ഞെട്ടിക്കാൻ ഫ്രോങ്ക്‌സ്! ഹൈബ്രിഡ് എഞ്ചിൻ ഉൾപ്പടെ മാരുതി എസ്‌യുവിയിലേക്ക് മൂന്ന് വലിയ മാറ്റങ്ങൾ വരുന്നു
പത്ത് ലക്ഷം രൂപ ബജറ്റിൽ കാർ നോക്കുന്ന പല സാധാരണക്കാരന്റേയും ആദ്യ ലിസ്റ്റിൽ ഉണ്ടാവുന്ന പേരായിരിക്കും മാരുതി സുസുക്കിയുടെ കൂപ്പെ സ്റ്റൈൽ ക്രോസ്ഓവർ എസ്‌യുവിയായ ഫ്രോങ്ക്‌സ് (Maruti Fronx). ജിംനി പൊട്ടിപാളീസായെങ്കിലും ഓഫ്-റോഡറിനൊപ്പം സർപ്രൈസായി അവതരിപ്പിച്ച മോഡൽ ജനഹൃദയങ്ങൾ കീഴടക്കുന്ന കാഴ്ച്ചയാണ് കാണാനായത്. സർപ്രൈസ് ഹിറ്റടിച്ച ഫ്രോങ്ക്‌സ് ഇന്നും ഓരോ മാസവും പതിനായിരക്കണക്കിന് യൂണിറ്റുകൾക്ക് മുകളിലാണ് വിറ്റഴിക്കുന്നത്. ഉഗ്രൻ ഡിസൈൻ, മോഡേൺ ഫീച്ചറുകൾ, പ്രായോഗികത, മൈലേജ്, താങ്ങാനാവുന്ന വില എന്നിവയെല്ലാം ഒത്തൊരുമിച്ചെത്തിയത് തന്നെയാണ് ഇത്രയധികം ഹിറ്റടിക്കാൻ കാരണമായത്.
2023 മാർച്ചിൽ ഇന്ത്യയിൽ പുറത്തിറക്കിയ മോഡലിന് പുതിയൊരു മാറ്റം കൊണ്ടുവരാൻ സമയമായിട്ടുണ്ടെന്ന് മാരുതി കൃത്യമായി മനസിലാക്കിയിട്ടുണ്ട്. ചെറിയ വില വർധനവും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി ചേർത്തതും ഒഴികെ കോംപാക്‌ട് ക്രോസ്ഓവറിന് ഇതുവരെ കാര്യമായ അപ്‌ഡേറ്റുകളൊന്നും ലഭിച്ചിട്ടില്ല. അതിനാൽ ഈ വർഷം തന്നെ കാറിന്റെ പുത്തനൊരു പതിപ്പ് എത്തുമെന്നാണ് വിവരം.

2026-2027 കാലയളവിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഫ്രോങ്ക്‌സിനായി മൂന്ന് പ്രധാന അപ്‌ഡേറ്റുകളാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ ആസൂത്രണം ചെയ്തിരിക്കുന്നത്. അത് എന്തെല്ലാമാണെന്ന് ഈ ലേഖനത്തിലൂടെ വിശദമായി നിങ്ങൾക്ക് പറഞ്ഞുതരാം. പുതിയൊരു ഫ്രോങ്ക്‌സ് വാങ്ങാൻ പ്ലാനിട്ടിരിക്കുന്നവരാണ് നിങ്ങളെങ്കിൽ അൽപം വെയ്റ്റ് ചെയ്‌താൽ കൂടുതൽ മിടുക്കനായ മോഡലിനെ വീടിന്റെ മുറ്റത്തെത്തിക്കാം കേട്ടോ.
വരാനിരിക്കുന്ന പുതിയ ഫ്രോങ്ക്‌സിലേക്ക് എത്തുന്ന ആദ്യ മാറ്റം ഫ്ലെക്സ് ഫ്യുവൽ എഞ്ചിനായിരിക്കാം. കഴിഞ്ഞ വർഷത്തെ ജപ്പാൻ മൊബിലിറ്റി ഷോയിൽ അനാച്ഛാദനം ചെയ്ത ഈ പതിപ്പ് ഈ വർഷത്തോടെ ഇന്ത്യയിലേക്ക് എത്താൻ സാധ്യതയുണ്ട്. ഡിസൈനും മറ്റ് രൂപവുമെല്ലാം നിലവിലെ മോഡലിന് സമാനമാണെങ്കിലും വേഗത്തിൽ തിരിച്ചറിയുവാനായി നിയോൺ ബോഡി ഗ്രാഫിക്‌സ് കമ്പനി ഉപയോഗിച്ചിട്ടുണ്ടെന്നതാണ് എക്സ്റ്റീരിയറിനെ വേറിട്ടുനിർത്തുന്ന കാര്യം.

