മഹീന്ദ്രയുടെ പുത്തൻ എസ്‌യുവിക്കായുള്ള ബുക്കിംഗ് തുടങ്ങി, കൈയിൽ കിട്ടാൻ എത്ര ദിവസം വേണമെന്ന് അറിയുമോ
പുതുമോഡലുകൾ അവതരിപ്പിച്ച് ഇന്ത്യക്കാരെ 2020 മുതൽ മറ്റൊരു വിധത്തിൽ വിസ്‌മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് സാക്ഷാൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. രണ്ടാംതലമുറ ഥാർ മുതൽ ഇങ്ങോട്ട് പുറത്തിറക്കിയിരിക്കുന്ന ഓരോ മോഡലുകളും എല്ലാ തലത്തിലും മികവുറ്റതാണ്. അവിടുന്ന് അങ്ങോട്ട് തങ്ങളുടെ ഇമേജ് പൊടിതട്ടിയെടുക്കാനും കമ്പനിക്കായിരുന്നു. XUV700, സ്കോർപിയോ N, ബൊലേറോ നിയോ, ഥാർ റോക്‌സ്, XUV 7XO, BE 6, XEV 9e എന്നീ ന്യൂജെൻ പിള്ളേരെല്ലാം മഹീന്ദ്രയെ വിൽപ്പനയിൽ കൈയയച്ച് സഹായിച്ചതോടെ മാരുതി സുസുക്കിക്ക് പിന്നിൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായി മാറാൻ മഹീന്ദ്രയ്ക്ക് സാധിച്ചു.
2026-ലും ലീഡി നിലനിർത്തുവാനായി പുതുമോഡലുകളെയിറക്കിയുള്ള പരീക്ഷണം മഹീന്ദ്ര തുടരുകയാണ്. അടുത്തിടെ XUV700 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ പുതിയ പേരിൽ അവതരിപ്പിച്ച് കമ്പനി ഞെട്ടിച്ചിരുന്നു. ഡാവിൻചി സസ്പെൻഷൻ പോലുള്ള അത്യാധുനിക സംവിധാനത്തോടെയെത്തുന്ന പിൻഗാമി ഇപ്പോൾ XUV 7XO എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇപ്പോഴിതാ 2026 ജനുവരി 14-ന് അതായത് ഇന്ന് മുതൽ പുത്തൻ എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് കമ്പനി.

തിരഞ്ഞെടുത്ത വകഭേദങ്ങൾക്കായുള്ള ഡെലിവറികളും ഘട്ടം ഘട്ടമായി ഈ മാസം തന്നെ ആരംഭിക്കാനാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര പദ്ധതിയിട്ടിരിക്കുന്നത്. XUV 7XO സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾ 21,000 രൂപ ടോക്കൺ തുക നൽകി വാഹനം പ്രീ-ബുക്ക് ചെയ്‌തിടാം. കഴിഞ്ഞ ആഴ്ച്ച വിപണിയിൽ അരങ്ങേറ്റം കുറിച്ച ഈ എസ്‌യുവി സ്റ്റൈലിംഗ്, ഇൻ്റീരിയർ, ഫീച്ചർ ലിസ്റ്റ് എന്നിവയിൽ സമഗ്രമായ അപ്‌ഡേറ്റുകളോടെയാണ് വിപണിയിൽ അവതരിച്ചിരിക്കുന്നത്.
നേരത്തെ ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് മുൻഗണന നൽകിക്കൊണ്ട് AX7, AX7T, AX7L വേരിയൻ്റുകളുടെ ഡെലിവറികളായിരിക്കും ആദ്യം തുടങ്ങുക. തുടർന്നായിരിക്കും പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹനത്തിൻ്റെ AX, AX3, AX5 വേരിയൻ്റുകളുടെ ഡെലിവറി ആരംഭിക്കുക. എന്തായാലും വാഹനം കൈയിൽ കിട്ടാൻ 2026 ഏപ്രിൽ മാസം വരെ കാത്തിരിക്കേണ്ടി വരും കേട്ടോ. അതായത് ഏകദേശം നാല് മാസത്തോളം ബുക്കിംഗ് പിരീഡ് ഉണ്ടെന്ന് സാരം.

13.66 ലക്ഷം മുതൽ 24.11 ലക്ഷം രൂപ വരെയാണ് പുതിയ മഹീന്ദ്ര XUV 7XO മോഡലിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ടാക്‌സും ഇൻഷുറൻസും എല്ലാമായി ടോപ്പ് എൻഡ് വേരിയൻ്റ് നിരത്തിലിറക്കാൻ ഏകദേശം 30 ലക്ഷത്തിന് മുകളിൽ ഓൺ-റോഡ് വില വന്നേക്കും. ഡിസൈനിലേക്ക് നോക്കിയാൽ അടിസ്ഥാന രൂപം XUV700 എസ്‍യുവിക്ക് സമാനമായ രൂപഘടനയാണുള്ളതെങ്കിലും ചില മാറ്റങ്ങൾ മഹീന്ദ്ര വരുത്തിയിട്ടുണ്ട്.
ആഭരണങ്ങൾ പോലുള്ള ടാലൺ ഇൻസേർട്ടുകളുള്ള പുതുതായി തയാറാക്കിയ ഫുൾ-വിഡ്‌ത് പിയാനോ ബ്ലാക്ക് ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള ബൈ-എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഡയമണ്ട്-പ്രചോദിത ക്ലിയർ ലെൻസ് എൽഇഡി ടെയിൽ-ലാമ്പുകൾ, 19 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകൾ, പ്രീമിയം ബ്ലാക്ക് ക്ലാഡിംഗ്, ഇലക്ട്രിക് സ്മാർട്ട് ഡോർ ഹാൻഡിലുകൾ, എക്സ്പോസ്ഡ് ഐസ്-ക്യൂബ് ഫോഗ് ലാമ്പുകൾ എന്നിവയെല്ലാമാണ് XUV 7XO എസ്‌യുവിയുടെ എക്സ്റ്റീരിയറിനെ കിടിലമാക്കുന്നത്.

