വെറും 3.49 ലക്ഷം മുതൽ മതി, ഇപ്പോൾ വാങ്ങിക്കാൻ പറ്റിയ ഏറ്റവും കുറഞ്ഞ വിലയുള്ള ഇന്ത്യൻ കാറുകൾ
ഒരു കാർ വാങ്ങുകയെന്ന സ്വപ്‌നവും പേറിനടക്കുന്ന അനേകം ആളുകൾക്ക് നമുക്ക് ചുറ്റുമുണ്ട്. പണ്ടുകാലങ്ങളെ അപേക്ഷിച്ച് വാഹനം വാങ്ങുകയെന്നത് വളരെ എളുപ്പമായിട്ടുണ്ടെങ്കിലും അതിനുള്ള പണം കണ്ടെത്തുക എന്നത് ഇന്നും മിക്കവർക്കും ബാലികേറാമലയാണ്. എങ്കിലും വീട്ടിൽ കാറുള്ളത് പലവിധ ഉപകാരമാണെന്നതിനാൽ ആളുകൾ എങ്ങനെയും വാങ്ങാൻ ശ്രമിക്കുന്നുണ്ട്. സെക്കൻഡ് ഹാൻഡ് വാങ്ങി പണികിട്ടിയാലോ എന്നുകരുതി പുതിയത് വാങ്ങുന്നവരും ഒരുപാടുണ്ട്. ഒരു കാർ വെറും ഒരു യന്ത്രമല്ല, മറിച്ച് രാത്രിയിലെ യാത്രകളിൽ നിങ്ങളുടെ സുഹൃത്ത്, മഴയിലും കഠിനമായ വെയിലിലും താങ്ങായി നിൽക്കുന്നവൻ, കുടുംബവുമായി ഒന്നിച്ചുള്ള യാത്രകളിൽ സുരക്ഷ ഒരുക്കുന്നവൻ കൂടിയാണ് കാറുകൾ.
സാധാരണക്കാരന് പുതുതായി കാർ വാങ്ങുന്നത് വലിയ സന്തോഷം തന്നെയാണ്. ഇന്ന് ഇന്ത്യയിൽ താങ്ങാനാവുന്ന വിലയിൽ ഒരുപാട് നല്ല കാറുകളും വാങ്ങാൻ കിട്ടുന്നതിനാൽ തെരഞ്ഞെടുപ്പ് എളുപ്പവുമാണ്. എങ്കിലും നമ്മുടെ രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയിൽ വിപണനത്തിന് എത്തുന്ന കാറുകൾ ഏതൊക്കെയെന്ന് അറിയാത്തവരും ധാരാളമുണ്ടാവും. അവർക്കായി ചെറിയ ബജറ്റിൽ കിട്ടുന്ന കാറുകൾ ഏതെല്ലാമെന്ന് പറഞ്ഞുതരാം.

മാരുതി എസ്-പ്രെസോ
ഇന്ന് ഇന്ത്യയിൽ വാങ്ങാൻ സാധിക്കുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള കാറാണ് മാരുതി സുസുക്കിയുടെ എസ്-പ്രെസോ. 3.49 ലക്ഷം രൂപ മുതൽ വില ആരംഭിക്കുന്ന ഈ ഹാച്ച്ബാക്ക് പെട്രോൾ, സിഎൻജി എഞ്ചിൻ ഓപ്ഷനോടെ സ്വന്തമാക്കാനാവും. പെട്രോളിൽ 24.12 കിലോമീറ്ററും കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസി 32.73 കിലോമീറ്റർ മൈലേജും നൽകാൻ ഈ കാറിനാവും. ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ VVT ടെക്‌നോളജി, ഐഡിൾ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യ എന്നിവ ഉള്‍ക്കൊള്ളുന്ന 1.0 ലിറ്റർ, ത്രീ സിലിണ്ടർ, K10C പെട്രോൾ എഞ്ചിനാണ് ഹൃദയം.
മാരുതി ആൾട്ടോ
പ്രത്യേകിച്ച് ആമുഖം ഒന്നും ആവശ്യമില്ലത്തൊരു കാറാണ് ലോർഡ് ആൾട്ടോ. പല സാധാരണക്കാരൻ്റേയും കാർ എന്ന സ്വപ്‌നം പൂവണിയിച്ച മോഡൽ ഇന്ന് സ്റ്റാൻഡേർഡായി തന്നെ 6 എയർബാഗുകളോടെയാണ് വിപണനത്തിന് എത്തുന്നത്. 3.70 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില വരുന്ന ആൾട്ടോയും പെട്രോളിലും സിഎൻജിയിലും വാങ്ങാനാവും. പെട്രോളിൽ 24.39 കിലോമീറ്ററും സിഎൻജിയിൽ 33.85 കിലോമീറ്ററും മൈലേജാണ് ഇതിന് നൽകാനാവുക. 1.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഹാച്ച്ബാക്കിന് തുടിപ്പേകാൻ എത്തുന്നത്.

