ലോര്‍ഡ് ഓഫ് കംബാക്ക്! 105 ശതമാനം വില്‍പ്പന വളര്‍ച്ചയുമായി ആള്‍ട്ടോയുടെ വീണ്ടും ഫോമിലേക്ക്
ഇന്ത്യയിലെ സാധാരണക്കാരുടെ പ്രിയപ്പെട്ട കാര്‍ ആയ മാരുതി സുസുക്കി ആള്‍ട്ടോയുടെ വില്‍പ്പന ഇടക്കാലത്ത് മന്ദഗതിയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടപ്പാക്കിയ ജിഎസ്ടി 2.0 (GST 2.0) പരിഷ്‌കാരങ്ങള്‍ക്ക് ശേഷം ഹാച്ച്ബാക്ക് പതിയെ തിരിച്ചുവരികയായിരുന്നു. കഴിഞ്ഞ മാസം മാരുതി സുസുക്കി ആള്‍ട്ടോ K10 വീണ്ടും വില്‍പ്പനയില്‍ പുതു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഗാഡിവാഡി വെബ്‌സൈറ്റില്‍ പങ്കുവെച്ച റിപ്പോര്‍ട്ട് പ്രകാരം 2026 ജൂണ്‍ മാസത്തില്‍ ഇന്ത്യയിലൊട്ടാകെ മൊത്തം 10,388 ആള്‍ട്ടോ K10 കാറുകളാണ് മാരുതി സുസുക്കി വിറ്റത്. ക2025 ജൂണില്‍ ഈ കാറിന്റെ വില്‍പ്പന വെറും 5,045 യൂണിറ്റുകള്‍ മാത്രമായിരുന്നു.
ഇതോടെ 105.9 ശതമാനം വാര്‍ഷിക വളര്‍ച്ച നേടിയെടുക്കാന്‍ ഈ എന്‍ട്രി ലെവല്‍ കാറിനായി. വെറും 12 മാസം കൊണ്ട് വില്‍പ്പന ഇരട്ടിയായി വര്‍ധിച്ചുവെന്നത് ശ്രദ്ധേയമായ കാര്യമാണ്. പുതിയ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്കിടയില്‍ ഈ വാഹനം എത്രത്തോളം സ്വാധീനം ചെലുത്തുന്നുവെന്ന് പുതിയ സെയില്‍സ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മാരുതി സുസുക്കി കാറുകളുടെ പട്ടികയില്‍ ഏഴാം സ്ഥാനം നേടാനും ആള്‍ട്ടോക്ക് സാധിച്ചു. വാര്‍ഷിക വില്‍പ്പനയ്ക്ക് പുറമെ മുന്‍ മാസത്തെ വില്‍പ്പനയുമായി തട്ടിച്ച് നോക്കുമ്പോഴും ആള്‍ട്ടോ മികച്ച മുന്നേറ്റം നടത്തിയിട്ടുണ്ട്. 2026 മെയ് മാസത്തില്‍ 8,887 യൂണിറ്റ് ആയിരുന്നു ആള്‍ട്ടോയുടെ വില്‍പ്പന.
എന്നാല്‍ ജൂണ്‍ മാസമായപ്പോള്‍ അത് 16.9 ശതമാനം മികച്ച വളര്‍ച്ചയോടെ 10,388 യൂണിറ്റുകളായി കുതിച്ചുയര്‍ന്നു. ഇന്ത്യയിലെ ചെറു കാര്‍ വിപണിയില്‍ മാരുതിക്കുള്ള അനിഷേധ്യമായ സ്വാധീനമാണ് ഈ പുതിയ കണക്കുകള്‍ എടുത്തുകാണിക്കുന്നത്. മാരുതി ആള്‍ട്ടോയെ ജനപ്രിയമാക്കുന്ന ഒന്നിലേറെ ഘടകങ്ങളുണ്ട്. അതില്‍ ഒന്ന് ഇതിന്റെ കാര്യക്ഷമമായ എഞ്ചിന്‍ ആണ്.

