പണംവാരി മാരുതി, കഴിഞ്ഞ 9 മാസത്തിൽ വിറ്റത് 17.46 ലക്ഷം കാറുകൾ; കൊതിയോടെ നോക്കിനിന്ന് എതിരാളികൾ
ഇന്ത്യയിലെ വാഹന വിപണിയിൽ എന്ത് പരീക്ഷണം കൊണ്ടുവന്നാലും വിജയിപ്പിച്ചെടുക്കാൻ പ്രത്യേക കഴിവുള്ളവരാണ് മാരുതി സുസുക്കി. എന്ത് സേഫ്റ്റിയില്ലെന്ന് പറഞ്ഞാലും വിശ്വാസിച്ച് സാധാരണക്കാരന് കാർ വാങ്ങണമെങ്കിൽ മാരുതി തന്നെ വേണം. പിന്നെ പണ്ടത്തേത് പോലെയല്ലല്ലോ ഇപ്പോൾ ബ്രാൻഡിൻ്റെ മിക്ക കാറുകളിലും 6 എയർബാഗുകൾ സ്റ്റാൻഡേർഡായി തന്നെ ലഭ്യവുമാണ്. ഒപ്പം നിർമാണ നിലവാരത്തിലും മാറ്റമുണ്ടായിട്ടുണ്ട്. അതുകൊണ്ട് ഇപ്പോൾ മാരുതി വാങ്ങാൻ വരി നിൽക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. വെറുതെ പറയുന്നതല്ല കേട്ടോ. 2025-26 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദം ചരിത്രപരമായ റെക്കോർഡ് അടിച്ചെടുത്തിരിക്കുകയാണ് കമ്പനിയിപ്പോൾ.
വിൽപ്പന, വരുമാനം, ലാഭം എന്നിവയിലെ എക്കാലത്തെയും മികച്ച ത്രൈമാസ പ്രകടനവും ഒമ്പത് മാസത്തെ എക്കാലത്തേയും മികച്ച വിൽപ്പനയുമാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് നേടിയെടുത്തിരിക്കുന്നത്. 2025 ഡിസംബർ വരെയുള്ള 2025-26 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദം 17,46,504 കാറുകളുടെ വിൽപ്പനയാണ് ബ്രാൻഡ് നേടിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിൽപ്പന 16,29,631 യൂണിറ്റായിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര കാർ നിർമാതാക്കളായ മാരുതിയുടെ ബലേനോയ്ക്കും ജിംനിക്കും ലഭിച്ച മികച്ച സ്വീകാര്യതയുടെ ഫലമായി ഇക്കാലയളവിൽ കയറ്റുമതി സംഖ്യയും 3,10,559 യൂണിറ്റായി ഉയർന്നു. 2024-25 സാമ്പത്തിക വർഷത്തിലെ ഒമ്പത് മാസ കാലയളവിൽ അറ്റ വിൽപ്പന 1,24,290 കോടി രൂപയായി ഉയർന്നിട്ടുണ്ടെന്നും ഗാഡിവാഡി റിപ്പോർട്ട് ചെയ്യുന്നു. ഈ കാലയളവിലെ അറ്റാദായം 1,08,549 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇത് 1,04,403 കോടി രൂപയായിരുന്നു.
ഒക്ടോബർ-ഡിസംബർ മാസങ്ങളിലെ കണക്കുകളിലേക്ക് കടക്കുമ്പോൾ മാരുതി സുസുക്കി തങ്ങളുടെ എക്കാലത്തെയും ഉയർന്ന പാദ ആഭ്യന്തര വിൽപ്പന നേടിയതായും കാണാം. 5,64,669 യൂണിറ്റ് വിൽപ്പനയായിരുന്നു ഈ മൂന്ന് മാസങ്ങളിലായി നേടിയത്. 2024-25 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തേക്കാൾ 97,676 യൂണിറ്റുകളുടെ കുത്തനെയുള്ള വാർഷിക വർധനവാണിത്. ഈ വളർച്ചയുടെ ഒരു പ്രധാന ഭാഗം എൻട്രി ലെവൽ വിഭാഗത്തിൽ നിന്നാണെന്നതും ശ്രദ്ധേയമായ കാര്യമാണ്.

18 ശതമാനം ജിഎസ്ടി പരിധിയിൽ വരുന്ന കാറുകൾ 68,328 അധിക യൂണിറ്റുകൾ വിറ്റഴിച്ചു. നികുതി കുറച്ചതിനെത്തുടർന്ന് വിലക്കുറവ് അനുഭവപ്പെട്ടതിനാൽ ആളുകളെല്ലാം ചെറുകാറുകൾ വാങ്ങാൻ കൂട്ടത്തോടെ എത്തിയെന്ന് വേണം മനസിലാക്കാൻ. ഉത്സവ സീസണിൽ ബ്രാൻഡിന് വലിയ നേട്ടമുണ്ടാക്കാൻ ജിഎസ്‌ടിയിലെ മാറ്റം സഹായിച്ചു. 2025-26 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ മൊത്തം വാഹന കയറ്റുമതി 6,67,769 യൂണിറ്റുകളായി എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി.
കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 5,66,213 യൂണിറ്റായിരുന്നു മറ്റ് രാജ്യങ്ങളിലേക്ക് കയറ്റിയയച്ച് വാഹനങ്ങളുടെ കണക്ക്. കയറ്റുമതി അളവ് 99,220 യൂണിറ്റുകളിൽ നിന്ന് 1,03,100 യൂണിറ്റായി ഉയർന്നത് മാരുതിയുടെ മെയ്‌ഡ് ഇൻ ഇന്ത്യ വാഹനങ്ങൾക്കും മൈലേജായിട്ടുണ്ട്. കണക്കുകളിലുണ്ടായ കുതിച്ചുചാട്ടം വരുമാനത്തിൽ ഗണ്യമായ വർധനവാണ് കൊണ്ടുവന്നത്. ത്രൈമാസ അറ്റ വിൽപ്പന 47,534 കോടി രൂപയായി ഉയർന്നുവെന്നാണ് കമ്പനി പറയുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിൽ രേഖപ്പെടുത്തിയ 36,802 കോടി രൂപയിൽ നിന്ന് മൊത്തം വിൽപ്പനയിൽ ഗണ്യമായ വർധനവുണ്ടായി. ഇത് മാരുതി സുസുക്കിയുടെ എക്കാലത്തെയും ഉയർന്ന പാദ വരുമാന നേട്ടമായി (Quarterly net profit) മാറി. അതേസമയം ത്രൈമാസ അറ്റാദായം 3794 കോടി രൂപയായിരുന്നു. 2024-25 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ റിപ്പോർട്ട് ചെയ്ത 3,659 കോടി രൂപയേക്കാൾ നേരിയ വർധനവ് ഇവിടെയും സംഭവിച്ചിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








