയ രീതിയിൽ പരിഷ്ക്കരിച്ചിരുന്നു. എസ്‌യുവിയുടെ AX7L 1.5 ലിറ്റർ ടർബോ ഡീസൽ മാനുവൽ, AX7 1.5 ലിറ്റർ ടർബോ ഡീസൽ ഓട്ടോമാറ്റിക് എഎംടി വേരിയൻ്റുകൾക്കാണ് ഏറ്റവും ഉയർന്ന വില വർധനവ് ലഭിച്ചിരിക്കുന്നത്. 8,200 രൂപ മുതൽ 15,200 രൂപ വരെയാണ് വാഹനത്തിന് വില കൂടിയിരിക്കുന്നത്. വില പരിഷ്ക്കാരത്തിന് ശേഷം ഇപ്പോൾ 7.37 ലക്ഷം രൂപ മുതൽ 14.55 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.
M1, M2, M2 പ്രോ, M3, M3 പ്രോ, AX5, AX5 ലക്ഷ്വറി, AX7, AX7 ലക്ഷ്വറി എന്നിങ്ങനെ 9 വേരിയന്റുകളിലാണ് XUV 3XO സ്വന്തമാക്കാനാവുക. 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ ഡയറക്ട് ഇഞ്ചക്ഷൻ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിക്ക് തുടിപ്പേകാൻ എത്തുന്നത്. ഇതിൽ ആദ്യത്തെ പെട്രോൾ എഞ്ചിൻ 115 bhp പവറിൽ 200 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

അതേസമയം എസ്‌യുവിയിലെ 1.2 ലിറ്റർ ടർബോ പതിപ്പുകൾ 130 bhp കരുത്തിൽ 250 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. 1.5 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ 117 bhp പവറിൽ 300 Nm torque വരെയാണ് നൽകുന്നത്. മഹീന്ദ്രയുടെ നിരയിലെ എൻട്രി ലെവൽ എസ്‌യുവിക്കായുള്ള ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് എഎംടി, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് ലഭ്യമാവുന്നത്.
മുകളിൽ പറഞ്ഞതു പോലെ സേഫ്റ്റി നോക്കുന്നവർക്ക് പറ്റിയ ഫാമിലി എസ്‌യുവി തന്നെയാണിത്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ഇടിച്ചെടുത്ത മഹീന്ദ്ര XUV 3XO മുതിർന്നവരുടെ സുരക്ഷയിൽ 32 ൽ 29.36 പോയിൻ്റും ചൈൽഡ് സേഫ്റ്റിയിൽ 49.00 ൽ 43.00 പോയിൻ്റുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്. 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ്, നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുകൾ, ISOFIX ആങ്കർ പോയിൻ്റുകൾ തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളും എസ്‌യുവികളിലെ സേഫ്റ്റിക്കുട്ടന് സ്റ്റാൻഡേർഡായുണ്ട്.

മഹീന്ദ്രയുടെ എല്ലാ വാഹനങ്ങളേയും പോലെ ഫീച്ചറുകളുടെ കാര്യത്തിലും ഒന്നാന്തരമാണ് കക്ഷി. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ, 7 സ്‌പീക്കർ ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, ഓട്ടോ ഹോൾഡുള്ള EPB, ബ്ലൈൻഡ് വ്യൂ മോണിറ്റർ, ആറ് എയർബാഗുകൾ, പനോരമിക് സൺറൂഫ് തുടങ്ങിയ മോഡൺ ഫീച്ചറുകളെല്ലാം മഹീന്ദ്ര XUV 3XO എസ്‌യുവിയിൽ ലഭിക്കും.
ഇന്ത്യയിലെ ഏറ്റവും മത്സരാധിഷ്ഠിതമാ. കോംപാക്‌ട് എസ്‌യുവി വിപണിയിൽ മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ, സ്കോഡ കൈലാക്, ഹ്യുണ്ടായി എക്സ്റ്റർ, ടാറ്റ പഞ്ച്, സിട്രൺ C3 തുടങ്ങിയ വമ്പൻമാരോടെല്ലാമാണ് മഹീന്ദ്ര XUV 3XO മല്ലിടുന്നത്. എന്നിട്ടും ഓരോ മാസവും നല്ല രീതിയിൽ വിറ്റഴിക്കാനാവുന്നത് കമ്പനിയെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ്.


Click it and Unblock the Notifications








