ഫ്രോങ്ക്‌സിലെ കരുത്തൻ ടർബോ എഞ്ചിൻ ബ്രെസയിലേക്കും, ഫെയ്‌സ്‌ലിഫ്റ്റിലൂടെ ഞെട്ടിക്കാൻ മാരുതി
എസ്‌യുവി വിപണിയിൽ ശക്തമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. ഫ്രോങ്ക്സ്, ബ്രെസ, ഗ്രാൻഡ് വിറ്റാര, വിക്ടോറിസ്, ജിംനി തുടങ്ങിയ മോഡലുകളിലൂടെ ടാറ്റയ്ക്കും മഹീന്ദ്രയ്ക്കും കനത്ത വെല്ലുവിളി സൃഷ്ടിക്കുന്ന കമ്പനി ഇനിയും സജീവമായി പ്രവർത്തിക്കാൻ ഒരുങ്ങുകയാണ്. അടുത്തതായി ബ്രാൻഡിന്റെ സബ്-4 മീറ്റർ എസ്‌യുവിയായ ബ്രെസയെ കൂടുതൽ സുന്ദരനാക്കി പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് ബ്രാൻഡ്. അടുത്തിടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പത്ത് കാറുകളുടെ പട്ടികയിൽ നിന്നും ബ്രെസ പുറത്തായിരുന്നു. ഇവിടുന്ന് കരകയറാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി മാരുതി വരുന്നത്.
കുറച്ചുകാലമായി ഇന്ത്യൻ നിരത്തുകളിൽ മാരുതി സുസുക്കി ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ് പരീക്ഷിച്ചുവരികയാണ്. വരാനിരിക്കുന്ന പുത്തൻ മോഡലിൽ നിന്നും എന്താണ് നാം പ്രതീക്ഷിക്കേണ്ടതെന്ന് നോക്കിയാലോ? ഡിസൈനിന്റെ കാര്യത്തിൽ അടിസ്ഥാന രൂപം അതേപടി നിലനിർത്തിയാവും കമ്പനി പുതിയ ബ്രെസയ്ക്ക് രൂപംകൊടുക്കുക. എങ്കിലും പുതിയ ഫ്രണ്ട് ഗ്രിൽ, ഹെഡ്‌ലാമ്പുകൾ, ബമ്പർ എന്നിവയുമായാവും എസ്‌യുവി വരിക.

ഇതുകൂടാതെ പുതിയ അലോയ് വീലുകളും ഡോറുകളുടെ അടിഭാഗത്ത് പുതിയ ചാരനിറത്തിലുള്ള അലങ്കാരവും ഇടംപിടിക്കുമെന്നുമാണ് കരുതുന്നത്. എസ്‌യുവിയുടെ പിൻ ബമ്പറിലും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ ടെയിൽ ലാമ്പുകളിലും ചെറിയ മാറ്റങ്ങൾ കാണാൻ സാധ്യതയുണ്ട്. നിലവിലുള്ള മോഡലിന്റെ അതേ കളർ ഓപ്ഷനുകളിൽ തന്നെ നിലനിർത്തുമെങ്കിലും കൂടുതൽ ആകർഷകമാക്കാൻ വാഹനത്തിന് പുത്തൻ നിറങ്ങളും ഒരുക്കിയേക്കും.
എക്സ്റ്റീരിയറിലേത് പോലെ തന്നെ ഇൻ്റീരിയറിലും ചെറിയ മാറ്റങ്ങൾ കാണുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ക്യാബിന്റെ മൊത്തത്തിലുള്ള ലേഔട്ട് അതേപടി തുടരുമെങ്കിലും മാരുതി പുതുക്കിയ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വാഗ്ദാനം ചെയ്യും. മാരുതി വിക്ടോറിസ് എസ്‌യുവിയിൽ കണ്ട അതേ യൂണിറ്റായിരിക്കും ഇതെന്നതാണ് സന്തോഷം നൽകുന്ന കാര്യം. ഇതോടൊപ്പം വെന്റിലേറ്റഡ് സീറ്റുകൾ, ഫാബ്രിക് അപ്ഹോൾസ്റ്ററി, ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD) തുടങ്ങിയ ഫീച്ചറുകളുമുണ്ടാവും.

ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക് സൺറൂഫ്,വയർലെസ് ഫോൺ ചാർജർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, റിയർ എസി വെന്റുകൾ, 360-ഡിഗ്രി ക്യാമറ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ സവിശേഷതകളും പുതിയ മാരുതി സുസുക്കി ബ്രെസ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഭാഗമായിരിക്കും. സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ നിലവിലെ മോഡലിനേക്കാൾ മിടുക്കനായിരിക്കുമെന്ന് പ്രതീക്ഷിക്കാം.
ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗ് നേടിയിട്ടുള്ള ഇപ്പോഴത്തെ ബ്രെസയിൽ സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളെല്ലാം മാരുതി നൽകുന്നുണ്ട്. തുടർന്നും ഇത് പ്രതീക്ഷിക്കുന്നതിനൊപ്പം ബോഡിക്ക് കുറച്ചുകൂടി കരുത്ത് നൽകിയേക്കാം. എഞ്ചിൻ ഓപ്ഷനുകളുടെ കാര്യത്തിൽ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വലിയൊരു മാറ്റം കൊണ്ടുവരുമെന്നാണ് അറിയാൻ കഴിയുന്നത്.

ബ്രെസയുടെ നിലവിലെ പതിപ്പിൽ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ മാത്രമാണ് ലഭിക്കുന്നതെങ്കിൽ ഫെയ്‌സ്‌ലിഫ്റ്റിന്റെ വരവോടെ മാരുതി സുസുക്കി 1.0 ലിറ്റർ, ത്രീ സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിൻ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്രോങ്ക്സിൽ കാണുന്ന അതേ എഞ്ചിനായിരിക്കും ഇത്. ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ് 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനായിരിക്കും ഇതിൽ കൊണ്ടുവരിക.
ഈ ചെറിയ എഞ്ചിൻ എസ്‌യുവിയെ നിലവിലെ 40 ശതമാനം നിരക്കിന് പകരം 18 ശതമാനം കുറഞ്ഞ ജിഎസ്ടി നിരക്കിന് യോഗ്യത നേടാൻ അനുവദിച്ചേക്കാം. എന്നിരുന്നാലും ബ്രെസ ടർബോയുടെ വില മാരുതിക്ക് ആക്രമണാത്മകമായി നിശ്ചയിക്കാൻ കഴിയുമോ എന്നത് കണ്ടറിയണം. കാരണം ടർബോ-പെട്രോൾ എഞ്ചിൻ നിലവിലുള്ള നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റിനേക്കാൾ വളരെ ചെലവേറിയതാണ്. എന്തായാലും ഈയൊരു മാറ്റം വിൽപ്പന കൂട്ടാൻ സഹായിക്കുമെന്നതിൽ തർക്കം വേണ്ട.
മാരുതി സുസുക്കി ബ്രെസ സിഎൻജി ഓപ്ഷൻ തുടർന്നും നൽകുന്നതായിരിക്കും. കഴിഞ്ഞ വർഷം പുറത്തിറക്കിയ വിക്ടോറിസിനെ പോലെ ബ്രെസയിലും അണ്ടർബോഡി സിഎൻജി ടാങ്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതുവഴി ബൂട്ട് സ്പേസ് ലാഭിക്കാനും കമ്പനിക്കാവും. ഇപ്പോൾ 8.26 ലക്ഷം രൂപയിൽ ആരംഭിച്ച് 13.01 ലക്ഷം രൂപ വരെയാണ് എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. പുതിയ ോഡലിന് വില അൽപം ഉയരുമെന്നാണ് വിലയിരുത്തൽ.


Click it and Unblock the Notifications