ഹൈക്രോസ് വേണമെന്ന വാശി ഇതുകേട്ടാൽ മാറും! 24 KM മൈലേജുള്ള മാരുതിയുടെ 8-സീറ്ററിന് ലക്ഷങ്ങൾ വിലക്കുറവ്
ഇന്ത്യൻ വിപണിയിൽ ടൊയോട്ടയും മാരുതി സുസുക്കിയും കൈകൊടുത്തത് തുടക്കത്തിൽ വലിയ കല്ലുകടി ആരാധകരിലുണ്ടാക്കിയിരുന്നുവെങ്കിലും ഇപ്പോൾ ഈ കൂട്ടുകെട്ടിന്റെ ആരാധകരാണ് പലരും. ടൊയോട്ടയുടെ ബാഡ്‌ജിലുള്ള കാറുകൾ വിലക്കുറച്ച് വാങ്ങാൻ കിട്ടിയ അവസരം ഇന്ത്യക്കാർ വേണ്ടുവോളം ഉപയോഗിക്കുന്നുമുണ്ട്. അതുപോലെ ഒരു അവസരം പക്ഷേ മാരുതിക്ക് കിട്ടിയപ്പോൾ ആളുകൾ കാര്യമായി തിരിഞ്ഞുനോക്കിയില്ലെന്നതാണ് സത്യം. ഇന്നോവയുടെ ഏറ്റവും പുതുതലമുറ മോഡലായ ഹൈക്രോസ് മാരുതിയുടെ കുപ്പായത്തിൽ എത്തിയപ്പോൾ ആളുകൾക്ക് പൂർണമായും ദഹിച്ചില്ല. മാരുതി സുസുക്കിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്‌സയിലെ ഫ്ലാഗ്ഷിപ്പ് എംപിവിയായിട്ടാണ് ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീബാഡ്‌ജ് മോഡലായ ഇൻവിക്റ്റോ വിലസുന്നത്.
വലിയ പ്രതീക്ഷകളോടെയാണ് മാരുതിയുടെ ശൈലിയിൽ പുനർനിർമിച്ച് ഈ 8-സീറ്റർ മൾട്ടി പർപ്പസ് വാഹനം വിപണനത്തിന് എത്തിച്ചത്. എന്നാൽ കാര്യമായ രീതിയിൽ വിറ്റഴിയാഞ്ഞതോടെ മിക്ക മാസങ്ങളിലും വലിയ ഓഫറിലാണ് ഇൻവിക്റ്റോ വിപണനം ചെയ്യുന്നത്. ഏറ്റവും ആഡംബര പൂർണവും വിലയേറിയതുമായ കാറാണെങ്കിലും ജനുവരിയിൽ ഈ വലിയ 8-സീറ്റർ എംപിവി വാങ്ങാൻ അധികമാരും തയാറാവുന്നില്ല.

പക്ഷേ ടൊയോട്ട ഇന്നോവ ഹൈക്രോസിൽ കണ്ണുടക്കി നിൽക്കുന്നവർക്ക് ചെറിയ വിട്ടുവീഴ്ച്ച ചെയ്‌താൽ ലക്ഷങ്ങൾ പോക്കറ്റിലിരിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. 2026 മെയ് മാസത്തിൽ ടൊയോട്ട ഹൈക്രോസിൻ്റെ റീബാഡ്‌ജ് മോഡലായ മാരുതി ഇൻവിക്റ്റോ വാങ്ങുന്നവർക്ക് 2.15 ലക്ഷം രൂപ വരെ ലാഭിക്കാൻ അവസരം ലഭിക്കുന്നതാണ്.
ഇന്നോവ ഹൈക്രോസിനായി അധിക പണം മുടക്കാൻ താത്പര്യമില്ലാത്തവർക്ക് അതേ വണ്ടി വേറെൊരു ലുക്കിൽ ലാഭത്തിൽ വാങ്ങാൻ മാരുതി സുസുക്കി നെക്‌സ ഷോറൂമിലേക്ക് ചെന്നാൽ മതിയാവും. മാസങ്ങൾ കാത്തിരിക്കാനോ 3-4 ലക്ഷം രൂപ കൂടുതൽ നൽകാനോ താൽപ്പര്യമില്ലെങ്കിൽ മാരുതി സുസുക്കി ഇൻവിക്റ്റോ കണ്ണുംപൂട്ടി വാങ്ങിക്കാം. രണ്ടും ഒരേ വാഹനം തന്നെയാണെന്ന കാര്യം ഓർത്താൽ ലക്ഷങ്ങൾ പോക്കറ്റിലിരിക്കുമെന്നത് ആർക്കും ഉപകാരപ്പെടുന്ന കാര്യമാണ്.