റെനോ ക്വിഡ്
മാരുതിയുടെ എൻട്രി ലെവൽ കാറുകളുടെ വില്ലനായി അവതരിച്ചവനാണ് റെനോയുടെ ക്വിഡ്. 4.30 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില ആരംഭിക്കുന്ന മോഡൽ ശരിക്കും ആദ്യ കാർ വാങ്ങുന്നവർക്ക് നല്ലൊരു ഓപ്ഷൻ തന്നെയാണ്. വളരെ താങ്ങാനാവുന്ന വിലയുള്ള കാറാണെങ്കിലും മോഡേൺ ഫീച്ചറുകളെല്ലാം കുത്തിനിറച്ചാണ് റെനോ ക്വിഡിനെ വിപണിയിൽ എത്തിക്കുന്നത്. 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനോടെ വരുന്ന മോഡലിന് ലിറ്ററിന് 21.7 കിലോമീറ്റർ വരെ ഇന്ധനക്ഷമതയും അവകാശപ്പെടാനുണ്ട്.
ടാറ്റ ടിയാഗോ
കുറഞ്ഞ വിലയിൽ നല്ല സേഫ്റ്റിയുള്ള കാറുകൾ നോക്കുന്നവർക്ക് പറ്റിയ മോഡലാണ് ടാറ്റ ടിയാഗോ. മാരുതികളെ പോലെ പെട്രോളിലും സിഎൻജിയിലും വാങ്ങിക്കാനാവുന്ന ഈ കോംപാക്‌ട് ഹാച്ച്ബാക്കിന് 4.57 ലക്ഷം മുതലാണ് വില വരുന്നത്. 1.2 ലിറ്റർ എഞ്ചിനുമായി വരുന്ന ടിയാഗോയുടെ പെട്രോളിന് 19.0 കിലോമീറ്റർ മൈലേജും കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ 28.06 കിലോമീറ്റർ മൈലേജുമാണ് ടാറ്റ മോട്ടോർസ് പറയുന്നത്.

മാരുതി സെലേറിയോ
മികച്ച മൈലേജും കുറഞ്ഞ വിലയും കുറഞ്ഞ മെയിൻ്റനെൻസ് കോസ്റ്റും ആഗ്രഹിക്കുന്ന എൻട്രി ലെവൽ കാർ തിരയുന്നവർക്ക് നിസംശയം വീട്ടിലെത്തിക്കാനാവുന്ന കാറാണ് സെലേറിയോ. 4.70 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വിലയുള്ള മോഡലിന് സിഎൻജി സപ്പോർട്ടുള്ള 1.0 ലിറ്റർ K-സീരീസ് പെട്രോൾ എഞ്ചിനാണുള്ളത്. ഒരു കിലോ സിഎൻജിയിൽ 32.85 കിലോമീറ്റർ ഇന്ധനക്ഷമതയാണ് സെലേറിയോ സിഎൻജി വാഗ്‌ദാനം ചെയ്യുന്നത്. അതേസമയം പെട്രോളിൽ 25.24 കിലോമീറ്ററും ലഭിക്കും.
മാരുതി ഈക്കോ
കുറഞ്ഞ വില, ഉയർന്ന മൈലേജ്, 7 പേർക്കോളം സഞ്ചരിക്കാനാവുന്ന സൌകര്യങ്ങൾ ഒന്നിച്ച് കിട്ടുന്ന ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള മൾട്ടി പർപ്പസ് വാഹനമാണ് മാരുതി ഈക്കോ. നിലവിൽ മാരുതി സുസുക്കി ഈക്കോയുടെ എൻട്രി ലെവൽ വേരിയൻ്റിൻ്റെ വില 5.21 ലക്ഷം രൂപ മാത്രമാണ്. സിഎൻജിയിലും പ്രവർത്തിക്കാൻ കഴിവുള്ള 1.2 ലിറ്റർ K-സീരീസ് ഡ്യുവൽ-ജെറ്റ് വിവിടി പെട്രോൾ എഞ്ചിനാണ് ഇതിൻ്റെ ഹൃദയം. പെട്രോളിൽ 19.71 കിലോമീറ്ററും സിഎൻജിയിൽ 26.78 കിലോമീറ്ററും മൈലേജ് നൽകുമെന്നാണ് കമ്പനി പറയുന്നത്.
റെനോ ട്രൈബർ
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള കാറുകളുടെ പട്ടികയിൽ ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുടെ ട്രൈബർ എംപിവിയും ഇടംപിടിക്കുന്നുണ്ട്. 5.76 ലക്ഷം മുതൽ വില ആരംഭിക്കുന്ന ഈ മിടുക്കൻ കുറഞ്ഞ മെയിൻ്റനെൻസുള്ള ഉഗ്രനൊരു ഫാമിലി കാറാണ്. 1.0 ലിറ്റർ 3-സിലിണ്ടർ NA പെട്രോൾ എഞ്ചിൻ പ്രവർത്തുന്ന മോഡലിന് പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 20 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റുകള്‍ ഏകദേശം 18.2 കിലോമീറ്ററും മൈലേജ് തരും


Click it and Unblock the Notifications