5-സ്പീഡ് മാനുവല്‍, എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ തെരഞ്ഞെടുക്കാവുന്ന ആള്‍ട്ടോയുടെ 1.0 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എഞ്ചിന്‍ സിറ്റി, ലോംഗ് ഡ്രൈവുകളില്‍ ഒരുപോലെ മികച്ച പ്രകടനം പുറത്തെടുക്കുന്നു. ഉയര്‍ന്ന ഇന്ധനക്ഷമതയാണ് പുതിയ ആള്‍ട്ടോ കെ10 മോഡലിനെ സാധാരണക്കാരുടെ ഇടയില്‍ കൂടുതല്‍ ജനപ്രിയമാക്കുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് പെട്രോള്‍ മോഡലുകള്‍ ലിറ്ററിന് ഏകദേശം 24.90 കിലോമീറ്റര്‍ മൈലേജ് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇതിന് പുറമെ സിഎന്‍ജി പതിപ്പുകള്‍ക്ക് കിലോഗ്രാമിന് 33.85 കിലോമീറ്റര്‍ വരെ ഉയര്‍ന്ന മൈലേജ് ലഭിക്കും. അതിനാല്‍ ഇന്ധനച്ചെലവ് പരമാവധി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കുഞ്ഞന്‍ വാഹനം വലിയ ആശ്വാസമാണ്. സുരക്ഷയുടെ കാര്യത്തിലും പുതിയ ആള്‍ട്ടോ കെ10 ഒട്ടും പിന്നിലല്ല. യാത്രക്കാരുടെ പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നതിനായി മുന്‍ മോഡലുകളില്‍ നിന്നും വളരെ വ്യത്യസ്തമായി ബേസ് മോഡലില്‍ വരെ കമ്പനി 6 എയര്‍ബാഗുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

എബിഎസ്, ഇബിഡി, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നീ ഫീച്ചറുകള്‍ കൂടി ചേരുന്നതോടെ ബജറ്റ് കാര്‍ ആയിരുന്നിട്ടും ആള്‍ട്ടോയുടെ സുരക്ഷക്ക് മാരുതി എത്രത്തോളം മുന്‍ഗണന നല്‍കിയിട്ടുണ്ടെന്ന് മനസിലാകും. കുറഞ്ഞ ബജറ്റില്‍ വാഹനം സ്വന്തമാക്കാന്‍ കഴിയുന്ന കാറിന് ഓഫറുകള്‍ കൂടിയുണ്ടെങ്കില്‍ സ്വാഭാവികമായും വില്‍പ്പന കൂടും. 2026 ജൂണില്‍ കാറിന്റെ ബേസ് വേരിയന്റുകള്‍ക്ക് കമ്പനി മികച്ച ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് ബോണസുകളും വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അരലക്ഷത്തിലധികം മൂല്യമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയത് ഉപഭോക്താക്കളെ ഷോറൂമിലേക്ക് ആകര്‍ഷിച്ചുവെന്ന് വേണം കരുതാന്‍. മുകളില്‍ പറഞ്ഞ ഗുണങ്ങള്‍ക്ക് പുറമെ കുറഞ്ഞ പരിപാലന ചെലവും ഉയര്‍ന്ന റീസെയില്‍ വാല്യുവും ആള്‍ട്ടോയ്ക്ക് എന്നും മുതല്‍ക്കൂട്ടാണ്. ഗ്രാമീണ മേഖലകളിലും നഗരങ്ങളിലും ഒരുപോലെ സ്വീകാര്യതയുള്ള ഇത്തരം മോഡലുകളാണ് കമ്പനിയുടെ വില്‍പ്പന ഗ്രാഫ് കുത്തനെ മുകളിലേക്ക് ഉയര്‍ത്താന്‍ സഹായിക്കുന്നത്. വരും മാസങ്ങളിലും സമാനമായ പകടനം തുടരാന്‍ ആള്‍ട്ടോക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications