ബൈക്ക് കൊടുത്ത് എല്ലാവരും 3.70 ലക്ഷത്തിന്റെ കാർ വാങ്ങിയോ, വിൽപ്പന കൂടിയതിൽ സാക്ഷാൽ മാരുതി വരെ ഞെട്ടി
സാധാരണക്കാരന്റെ കാർ എന്ന സ്വപ്നത്തിന് ചിറകുകൾ നൽകുന്നവരാണ് മാരുതി സുസുക്കി. അന്നും ഇന്നും ചെറിയ ബജറ്റിൽ അടിപൊളി കാറുകൾ പുറത്തിറക്കുന്നത് കമ്പനിയുടെ മെയിൻ പൊളിസികളിൽ ഒന്നാണെന്ന് തോന്നുന്നു. അതിനാൽ ചെറുകാർ വിപണിയിൽ ഇവർക്ക് എതിരാളികളേയില്ലെന്ന് പറയുന്നതാവും ശരി. മാരുതി 800 ഗുഡ്ബൈ പറഞ്ഞിറങ്ങിയപ്പോൾ പകരക്കാരനായി എത്തിയ ആൾട്ടോ (Maruti Suzuki Alto) പിന്നീട് ഓരോ ഇന്ത്യക്കാരന്റേയും മനസ് നിറയ്ക്കുന്ന കാഴ്ച്ചയാണ് നാം കണ്ടത്. ഇപ്പോൾ എസ്‌യുവികളുടെ ട്രെൻഡിനിടയിലും ചൂടപ്പം പോലെ വിറ്റഴിയുന്നുണ്ടെങ്കിൽ മോഡലിന്റെ റേഞ്ച് എന്താണെന്ന് മനസിലാക്കാമല്ലോ.
ലോർഡ് ആൾട്ടോയെന്ന് ഇന്ത്യക്കാർ സ്നേഹത്തോടെ വിളിക്കുന്ന എൻട്രി ലെവൽ ഹാച്ച്ബാക്ക് 2026 മെയ് മാസത്തെ വിൽപ്പനയിലും ഞെട്ടിച്ചിരിക്കുകയാണ്. ബൈക്ക് കൊടുത്ത് എല്ലാവരും 3.70 ലക്ഷത്തിന്റെ മാരുതി കാർ വാങ്ങിയോ എന്ന് തോന്നിക്കുന്ന വിധത്തിലുള്ള വർധനവാണ് ആൾട്ടോയുടെ വിൽപ്പനയിലുണ്ടായിരിക്കുന്നത്. പോയ 31 ദിവസത്തിൽ ഹാച്ചിന്റെ 8,887 യൂണിറ്റുകളാണ് നിരത്തിലെത്തിയതെന്നാണ് കണക്കുകൾ.

അതായത് 2025 മെയ് മാസത്തിൽ മാരുതി വിറ്റഴിച്ചതിനേക്കാൾ 79 ശതമാനത്തിന്റെ അധിക വിൽപ്പനയാണ് ഒറ്റ വർഷത്തിനിപ്പുറം കൈവന്നിരിക്കുന്നതെന്ന് ചുരുക്കം. മഴക്കാലം വരുന്നതിന് മുമ്പ് ടൂവീലർ ഉപയോഗിക്കുന്നവർ കാറിലേക്ക് മാറാൻ ആഗ്രഹിച്ചുവെന്നതിന്റെ തെളിവാകാം ഇത്. നല്ല മൈലേജും ചെറിയ വിലയും താങ്ങാനാവുന്ന മെയിന്റനെൻസ് കോസ്റ്റുമെല്ലാമാണ് മാരുതി ആൾട്ടോയെ ഇന്നും സാധാരണക്കാരിലേക്ക് അടുപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ്.
ഇതിലൊന്നും ഒരുകാലത്തും ആൾട്ടോ വിട്ടുവീഴ്ച്ച വരുത്തിയിട്ടുമില്ല. ഇടയ്ക്ക് വിൽപ്പന കാര്യമായ തോതിൽ കുറഞ്ഞുവെങ്കിലും ജിഎസ്‌ടി 2.0 നിലവിൽ വന്നതോടെ വമ്പൻ വിലക്കുറവ് ലഭിച്ചതോടെ വീണ്ടും ആൾട്ടോ K10 മോഡൽ ഫോമിലാവുകയായിരുന്നു. കഴിഞ്ഞ മാസം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകളുടെ പട്ടികയിൽ 22-ാം സ്ഥാനം നേടിയെടുക്കാനും കുഞ്ഞൻ കാറിന് സാധിച്ചിട്ടുണ്ട്. എന്തായാലും കച്ചോടം കൂടിയതിൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ ഹാപ്പിയാണ്.