മാരുതി സുസുക്കി ഫ്ലെക്സ് ഫ്യുവൽ ഫ്രോങ്ക്സിന്റെ എഞ്ചിൻ വിശദാംശങ്ങൾ ഇപ്പോഴും രഹസ്യമാക്കി വെച്ചിരിക്കുകയാണെങ്കിലും സുസുക്കി വികസിപ്പിച്ചെടുത്ത 1.2 ലിറ്റർ അല്ലെങ്കിൽ 1.5 ലിറ്റർ ഫ്ലെക്സ് ഫ്യുവൽ അനുയോജ്യമായ എഞ്ചിൻ ഇതിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ ഇന്ത്യൻ വാഹന വിപണിയിൽ വലിയൊരു തുടക്കത്തിനാവും രാജ്യത്തെ നമ്പർ വൺ ബ്രാൻഡ് തുടക്കം കുറിക്കുക.
മാരുതി സുസുക്കി സ്വന്തമായി വികസിപ്പിച്ചെടുത്ത സീരീസ് സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിൻ അവതരിപ്പിക്കുന്ന ആദ്യത്തെ മോഡലായിരിക്കും ഫ്രോങ്ക്സ് എന്നതാണ് രണ്ടാമത്തെ വലിയ മാറ്റമായി പ്രതീക്ഷിക്കുന്നത്. ഇതിൽ 1.2 ലിറ്റർ Z-സീരീസ് പെട്രോൾ എഞ്ചിൻ (Z12E) ഉണ്ടാകുമെന്നാണ് വിവരം. ഇത് ഒരു ജനറേറ്ററായി പ്രവർത്തിക്കും. അതേസമയം വീലുകൾക്ക് കരുത്തേകാൻ ഒരു ഇലക്ട്രിക് മോട്ടോർ ആയിരിക്കും ഘടിപ്പിക്കുക.

ഫ്രോങ്ക്‌സ് സ്ട്രോംഗ് ഹൈബ്രിഡിലെ ബാറ്ററി പായ്ക്കിന്റെ വലിപ്പം 1.5kWh മുതൽ 2kWh വരെയാകാൻ സാധ്യതയുണ്ട്. ഇത് എനർജി സംഭരിക്കുകയും മോട്ടോറിലേക്ക് എത്തിക്കുകയും ചെയ്യും. പുറത്തുവരുന്ന മാധ്യമ റിപ്പോർട്ടുകൾ പ്രകാരം കോംപാക്‌ട് ക്രോസ്ഓവർ ഏകദേശം 35 കിലോമീറ്റർ ഇന്ധനക്ഷമത വാഗ്ദാനം ചെയ്തേക്കാമെന്നതാണ് ഇന്ത്യക്കാരെ മോഹിപ്പിക്കുന്ന കാര്യം. ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള എസ്‌യുവിയായി ഫ്രോങ്ക്‌സ് മാറുകയും ചെയ്യും.
അടുത്തിടെ ഫ്രോങ്ക്സ് ടെസ്റ്റ് മ്യൂൾ ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിംഗ് അതായത് ലിഡാർ സെൻസറുകൾ ഉപയോഗിച്ച് ഒന്നിലധികം തവണ പരീക്ഷണം നടത്തുന്നത് കണ്ടെത്തിയിരുന്നു. ഇത് വാഹനത്തിലേക്ക് ഓട്ടോണമസ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) കൂട്ടിച്ചേർക്കുന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, റിയർ ക്രോസ് ട്രാഫിക് അലേർട്ട് തുടങ്ങിയ ADAS സവിശേഷതകൾ ഉൾക്കൊള്ളുന്ന ഏറ്റവും താങ്ങാനാവുന്ന മാരുതി സുസുക്കി മോഡലായി ഇത് മാറും.


Click it and Unblock the Notifications








