ഫ്രോങ്ക്സ് വന്നിട്ടും നെഞ്ചുവിരിച്ച് നിന്ന് 5.99 ലക്ഷത്തിന്റെ മാരുതി കാർ, കഴിഞ്ഞ മാസം വിറ്റത് 18,396 എണ്ണം
ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഫാമിലി ഹാച്ച്ബാക്കുകളിൽ ഒന്നാണ് ബലേനോ (Maruti Suzuki Baleno). എല്ലാ കാര്യത്തിലും മിടുക്കനായ കാറിന് പ്രത്യേകിച്ച് പരിചയപ്പെടുത്തലിന്റെ ആവശ്യമൊന്നും ഉണ്ടാവില്ല. എസ്‌യുവികളുടെ ബഹളങ്ങൾക്കിടയിലും ഇന്നും ആളുകൾ തിരക്കിയെത്തുന്നൊരു ഹാച്ച്ബാക്കാണെങ്കിൽ ഊഹിക്കാനാവുന്നതല്ലേയുള്ളൂ ആളിന്റെ റേഞ്ച് എത്രത്തോളമാണെന്ന്. പോരാത്തതിന് ബലേനോയെ അടിസ്ഥാനമാക്കി പണികഴിപ്പിച്ച ഫ്രോങ്ക്‌സ് എന്ന കോംപാക്‌ട് എസ്‌യുവി വിപണിയിലുണ്ടായിരുന്നിട്ടും അന്യായ കച്ചോടമാണ് ബലേനോ ഇപ്പോഴും സ്വന്തമാക്കുന്നത്. ഫ്രോങ്ക്‌സ് പോലൊരു വണ്ടി ഏകദേശം ഒരേ വിലയിൽ കിട്ടമ്പോൾ ആരെങ്കിലും ബലേനോ വാങ്ങുമോ എന്നതായിരുന്നു വിമർശകരുടെ ചോദ്യം.
എന്നാൽ ഈ ചോദ്യങ്ങളും സംശയങ്ങളേയുമെല്ലാം തൂക്കിയെറഞ്ഞുകൊണ്ടാണ് ഓരോ മാസവും പതിനായിരക്കണക്കിന് ബലേനോകൾ നിരത്തിലെത്തുന്നത്. മികച്ച പെർഫോമൻസ്, കിടിലൻ മൈലേജ്, നല്ല റീസെയിൽ വാല്യൂ, മോഡേൺ ഫീച്ചറുകൾ, അകത്ത് ധാരാളം സ്പേസ് എന്നിവയെല്ലാം ചെറിയ വിലയ്ക്ക് കിട്ടുമെന്നതാണ് ബലേനോയിലേക്ക് ഇന്നും ആളുകളെ അടുപ്പിക്കുന്ന കാര്യം. ഫ്രോങ്ക്‌സ് വന്നിട്ടും നെഞ്ചുവിരിച്ച് നിൽക്കുന്ന കാർ മെയ് മാസത്തിലെ വിൽപ്പനയിലും ഞെട്ടിച്ചിരിക്കുകയാണ്.

കഴിഞ്ഞ 31 ദിവസത്തിൽ മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കിന്റെ 18,396 എണ്ണമാണ് വിറ്റഴിച്ചിരിക്കുന്നത്. 2025 മെയ് മാസത്തിൽ വിപണനം ചെയ്‌തത 11,618 യൂണിറ്റുകളേക്കാൾ 58 ശതമാനത്തിന്റെ വർഷിക വർധനവാണ് ബലേനോ പോയമാസം നേടിയെടുത്തത്. മെയ് മാസത്തെ ടോപ്പ് 10 കാറുകളുടെ പട്ടികയിൽ ആറാം സ്ഥാനവും മാരുതിയുടെ ഫാമിലി കാർ സ്വന്തമാക്കുകയുണ്ടായി. ഫ്രോങ്ക്‌സിന്റെ വരവോടെ ഹാച്ച്ബാക്ക് മോഡലിന്റെ കച്ചോടം കുറയുമെന്ന് പലരും വിധിയെഴുതിയിരുന്നുവെങ്കിലും അതിനെയെല്ലാം തല്ലിക്കെടുത്തുന്നതാണ് ഈ കണക്കുകൾ.
5.99 ലക്ഷം രൂപ മുതൽ 9.10 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി ബലേനോയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ആദ്യ തലമുറയെ അപേക്ഷിച്ച് ഇപ്പോൾ വിൽപ്പനയിലുള്ള രണ്ടാം തലമുറ മോഡൽ സേഫ്റ്റിയുടെ കാര്യത്തിൽ കൂടുതൽ മിടുക്കനായത് എല്ലാവരേയും സന്തോഷിപ്പിച്ചിരുന്നു. സേഫ്റ്റിയിലേക്ക് വന്നാൽ ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗാണ് മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് നേടിയെടുത്തത്.

