6 മാസമായി കാത്തിരുന്ന 7-സീറ്റർ എസ്‌യുവി, 13.66 ലക്ഷത്തിന്റെ ബേസ് മോഡലിന്റെ ഡെലിവറിയും ആരംഭിച്ച് മഹീന്ദ്ര
സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിലൂടെ മായാജാലം തീർത്ത് ഇന്ത്യൻ വാഹന വിപണിയുടെ നെറുകയിലെത്തിയിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. രണ്ടാംതലമുറ ഥാർ മുതൽ ഇങ്ങോട്ട് പുറത്തിറക്കിയിരിക്കുന്ന ഓരോ മോഡലുകളും എല്ലാ തലത്തിലും ഒന്നിനൊന്നിന് മികവുറ്റതാണെന്ന് കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്. ഒപ്പം കൃത്യമായ ഇടവേളകളിൽ മോഡലുകളിലേക്ക് കൊണ്ടുവരുന്ന മാറ്റങ്ങളും കൂടിയായപ്പോൾ ഇമേജും വർധിച്ചു. ചീറ്റപ്പുലി പോലെയുള്ള XUV500 നിർത്തലാക്കി പകരക്കാരനായി XUV700 കൊണ്ടുവന്നതും ഇതിന്റെ പിൻഗാമിയായി വർഷങ്ങൾക്കുള്ളിൽ XUV 7XO അവതരിപ്പിച്ചതുമെല്ലാം എതിരാളികൾ വണ്ടറടിച്ചാണ് നോക്കി നിന്നത്.
ഇന്നോവയേക്കാൾ വിലക്കുറവും ഇന്നോവയേക്കാൾ ഫീച്ചറുകളുമുള്ള കിടിലനൊരു 7-സീറ്റർ ഫാമിലി കാറായി ആളുകൾ ഇതിനെ കണ്ടു. ഈ വർഷം ജനുവരിയിൽ വിപണിയിലെത്തിയ XUV 7XO എസ്‌യുവിയുടെ AX7, AX7L, AX7T തുടങ്ങിയ മുൻനിര വേരിയന്റുകൾ ഡെലിവറി ചെയ്യുന്നതിലായിരുന്നു ഇതുവരെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ 6 മാസങ്ങൾക്കിപ്പുറം ബേസ് AX വേരിയന്റിന്റെ വിതരണവും ആരംഭിച്ചിരിക്കുകയാണ് കമ്പനി.

6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രം ലഭ്യമായ XUV7XO AX പെട്രോൾ, AX ഡീസൽ വേരിയന്റുകൾക്ക് യഥാക്രമം 13.66 ലക്ഷം രൂപയും 14.96 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. കിടിലൻ ഡിസൈനിൽ വരുന്ന മോഡലിന്റെ എക്സ്റ്റീരിയർ അത്രയ്ക്ക് ബേസിക്കല്ലെന്ന് മഹീന്ദ്ര ഉറപ്പുവരുത്തിയിട്ടുണ്ട്. അതായത് അത്യാവിശ്യം പ്രീമിയംനെസ് വാഗ്ദാനം ചെയ്യുന്ന തരത്തിലാണ് പുറംമോടി ഒരുക്കിയിരിക്കുന്നതെന്ന് സാരം.
ഇന്റഗ്രേറ്റഡ് ഡിആർഎല്ലുകളുള്ള ബൈ-എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഫോളോ മി ഹെഡ്‌ലാമ്പ് ഫംഗ്ഷൻ, ഗ്ലോസ് ബ്ലാക്ക് ഫിനിഷിലുള്ള സിഗ്നേച്ചർ ഗ്രിൽ, ഫ്രണ്ട് ബമ്പർ ലോവർ ലിപ്പിൽ സിൽവർ ഗാർണിഷ് എന്നിവയെല്ലാം AX ബേസ് മോഡലിന്റെ എക്സ്റ്റീരിയറിൽ ലഭിക്കും. എൻട്രി ലെവൽ വേരിയന്റായതിനാൽ ADAS റഡാർ, ഫ്രണ്ട് ക്യാമറ, പാർക്കിംഗ് സെൻസറുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ, കോർണറിംഗ് ലൈറ്റുകൾ തുടങ്ങിയ ഒന്നിലധികം ഫങ്ഷണൽ ഫീച്ചറുകൾ മഹീന്ദ്ര ഒഴിവാക്കിയിട്ടുണ്ട്.

