ബുള്ളറ്റിനേക്കാൾ മൈലേജുള്ള 3.70 ലക്ഷത്തിന്റെ മാരുതി കാർ വാങ്ങിപ്പോയത് 10,856 പേർ, എസ്‌യുവികളും വിറച്ചു
ചെറുകാർ വിപണിയിൽ മാരുതി സുസുക്കിയുടെ ആധിപത്യം തകർക്കാൻ ഒരുപാട് ബ്രാൻഡുകൾ ശ്രമിച്ചുവെങ്കിലും തകരാത്ത കോട്ടയായി തുടരുകയാണ് ഇപ്പോഴും ഇവിടം. എസ്‌യുവികൾ അരങ്ങുവാഴാൻ തുടങ്ങിയതോടെ കുറച്ചുകാലമായി വലിയ വിൽപ്പനയൊന്നും നേടാനായിരുന്നില്ല എൻട്രി ലെവൽ മോഡലുകൾക്ക്. ആൾട്ടോ K10, എസ്-പ്രെസോ, സെലേറിയോ, ഇഗ്നിസ് എന്നിവയെല്ലാം വല്ലാതെ ഇഴയുകയായിരുന്നു. ഇതിൽ ഇഗ്നിസിന്റെ വിൽപ്പന അവസാനിപ്പിക്കാൻ വരെ മാരുതിയെടുത്ത തീരുമാനം പലരേയും നിരാശപ്പെടുത്തിയിരുന്നു. മറ്റ് മോഡലുകൾക്കും ഇതേ ഗതിവരുമോയെന്ന് പലരും ചിന്തിച്ചുപോയിരുന്നു. എന്നാൽ ഇപ്പോഴിതാ ഗംഭീര തിരിച്ചുവരവാണ് ആൾട്ടോ കഴിഞ്ഞ കുറച്ച് മാസങ്ങളായി നടത്തിവരുന്നത്.
ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലും വിൽപ്പന പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നു. കഴിഞ്ഞ മാസം എൻട്രി ലെവൽ ഹാച്ച്ബാക്കിന്റെ 10,856 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 94 ശതമാനത്തോളം വർധനവുണ്ടായെന്ന് സാരം. ഒരു ഇയർ എൻഡ് മാസം അല്ലാഞ്ഞിട്ട് കൂടി ഇത്രയും പേർ ആൾട്ടോ K10 വാങ്ങാനെത്തിയതിൽ മാരുതി സുസുക്കി വരെ അതിശയിക്കുന്നുണ്ടാവാം.

2026 ഏപ്രിൽ മാസത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകളുടെ പട്ടികയിൽ ആൾട്ടോയ്ക്ക് പതിനഞ്ചാം സ്ഥാനവും കൈവരിക്കാനായി. എല്ലാ വേരിയൻ്റിലും സ്റ്റാൻഡേർഡായി തന്നെ 6 എയർബാഗുകളോടെ വരുന്ന കുഞ്ഞൻ കാർ സേഫ്റ്റിയുടെ കാര്യത്തിൽ പഴയതിനേക്കാൾ അടിപൊളിയാണ്. ചെറിയൊരു കൊച്ചു ഫാമിലിക്ക് ഇപ്പോഴും കണ്ണുംപൂട്ടി ആൾട്ടോ വാങ്ങിക്കാനാവും. പോരാത്തതിന് ബൈക്കിൽ നിന്നും കാറിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നവർക്കും ഇവൻ നല്ലൊരു ഓപ്ഷനാണ്.
മഴക്കാലം വരുന്നതിന് മുമ്പ് ടൂവീലർ ഉപയോഗിക്കുന്നവർ കാർ വാങ്ങിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ധൈര്യമായി ആൾട്ടോ വാങ്ങിക്കോ. പോക്കറ്റ് കീറാതെ എവിടെയും ഇവൻ കൊണ്ട് എത്തിക്കുന്നതായിരിക്കും. നല്ല മൈലേജും ചെറിയ വിലയും താങ്ങാനാവുന്ന മെയിന്റനെൻസ് കോസ്റ്റുമെല്ലാമാണ് മാരുതി ആൾട്ടോ K10 ഹാച്ച്ബാക്കിനെ അന്നും അന്നും സാധാരണക്കാരിലേക്ക് അടുപ്പിക്കുന്ന പ്രധാന ഘടകങ്ങൾ.

ഒരു എൻട്രി ലെവൽ കാർ ആണെങ്കിൽ പോലും അത്യാവിശ്യം വേണ്ടുന്ന ഫീച്ചറുകളെല്ലാം ലഭ്യമാക്കിക്കൊണ്ടാണ് ആൾട്ടോ K10 വിൽപ്പനയ്ക്ക് എത്തുന്നത്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മൗണ്ടഡ് കണ്‍ട്രോളുകളുള്ള മള്‍ട്ടിഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ റിമോട്ട് കീ ആക്‌സസ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഒആര്‍വിഎമ്മുകള്‍, നാല് ഡോറിലും പവര്‍ വിന്‍ഡോകള്‍ എന്നിവയെല്ലാം കാറിലുണ്ട്.
6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്ന മാരുതി സുസുക്കിയുടെ ലോർഡ് ആൾട്ടോയുടെ എല്ലാ വേരിയന്റുകളിലും ഇലക്ട്രാണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും (ESP) ലഭ്യമാണ്. അതിനാൽ സേഫ്റ്റിയുടെ ആശങ്കകളെല്ലാം കാറ്റിൽപ്പറത്താനാവും. 1.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് മാരുതി കാറിന്റെ ഹൃദയം. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന ഈ എഞ്ചിന് 67 bhp പവറിൽ 89 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാനും ശേഷിയുണ്ട്.

പെട്രോളിന് പുറമെ സിഎൻജി ബൈ ഫ്യുവൽ ഓപ്ഷനിലും മാരുതി ആൾട്ടോ K10 വാങ്ങാനാവുന്നതാണ്. 5 സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പം വരുന്ന സിഎൻജി പതിപ്പിന്റെ പെർഫോമൻസ് കുറവാണെങ്കിലും ഒടുക്കത്തെ മൈലേജാണ് ലഭിക്കുക. അതായത് ആൾട്ടോയുടെ പെട്രോള്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 24.90 കിലോമീറ്ററും കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ ഓടുമ്പോൾ കുട്ടിക്കാറിന് 33.40 കിലോമീറ്റര്‍ മൈലേജ് വരെയും നൽകാനാവും.
വൈവിധ്യമാർന്ന് വേരിയന്റുകളിൽ വരുന്ന മാരതി ആൾട്ടോ K10 മോഡലിന് നിലവിൽ 3.70 ലക്ഷം രൂപ മുതൽ 5.45 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഇന്ത്യയിലെ എ-സെഗ്മെൻ്റിൽ റെനോ ക്വിഡിനോടാണ് ആൾട്ടോയുടെ പ്രധാന മത്സരം. എന്തായാലും വിൽപ്പന ഇത്രയുമധികം കൂടിയതിൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ അത്യന്തം ഹാപ്പിയായിരിക്കുമെന്ന കാര്യം ഊഹിക്കാവുന്നതാണ്.


Click it and Unblock the Notifications