32.85 KM മൈലേജും 6 എയർബാഗുമുള്ള 4.70 ലക്ഷത്തിൻ്റെ മാരുതി കാർ വാങ്ങാൻ ഇരച്ചെത്തി ജനം
യാതൊരുവിധ ആശങ്കകളും കൂടാതെ പുതിയൊരു കാർ വാങ്ങണമെങ്കിൽ സാധാരണക്കാരെല്ലാം ആശ്രയിക്കുന്നത് നമ്മുടെ സ്വന്തം മാരുതി സുസുക്കിയെ ആയിരിക്കും. എസ്‌യുവി പ്രേമം ഇന്ത്യക്കാർക്ക് നല്ലതുപോലെയുണ്ട് എങ്കിലും നല്ല മൈലേജും കുറഞ്ഞ മെയിൻ്റനെൻസും എല്ലാമായി അരങ്ങുതകർക്കുന്ന ഹാച്ച്ബാക്കുകളെ അത്രവേഗം ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ നമുക്കാവിലല്ലോ. ഇപ്പോൾ സേഫ്റ്റിയിൽ പോലും മെച്ചപ്പെട്ടിട്ടുണ്ട് മാരുതിയുടെ ചെറുകാറുകൾ. 6 എയർബാഗുകളെല്ലാം നൽകി സുരക്ഷയുടെ ആശങ്കകളും അകറ്റാൻ ബ്രാൻഡിനായിട്ടുണ്ട്. ചെറിയ ബജറ്റിൽ ആദ്യം 6 എയർബാഗ് നൽകിയത് മൈലേജ് കിങായ സെലേറിയോയ്ക്കായിരുന്നു (Maruti Suzuki Celerio).
ടോൾബോയ് രൂപവും മികച്ച ഇൻ്റീരിയർ സ്പേസും 1.0 ലിറ്റർ പെട്രോൾ എഞ്ചിനുമായി വരുന്ന ഹാച്ച്ബാക്ക് നല്ലൊരു ഫാമിലി കാറാണ്. അടുത്തിടെയായി വിൽപ്പന കുറഞ്ഞുവെങ്കിലും ആദ്യമായി കാർ വാങ്ങുന്നവർക്കെല്ലാം കണ്ണുംപൂട്ടി വാങ്ങിക്കാവുന്ന കാറാണിത്. ചെറുകാർ നിരയിൽ ക്ലച്ച്ലെസ് സംവിധാനം ആദ്യമായി ജനകീയമാക്കിയതും ഈ മിടുക്കനായിരുന്നു. അന്നും ഇന്നും സ്ത്രീകൾക്കിടയിലാണ് സെലേറിയോയ്ക്ക് ആരാധകർ ഏറെയുള്ളത്.

ദേ പോയമാസം വിൽപ്പനയിൽ നേട്ടമുണ്ടാക്കിയാണ് 2025 കലണ്ടർ വർഷത്തോട് മാരുതി സുസുക്കി സെലേറിയോ വിടപറഞ്ഞത്. റഷ്‌ലൈൻ വെബ്സൈറ്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025 ഡിസംബറിൽ ഹാച്ച്ബാക്കിൻ്റെ 2,272 യൂണിറ്റുകളാണ് വിറ്റുപോയത്. 2024 ഡിസംബറിൽ വിറ്റ 748 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വാർഷിക വിൽപ്പന കണക്കുകളിൽ 203.74 ശതമാനത്തിൻ്റെ വലിയ വളർച്ചയാണ് കാറിന് കൈവരിക്കാനായിരിക്കുന്നത്.
വാർഷിക കണക്കുകൾക്ക് പുറമെ പ്രതിമാസ വിൽപ്പനയിലും മാരുതി സുസുക്കി സെലേറിയോയ്ക്ക് മികച്ച നേട്ടം കൈവരിക്കാനായിട്ടുണ്ട്. 2025 നവംബറിൽ 1,392 യൂണിറ്റുകളായിരുന്നു കാറിൻ്റെ സമ്പാദ്യം. ഇതാണ് 30 ദിവസത്തിൽ 63.22 ശതമാനമായി വർധിച്ചിരിക്കുന്നത്. ഡിസംബർ മാസത്തിൽ കാറിന് വലിയ ഡിസ്കൌണ്ട് ഓഫറുകൾ നൽകിയതും ഇയർ എൻഡിൻ്റെ ഭാഗമായി കൂടുതൽ ആളുകൾ കാർ വാങ്ങിയതുമാവാം സെലേറിയോയുടെ കച്ചോടം കുതിച്ചുയരാൻ കാരണമായത്.

പുതിയ വർഷത്തിലും മോഡലിന് ഈ വിൽപ്പന വേഗം നിലനിർത്താനാവുമോയെന്നത് കണ്ടറിയണം. അടുത്തിടെ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ മാരുതി സുസുക്കി സെലേറിയോ 3-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയിരുന്നു. ഇതും വിൽപ്പന കൂടാൻ സഹായിച്ചിട്ടുള്ള സംഗതിയായിരിക്കും. മാരുതി സുസുക്കിയുടെ ഏറ്റവും കുറഞ്ഞ വിലയുള്ള ഹാച്ച്ബാക്കുകളിൽ ഒന്നാണിതെങ്കിലും 6 എയർബാഗുകളെല്ലാം ഉൾപ്പെടുത്തി ഉഗ്രൻ സേഫ്റ്റി നൽകിയത് ആളുകൾക്ക് നന്നേ ബോധിച്ചിട്ടുണ്ട്.
നിലവിൽ 4.70 ലക്ഷം മുതൽ 6.73 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കിയുടെ ഫാമിലി ഹാച്ച്ബാക്കിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. അതായത് ബേസ് മോഡലിന് പോലും 5 ലക്ഷത്തിൽ താഴെയാണ് വില വരുന്നത്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ ഫീച്ചറുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് തുടങ്ങിയ മോഡേൺ ഫീച്ചറുകളോടെയാണ് സെലേറിയോ വിപണനത്തിന് എത്തുന്നത്.

6 എയർബാഗുകൾ, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് അസിസ്റ്റ് തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും മാരുതി സുസുക്കി സെലേറിയോയുടെ ഭാഗമാണ്. 1.0 ലിറ്റർ K-സീരീസ് പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്ന കാറിന് 66 bhp പവറിൽ പരമാവധി 89 Nm ടോർക്ക് വരെയും ഉത്പാദിപ്പിക്കാനാവുന്നതാണ്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി എന്നിവയാണ് ഗിയർബോക്സ് ഓപ്ഷനുകൾ.
ഇതോടൊപ്പം സിഎൻജി ബൈ-ഫ്യുവൽ ഓപ്ഷനിലും സെലേറിയോ വാങ്ങാനാവുന്നതാണ്. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ കാറിൻ്റെ പെർഫോമൻസ് കണക്കുകൾ നന്നായി കുറയുന്നതായിരിക്കും. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി വരുന്ന ഈ വേരിയൻ്റുകൾ 56 bhp പവറിൽ 82.1 Nm ടോർക്ക് വരെയാണ് ഉത്പാദിപ്പിക്കുന്നത്. ഒരു കിലോ സിഎൻജിയിൽ 32.85 കിലോമീറ്റർ ഇന്ധനക്ഷമതയാണ് സെലേറിയോ സിഎൻജി വാഗ്‌ദാനം ചെയ്യുന്നത്.


Click it and Unblock the Notifications