കെ-സീരീസിലുള്ള 1.0 ലിറ്റർ ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് മാരുതി സുസുക്കി ആൾട്ടോ K10 ഹാച്ച്ബാക്കിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന ഈ എഞ്ചിന് 67 bhp കരുത്തിൽ പരമാവധി 89 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും. പെട്രോളിന് പുറമെ സിഎൻജി ബൈ ഫ്യുവൽ ഓപ്ഷനിലും മാരുതി ആൾട്ടോ വാങ്ങാനാവുന്നതാണ്.
5 സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പം വരുന്ന സിഎൻജി പതിപ്പിന്റെ പെർഫോമൻസ് കുറവാണെങ്കിലും അന്യായ മൈലേജാണ് നൽകാനാവുക. ആൾട്ടോയുടെ പെട്രോള്‍ മോഡലുകൾ ലിറ്ററിന് 24.90 കിലോമീറ്റർ ഇന്ധനക്ഷമത പറയുമ്പോൾ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റുകൾക്ക് കമ്പനി 33.40 കിലോമീറ്റര്‍ മൈലേജ് വരെയും അവകാശപ്പെടുന്നുണ്ട്. വൈവിധ്യമാർന്ന് വേരിയന്റുകളിൽ വരുന്ന മാരതി ആൾട്ടോ K10 മോഡലിന് നിലവിൽ 3.70 ലക്ഷം രൂപ മുതൽ 5.45 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

ഒരു എൻട്രി ലെവൽ കാർ ആണെങ്കിൽ പോലും അത്യാവിശ്യം വേണ്ടുന്ന ഫീച്ചറുകളെല്ലാം ലഭ്യമാക്കിക്കൊണ്ടാണ് ആൾട്ടോ K10 വിൽപ്പനയ്ക്ക് എത്തുന്നത് എന്നതും ആളുകളെ അടുപ്പിക്കുന്നുണ്ട്. 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, മൗണ്ടഡ് കണ്‍ട്രോളുകളുള്ള മള്‍ട്ടിഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ റിമോട്ട് കീ ആക്‌സസ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഒആര്‍വിഎമ്മുകള്‍, നാല് ഡോറിലും പവര്‍ വിന്‍ഡോകള്‍ തുടങ്ങിയ സവിശേഷതകളാണ് ഇതിലുള്ളത്.
എൻട്രി ലെവൽ വാഹനമായതിനാൽ സേഫ്റ്റിയുണ്ടാവില്ലെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ തെറ്റി. 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്ന മാരുതി സുസുക്കിയുടെ ലോർഡ് ആൾട്ടോയുടെ എല്ലാ വേരിയന്റുകളിലും ഇലക്ട്രാണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും (ESP) ലഭ്യമാണ്. അതിനാൽ സേഫ്റ്റിയിലും ആശങ്കകളൊന്നും തെല്ലും വേണ്ട. റെനോ ക്വിഡുമായിട്ടാണ് K10 ഇന്ത്യൻ വിപണിയിൽ മത്സരിക്കുന്നത്.


Click it and Unblock the Notifications