XUV7XO ബേസ് വേരിയന്റിൽ 17 ഇഞ്ച് സ്റ്റീൽ വീലുകൾ ബ്ലാക്ക് ഫിനിഷിലാണ് വരുന്നത്. ഇവയിൽ സിൽവർ ഫിനിഷിലുള്ള വീൽ കവറുകൾ ലഭ്യമാണെന്നതിനാൽ കാഴ്ച്ച മടുപ്പിക്കുന്നില്ല. വലിയ 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ വേണമെന്നുള്ള ഉപയോക്താക്കൾ AX7 അല്ലെങ്കിൽ അതിന് മുകളിലുള്ള വേരിയന്റുകൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. ടോപ്പ് വേരിയന്റിൽ 19 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.
ബേസ് വേരിയന്റിൽ ഫ്ലഷ് ഡോർ ഹാൻഡിലുകൾ ഉണ്ടെങ്കിലും ഇവ ഓട്ടോമാറ്റിക്കായി തുറക്കില്ല. വിൻഡോ ലൈനിൽ ഗ്ലോസ് ബ്ലാക്ക് ഫിനിഷ് നൽകിയിരിക്കുന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇതിലെ ORVM-കൾ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്നതാണെങ്കിലും ഇലക്ട്രിക്കലായി മടക്കാൻ കഴിയില്ല. പിൻഭാഗത്ത് ഷാർക്ക് ഫിൻ ആന്റിന, റൂഫ് മൗണ്ടഡ് സ്‌പോയിലർ, എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയാണ് ലഭിക്കുക.

ഇന്റീരിയർ വലിയൊരു ഹൈലൈറ്റാണ്. XUV 7XO എസ്‌യുവിയുടെ ബേസ് വേരിയന്റിൽ പോലും മഹീന്ദ്ര സമഗ്രമായ പ്രീമിയം സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. മൂന്ന് 12.3 ഇഞ്ച് സ്‌ക്രീനുകളുള്ള ഒരു കോസ്റ്റ് ടു കോസ്റ്റ് ട്രിപ്പിൾ സ്‌ക്രീൻ ലേഔട്ട്, 6 സ്പീക്കർ ഓഡിയോ സിസ്റ്റം, അഡ്രിനോക്സ്, സ്മാർട്ട് വാച്ച് കണക്റ്റിവിറ്റി, ചാറ്റ്ജിപിടിയുള്ള അലക്‌സ ബിൽറ്റ്-ഇൻ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ടൈപ്പ്-സി, ടൈപ്പ്-എ ചാർജിംഗ് പോർട്ടുകൾ, മൂന്നാം നിരയിൽ 12V ചാർജിംഗ് പോർട്ട് എന്നിയെല്ലാം വാങ്ങുന്നവർക്ക് ലഭിക്കും.
കൂടാതെ XUV 7XO ബേസ് വേരിയന്റിൽ സ്റ്റോറേജുള്ള ഫ്രണ്ട് ആംറെസ്റ്റ്, മാനുവലായി ഡിമ്മബിൾ ചെയ്യാവുന്ന ഡേ ആൻഡ് നൈറ്റ് IRVM, മൈക്രോ ഹൈബ്രിഡ് ടെക്നോളജി, റിയർ എസി വെന്റുകൾ എന്നിവയുമുണ്ട്. ഇലക്ട്രിക് പവർ സ്റ്റിയറിംഗ്, പുഷ് ബട്ടൺ സ്റ്റാർട്ട്, ടയർ പൊസിഷൻ ഡിസ്പ്ലേ, എല്ലാ ഡോറിലും പവർ വിൻഡോ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ക്രൂയിസ് കൺട്രോൾ, DAVINCI സസ്‌പെൻഷൻ സിസ്റ്റം എന്നിവ കൂടിയാവുമ്പോൾ ഇതൊരു ബേസ് വേരിയന്റാണെന്നേ പറയില്ല.
സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ ADAS ടെക്കൊന്നും ഇല്ലെങ്കിലും 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസെന്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ സുരക്ഷാ സന്നാഹങ്ങൾ മഹീന്ദ്ര XUV 7XO എസ്‌യുവിയുടെ ബേസ് AX വേരിയന്റിൽ പോലും ലഭിക്കുമെന്നത് സുരക്ഷയെ സംബന്ധിച്ച ആശങ്കയുള്ളവരെ പോലും വാഹനത്തിലേക്ക് അടുപ്പിക്കുന്ന കാര്യമാണ്.


Click it and Unblock the Notifications