ഒരേ പ്ലാറ്റ്‌ഫോമിൽ നിർമിച്ചതും, അതേ ഹൈബ്രിഡ് എഞ്ചിനും ഏതാണ്ട് സമാനമായ കാര്യക്ഷമതയും ഉള്ളതുമായ ഇൻവിക്റ്റോ ഇപ്പോൾ ഇത്രയും വലിയ ആനുകൂല്യങ്ങളോടെ സ്വന്തമാക്കാനാവുന്ന അവസരം നഷ്ടപ്പെടുത്തരുത്. ഇൻവിക്ടോ പ്രീമിയം എംപിവിയുടെ എല്ലാ വേരിയന്റുകളിലും 2.15 ലക്ഷം രൂപ വരെയുള്ള മൊത്തം ആനുകൂല്യങ്ങളോടെ ലഭ്യമാണ്. ഇതിൽ 50,000 രൂപ കൺസ്യൂമർ ഓഫർ, 1 ലക്ഷം രൂപ വരെ എക്സ്ചേഞ്ച് ബോണസ്, 1.15 ലക്ഷം രൂപ വരെ സ്ക്രാപ്പേജ് ആനുകൂല്യം, 15,000 രൂപ കോർപ്പറേറ്റ് കിഴിവ് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ 24.97 ലക്ഷം മുതൽ 28.61 ലക്ഷം രൂപ വരെയാണ് മാരുതി ഇൻവിക്റ്റോയ്ക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഓഫറുകൾ സ്ഥലം, സ്റ്റോക്ക് ലഭ്യത എന്നിവയെ അനുസരിച്ച് വ്യത്യാസപ്പെടാൻ സാധ്യതയുണ്ട് കേട്ടോ. ആയതിനാൽ കൃത്യമായ ഓഫറുകൾ അറിയാൻ നിങ്ങളുടെ ഏറ്റവും അടുത്തുള്ള മാരുതി സുസുക്കി നെക്‌സ ഡീലർഷിപ്പുമായി ബന്ധപ്പെട്ട് ഓഫറിന് സാധുതയുണ്ടോയെന്ന് ഒന്ന് വെറുതേ അന്വേഷിച്ചേക്ക്.

ഇങ്ങനെ ഓഫറിൽ വാങ്ങിയാൽ ടൊയോട്ട ഇന്നോവ ഹൈക്രോസ് വാങ്ങുന്നതിനേക്കാൾ 3-4 ലക്ഷം രൂപ വിലക്കുറവിൽ അതേ വാഹനമായ ഇൻവിക്റ്റോ സ്വന്തമാക്കാം. ഹൈക്രോസിനേക്കാൾ മാരുതി മോഡലിന് വില കുറയാൻ കാരണം ADAS പോലുള്ള ഫീച്ചറുകൾ ഒഴിവാക്കിയതിനാലാണ്. അതായത് ഇന്നോവയ്ക്ക് ഉയർന്ന ട്രിമ്മുകളിൽ ADAS, ഒട്ടോമൻ സീറ്റുകൾ പോലുള്ള ചില പ്രീമിയം ടച്ചുകൾ ലഭിക്കുമ്പോൾ മാരുതി ഇതെല്ലാം ഒഴിവാക്കിയാണ് വാഹനം വിപണനത്തിന് എത്തിക്കുന്നത്.
എങ്കിലും ടൊയോട്ടയുടെ സ്ട്രോംഗ് ഹൈബ്രിഡ് ടെക്നോളജി വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന 2.0 ലിറ്റർ, ഫോർ സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് ഇൻവിക്റ്റോയ്ക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. e-CVT ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുമായി വരുന്ന എംപിവിക്ക് പരമാവധി 184 bhp കരുത്ത് വരെ നിർമിക്കാനാവുമെന്നാണ് മാരുതി സുസുക്കി പറയുന്നത്. ഹൈബ്രിഡായതിനാൽ തന്നെ ലിറ്ററിന് 23.24 കിലോമീറ്റർ മൈലേജും ഈ വലിയ 8 സീറ്ററിൽ ലഭിക്കുന്നതാണ്.


Click it and Unblock the Notifications