ഇതോടൊപ്പം 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ് അസിസ്റ്റ്, ഇബിഡി ഉള്ള എബിഎസ്, 40-ലധികം സ്മാർട്ട് ഫീച്ചറുകളുള്ള സുസുക്കി കണക്ട് ടെലിമാറ്റിക്സ് എന്നിവ പോലുള്ള മികച്ച സുരക്ഷാ സന്നാഹങ്ങളും കൂടിയാവുമ്പോൾ ഫാമിലികൾക്ക് യാതൊരു വിധ ആശങ്കകളും കൂടാതെ ബലേനോയെ കൂടെക്കൂട്ടാനാവും. മാരുതി സുസുക്കി ബലേനോ ആകെ 4 വേരിയന്റുകളിലും 6 കളർ ഓപ്ഷനുകളിലും ലഭ്യമാണ്.
ഇന്റീരിയറിലെ യാത്രകളും മടുപ്പിക്കാത്ത തരത്തിലുള്ളതാണ്. അഞ്ച് പേർക്ക് മതിയായ സ്പേസ് നൽകുന്ന ബലേനോയിൽ ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ആമസോൺ അലക്‌സ സപ്പോർട്ട്, വോയ്‌സ് കമാൻഡ് സപ്പോർട്ട്, സുസുക്കി കണക്റ്റഡ് കാർ ടെക്, ആർക്കമീസ് സറൗണ്ട് സൗണ്ട് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ (HUD) പോലുള്ള മോഡേൺ ഫീച്ചറുകളെല്ലാം കമ്പനി നൽകുന്നുണ്ട്.

ഇതിന് പുറമെ ഓട്ടോ ഡിമ്മിംഗ് IRVM, ടിൽറ്റ് ആൻഡ് ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് അഡ്ജസ്റ്റ്‌മെന്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി ആൻഡ് ഗോ, ഡിജിറ്റൽ അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നീ ആധുനിക ഫീച്ചറുകളുടെ പിൻബലവും മാരുതിയുടെ ഫാമിലി കാറിലുണ്ട്. കിടിലൻ റിഫൈൻമെന്റും അന്യായ മൈലേജും തരുന്ന 1.2 ലിറ്റർ 4-സിലിണ്ടർ ഡ്യുവൽജെറ്റ് K12N പെട്രോൾ എഞ്ചിനാണ് ബലോനോയുടെ ഹൃദയം.
5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 5 സ്പീഡ് എഎംടി ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 90 bhp കരുത്തിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. പെട്രോളിന് പുറമെ സിഎൻജി ബൈ-ഫ്യുവൽ സംവിധാനവും ബലേനോയിൽ തെരഞ്ഞെടുക്കാനാവും. ബലേനോയുടെ പെട്രോൾ മാനുവൽ മോഡലുകൾ 22.35 കിലോമീറ്ററും എഎംടിക്ക് 22.94 കിലോമീറ്റർ മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം സിഎൻജിക്ക് 30.61 കിലോമീറ്റർ മൈലേജും ലഭിക്കുന്നതാണ്.


Click it and Unblock the Notifications