4,226-ത്തിൽ നിന്നും വിൽപ്പന 862 യൂണിറ്റിലേക്ക്, 32.85 KM മൈലേജും 6 എയർബാഗുമുള്ള മാരുതി കാർ വമ്പൻ നഷ്‌ടത്തിൽ
സേഫ്റ്റിക്ക് ഇന്ത്യക്കാർ പ്രഥമ പരിഗണന കൊടുക്കുന്നുണ്ടെങ്കിലും പുത്തൻ വാഹനം വാങ്ങുമ്പോൾ മൈലേജും വലിയൊരു ഘടകമായി പരിഗണിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. സാധാരണക്കാരന് പോക്കറ്റ് കാലിയാവാതെ സഞ്ചരിക്കാനാവും ഏറ്റവും താത്പര്യം. അത്തരക്കാർക്കെല്ലാം പൊതുവേ മാരുതി സുസുക്കിയുടെ ബജറ്റ് ഫ്രണ്ട്ലി കാറുകളോടാവും അടുപ്പവും കൂടുതൽ. ചെറിയ വിലയ്ക്ക് കൂടുതൽ മൈലേജും 6 എയർബാഗുകളും തരുന്ന അപൂർവം ചില ഹാച്ച്ബാക്കുകളിൽ ഒന്നാണ് സെലേറിയോ (Maruti Celerio). പല റോയൽ എൻഫീൽഡ് ബൈക്കുകളുടേയും മൈലേജിനേക്കാൾ കൂടുതൽ ഈ കാറിൽ കിട്ടുമെന്ന് അറിഞ്ഞാൽ ഫ്ലാറ്റാവാത്തവർ ഉണ്ടാവില്ല.
ടോൾബോയ് രൂപവും മികച്ച ഇൻ്റീരിയർ സ്പേസും 1.0 ലിറ്റർ പെട്രോൾ എഞ്ചിനുമായി വരുന്ന ഹാച്ച്ബാക്ക് നല്ലൊരു ഫാമിലി കാറാണെന്നതിൽ സംശയമൊന്നും വേണ്ട. ചെറിയ ബജറ്റിൽ ആദ്യം 6 എയർബാഗ് നൽകിയത് മൈലേജ് കിങായ സെലേറിയോയ്ക്കായിരുന്നു. എന്നാൽ 2026 ഫെബ്രുവരി മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ മാരുതി സുസുക്കിയുടെ മികച്ച കാറുകളിൽ ഒന്നിന് വലിയ നഷ്‌ടം സംഭവിച്ചിരിക്കുകയാണ്.

കഴിഞ്ഞ മാസം മാരുതി സെലേറിയോയുടെ വെറും 862 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിഞ്ഞത്. 2025 ഫെബ്രുവരി മാസത്തിൽ നിരത്തിലെത്തിച്ച 4,226 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഹാച്ച്ബാക്കിൻ്റെ വാഷിക വിൽപ്പന കണക്കുകളിൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾക്ക് 79.60 ശതമാനത്തിൻ്റെ വമ്പൻ നഷ്‌ടമാണ് നേരിടേണ്ടി വന്നിരിക്കുന്നത്. അതായത് ഒറ്റ വർഷംകൊണ്ട് 3,364 യൂണിറ്റുകളുടെ കുറവാണ് സെലേറിയോയുടെ വിൽപ്പനയിലുണ്ടായിരിക്കുന്നതെന്ന് സാരം.
മാരുതി സുസുക്കിയുടെ ഏറ്റവും കുറഞ്ഞ വിലയുള്ള ഹാച്ച്ബാക്കുകളിൽ ഒന്നാണിതെങ്കിലും 6 എയർബാഗുകളെല്ലാം ഉൾപ്പെടുത്തി ഉഗ്രൻ സേഫ്റ്റിയുമായിട്ടാണ് സെലേറിയോ വിപണനനത്തിന് എത്തുന്നത്. എന്നിട്ടും ആളുകൾ പോയമാസം മൈൻഡ് ചെയ്യാതിരുന്നത് മാരുതിക്ക് വലിയ സങ്കടം വരുത്തിവെച്ചിട്ടുണ്ടാവാം. മാരുതി സുസുക്കിയുടെ മോഡുലാർ ഹാര്‍ട്ട്ടെക്റ്റ് പ്ലാറ്റ്ഫോമിലാണ് സെലേറിയാ പണികഴിപ്പിച്ചിരിക്കുന്നത്.

LXI, VXI, ZXI, ZXI+ എന്നീ നാല് വേരിയൻ്റുകളാണ് ഈ കോംപാക്‌ട് ഹാച്ച്ബാക്കിനുള്ളത്. 4.70 ലക്ഷം മുതൽ 6.73 ലക്ഷം രൂപ വരെയാണ് സെലേറിയോയ്ക്ക് നിലവിൽ വരുന്ന എക്സ്ഷോറൂം വില. അതായത് ബേസ് മോഡലിന് പോലും 5 ലക്ഷത്തിൽ താഴെയാണ് വില വരുന്നത് എന്ന് സാരം. വില കുറവാണെങ്കിലും അത്യാവിശ്യം വേണ്ടുന്ന ഫീച്ചറുകളെല്ലാം കുത്തിനിറച്ചുകൊണ്ടാണ് മാരുതി സുസുക്കി സെലേറിയോ വിപണനത്തിന് എത്തിക്കുന്നത്.
ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ സപ്പോർട്ട് ചെയ്യുന്ന 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് തുടങ്ങിയ മോഡേൺ ഫീച്ചറുകളാലും സമ്പന്നമാണ് ഈ ഹാച്ച്ബാക്ക്. അതോടൊപ്പം തന്നെ 6 എയർബാഗുകൾ, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് അസിസ്റ്റ് തുടങ്ങി സേഫ്റ്റി ഫീച്ചറുകളും മാരുതി സെലേറിയോയുടെ ഭാഗമാണ്.

1.0 ലിറ്റർ K-സീരീസ് പെട്രോൾ എഞ്ചിനാണ് മാരുതി സെലേറിയോയ്ക്ക് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷൻ ഓപ്ഷനുകളുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 66 bhp പവറിൽ 89 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിവുണ്ട്. ഇതോടൊപ്പം സിഎൻജി ബൈ-ഫ്യുവൽ ഓപ്ഷനിലും സെലേറിയോ തെരഞ്ഞെടുക്കാനാവും. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ കാറിൻ്റെ പെർഫോമൻസ് കണക്കുകൾ കുറയുന്നതായിരിക്കും.
5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി വരുന്ന ഈ വേരിയൻ്റുകൾ 56 bhp പവറിൽ 82.1 Nm ടോർക്ക് വരെയാണ് ഉത്പാദിപ്പിക്കുന്നത്. മൈലേജാണ് കാറിലേക്ക് ആളുകളെ അടുപ്പിക്കുന്ന മറ്റൊരു സംഗതി. ഒരു കിലോ സിഎൻജിയിൽ 32.85 കിലോമീറ്റർ ഇന്ധനക്ഷമതയാണ് സെലേറിയോ സിഎൻജി വാഗ്‌ദാനം ചെയ്യുന്നത്. സെലേറിയോയുടെ പെട്രോൾ മാനുവൽ വേരിയൻ്റുകൾ ലിറ്ററിന് 24.8 കിലോമീറ്റർ വരെയും പെട്രോൾ എഎംടിക്ക് 25.75 കിലോമീറ്റർ വരെയും മൈലേജാണ് നൽകുന്നത്.


Click it and Unblock the Notifications








