ടൊയോട്ടയുടെ അപരനെ ഒതുക്കി! കുറ്റംപറയാനില്ലാത്ത മാരുതി എസ്‌യുവിയുടെ വിൽപ്പന വീണ്ടും ഗ്രാൻഡായി
ശരിക്കും ഒരമ്മ പെറ്റ മക്കളാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറും മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയും (Maruti Suzuki Grand Vitara SUV). എല്ലാം അടിമുടി പങ്കുവെക്കുന്ന കാഴ്ച്ചയിൽ സമാനകളില്ലാത്ത ഇരട്ടകൾ എന്ന് ഇവരെ വിശേഷിപ്പിക്കാനാവും. ഇരുബ്രാൻഡുകളും സംയുക്തമായി ഇന്ത്യയ്ക്ക് വേണ്ടി പണികഴിപ്പിച്ച മിഡ്-സൈസ് എസ്‌യുവികൾ വിപണിയിലെത്തിയപ്പോൾ ശത്രുക്കളായി മാറുന്ന കാഴ്ച്ചയാണ് കാണാനായത്. തുടക്കത്തിൽ ഗ്രാൻഡ് വിറ്റാര വിൽപ്പനയിൽ കുതിച്ചുപാഞ്ഞു. എന്നാൽ അടുത്തിടെയായി ഹൈറൈഡർ വിപണിയിൽ വിസ്മയം തീർക്കുകയായിരുന്നു. എന്നാൽ അപരനെ ഒതുക്കിക്കൊണ്ട് മാരുതി എസ്‌യുവി വീണ്ടും മുന്നിലോടിയിരിക്കുകയാണ്.
2026 മെയ് മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ ഗ്രാൻഡ് വിറ്റാരയുടെ 9,366 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. അതായത് കഴിഞ്ഞ വർഷം ഇതേ മാസത്തെ 5,197 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ 80 ശതമാനത്തിന്റെ വളർച്ചയാണ് എസ്‌യുവിയുടെ വാർഷിക വിൽപ്പനയിലുണ്ടായിരിക്കുന്നതെന്ന് സാരം. അതേസമയം ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന് പോയ മാസം 8,664 യൂണിറ്റുകളാണ് വിറ്റഴിക്കാനായത്.

അടുത്തിടെ വമ്പൻ ഓഫറുകൾ അണിനിരത്തി ഗ്രാൻഡ് വിറ്റാരയെ കൂടുതൽ ആളുകളിലേക്ക് അടുപ്പിക്കാൻ മാരുതി സുസുക്കിക്ക് സാധിച്ചിരുന്നു. ഇതുതന്നെയാവാം വിൽപ്പന കൂടാനും കാരണമായിരിക്കുന്നത്. ഇപ്പോൾ മെയ് മാസത്തേക്കായും കിടിലൻ ആനുകൂല്യങ്ങൾ അണിനിരത്തിയാണ് തങ്ങളുടെ മിഡ്-സൈസ് എസ്‌യുവിയെ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ വിറ്റഴിക്കുന്നത്. അതും ബേസ് മോഡലിൽ വരെ ആകർഷകമായ ഓഫറുകൾ ബ്രാൻഡ് നൽകുന്നുണ്ട്.
10,76,500 രൂപ എക്സ്ഷോറൂം വിലയുള്ള മാരുതി ഗ്രാൻഡ് വിറ്റാരയുടെ ബേസ് വേരിയന്റ് ഇപ്പോൾ 3 ലക്ഷം രൂപയിൽ കൂടുതൽ ഓഫറുകളോടെ വീട്ടിലെത്തിക്കാനാവും. റോഡ് ടാക്‌സ് ഇളവ് ഇനത്തിൽ 1.85 ലക്ഷം രൂപ വരെയും, വിവിധ ബോണസുകളായി 90,000 രൂപ വരെയും, 5 വർഷത്തെ സൗജന്യ എക്സ്റ്റൻഡഡ് വാറണ്ടിയിൽ 35,000 രൂപയിലധികം വരെയും ഉപഭോക്താക്കൾക്ക് ലാഭിക്കാനുള്ള അവസരമാണ് 2026 മെയ് മാസത്തിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

10.77 ലക്ഷം മുതൽ 19.57 ലക്ഷം രൂപ വരെയാണ് നിലവിൽ ഗ്രാൻഡ് വിറ്റാരയുടെ എക്സ്ഷോറൂം വില വരുന്നത്. 1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ, 1.5 സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളോടെയാണ് എസ്‌യുവി തെരഞ്ഞെടുക്കാനാവുക. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ മൈൽഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ 102 bhp പവറിൽ പരമാവധി 137 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
ഇതിൽ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളാണുള്ളത്. ഇതിനൊപ്പം സിഎൻജി പവർട്രെയിൻ, ഓൾ-വീൽ ഡ്രൈവ് എന്നീ സവിശേഷതകളും മാരുതി വാഗ്ദാനം ചെയ്യുന്നുണ്ട്. മറുവശത്ത് eCVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന ഗ്രാൻഡ് വിറ്റാരയുടെ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിന് 113 bhp പവറിൽ 122 Nm ടോർക്ക് നൽകുന്ന തരത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.

ഗ്രാൻഡ് വിറ്റാരയുടെ ഹൈബ്രിഡ് മോഡലുകൾ ലിറ്ററിന് 27.97 കിലോമീറ്റർ മൈലേജും മൈൽഡ് ഹൈബ്രിഡ് വേരിയന്റുകൾ ലിറ്ററിന് 19.38 കിലോമീറ്ററും ഇന്ധനക്ഷമതയുമാണ് അവകാശപ്പെടുന്നത്. അതേസമയം സിഎൻജി പതിപ്പുകൾക്ക് 26.6 കിലോമീറ്റർ ഇന്ധനക്ഷമത വരെയാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്. സുസുക്കിയുടെ ഗ്ലോബൽ സി പ്ലാറ്റ്‌ഫോമിലാണ് ഗ്രാൻഡ് വിറ്റാര നിർമിച്ചിരിക്കുന്ന എസ്‌യുവിക്ക് മൊത്തത്തിൽ 4,345 mm നീളവും 1,795 mm വീതിയും 1,645 mm ഉയരവുമാണുള്ളത്.
അതേസമയം ഗ്രൗണ്ട് ക്ലിയറൻസ് 210 മില്ലീമീറ്ററാണ്. സ്റ്റാൻഡേർഡ് പെട്രോൾ, സിഎൻജി വേരിയന്റുകൾ 373 ലിറ്റർ ബൂട്ട് സ്പേസ് വാഗ്ദാനം ചെയ്യുമ്പോൾ. ബാറ്ററി ഫ്ലോറിനടിയിൽ സ്ഥാപിക്കുന്നതിനാൽ സ്ട്രോംഗ് ഹൈബ്രിഡ് മോഡലിന് 265 ലിറ്റർ ശേഷി മാത്രമാണുള്ളത്. ചില മൈൽഡ്-ഹൈബ്രിഡ് വേരിയന്റുകളിൽ മെച്ചപ്പെട്ട ട്രാക്ഷനായി സ്നോ, സ്പോർട്ട് പോലുള്ള തിരഞ്ഞെടുക്കാവുന്ന ഡ്രൈവ് മോഡുകളും പ്രത്യേകതയാണ് കേട്ടോ.


Click it and Unblock the Notifications