ഇൻ്റീരിയറിലും വമ്പൻ മാറ്റങ്ങളെല്ലാം കൊണ്ടുവന്നിട്ടുണ്ട്. സോഫ്റ്റ്-ടച്ച് ലെതറെറ്റ് സർഫസുകൾ, ഹൈ-ഡെൻസിറ്റി ഫോം സീറ്റിംഗ്, മൾട്ടി-സോൺ ആംബിയൻ്റ് ലൈറ്റിംഗ് എന്നിവ ഉൾക്കൊള്ളുന്ന കൂടുതൽ ആഡംബരമായ അകത്തളം യാത്രക്കാരെ വിസ്‌മയിപ്പിക്കുമെന്ന് വേണം പറയാൻ. 31.24 സെൻ്റീമീറ്റർ കോസ്റ്റ്-ടു-കോസ്റ്റ് ട്രിപ്പിൾ-സ്ക്രീൻ കോക്ക്പിറ്റ് ഡിസ്പ്ലേയാണ് ഇൻ്റീരിയറിലെ മറ്റൊരു പ്രധാന ആകർഷണം. ഇത് എല്ലാ വേരിയൻ്റുകളിലും സ്റ്റാൻഡേർഡാണ്.
ടോപ്പ് വേരിയൻ്റുകളിൽ വെൻ്റിലേറ്റഡ് ഫ്രണ്ട്, റിയർ സീറ്റുകൾ, ബോസ് മോഡ് പവർഡ് കോ-ഡ്രൈവർ സീറ്റ്, റിയർ സൺഷേഡുകൾ, അക്കൗസ്റ്റിക് സോളാർ വിൻഡ്‌സ്‌ക്രീൻ, ക്വയറ്റ് മോഡുള്ള ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, 6, 7 സീറ്റ് കോൺഫിഗറേഷനുകൾ, അഡ്രിനോക്‌സ് പ്ലസ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ചാറ്റ്ജിപിടി സംയോജനത്തോടുകൂടിയ അലക്‌സ, ബയോഡ് തിയേറ്റർ മോഡ്, 49 ബിൽറ്റ്-ഇൻ ആപ്പുകൾ, 90-ലധികം കണക്റ്റഡ്-കാർ സവിശേഷതകൾ എന്നിവ പോലുള്ള സംവിധാനങ്ങളെല്ലാം അകത്ത് ലഭ്യമാവും.
DVR സഹിതമുള്ള 540-ഡിഗ്രി ക്യാമറ, ഇലക്ട്രോക്രോമിക് IRVM, റിവേഴ്സ്-ടിൽറ്റ് ORVM-കൾ, അപ്രോച്ച് അൺലോക്ക്, വാക്ക്-എവേ ലോക്ക്, വയർലെസ് ഫോൺ ചാർജിംഗ്, ഓട്ടോ-ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവയാണ് എസ്‌യുവിയിലെ മറ്റ് സൗകര്യങ്ങൾ. മഹീന്ദ്ര XUV 7XO-യിൽ പുതിയ DAVINCI വാൽവ് അധിഷ്ഠിത ഡാംപിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ചിട്ടുമുണ്ട്. മൾട്ടി-ലിങ്ക് റിയർ സസ്‌പെൻഷനോടുകൂടിയ ഫ്രീക്വൻസി-സെലക്ടീവ് ഡാംപിംഗും ഉള്ളതിനാൽ ഗംഭീര യാത്രാസുഖമാണ് വാഹനം സമ്മാനിക്കുക.
ഒപ്പം കിടിലൻ ഹാൻഡിലിംഗും കൂടിയാവുമ്പോൾ സംഗതി കളറാവും. 197 bhp പവറിൽ 380 Nm ടോർക്ക് നൽകാൻ കഴിയുന്ന 2.0 ലിറ്റർ എംസ്റ്റാലിയൻ TGDi പെട്രോൾ, 185 bhp കരുത്തിൽ പരനാവധി 450 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റർ എംഹോക്ക് ഡീസൽ എന്നിവയാണ് എസ്‌യുവിയുടെ ഹൃദയം. രണ്ട് എഞ്ചിനുകളിലും 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സിൽ ലഭ്യമാണ്. ഡീസൽ മോഡലിന് ഓപ്ഷണൽ ഓൾവീൽ ഡ്രൈവ് സിസ്റ്റവും ലഭിക്കുന്നു.


Click it and Unblock the Notifications








