30 ലക്ഷം തൊട്ട് മാരുതി കാറിൻ്റെ വിൽപ്പന, 5-സ്റ്റാർ സേഫ്റ്റിയും നല്ല കംഫർട്ട് യാത്രയും കിടു മൈലേജുമുള്ള ഡിസയർ
എസ്‌യുവികൾക്കിടയിൽ പെട്ട് സെഡാനുകൾ മരിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് മാരുതി സുസുക്കി തങ്ങളുടെ നിരയിലെ മിടുക്കനായ ഡിസയറിന് ഒരു ന്യൂജെൻ മോഡൽ അവതരിപ്പിക്കുന്നത്. പിന്നെ കാണാൻ സാധിച്ചത് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളെ വരെ തൂക്കിയെറിഞ്ഞ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി മാറുന്നതാണ്. നല്ല ഒന്നാന്തരം ഉരുക്കിന്റെ കരുത്തും ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും സ്വന്തമാക്കുന്ന ആദ്യത്തെ മാരുതി കാർ എന്ന പ്രത്യേകതയോടെയാണ് ഡിസയർ വിപണിയിലെത്തുന്നത്. ത്രീ സിലിണ്ടർ എഞ്ചിനിലേക്ക് മാറിയതും പെർഫോമൻസ് കുറഞ്ഞതുമെല്ലാം വിനയാവുമെന്ന് കരുതിയെങ്കിലും വലിയ ഹിറ്റടിച്ചാണ് വിമർശകർക്ക് മാരുതി മറുപടി കൊടുത്തത്.
എസ്‌യുവികളിലില്ലാത്ത യാത്രാ സുഖവും ഒടുക്കത്തെ മൈലേജുമെല്ലാമായി അരങ്ങുവാഴുന്ന മാരുതി സുസുക്കിയുടെ കോംപാക്‌ട് സെഡാൻ ഇപ്പോഴിതാ സമാനതകളില്ലാത്തൊരു നേട്ടം കൈവരിച്ചിരിക്കുകയാണിപ്പോൾ. എന്താണന്നല്ലേ, 2008-ൽ ആദ്യമായി വിപണിയിലെത്തിയ ഡിസയർ 30 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന അപൂർവ നേട്ടങ്ങളിൽ ഒന്ന് സ്വന്തമാക്കിയിരിക്കുകയാണ്. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സെഡാനായും ഡിസയർ മാറുകയാണ്.

ഹ്യുണ്ടായി ക്രെറ്റ, ടാറ്റ നെക്സോൺ, ടാറ്റ പഞ്ച് തുടങ്ങിയ അതികായകൻമാരെ പിന്നിലാക്കി 2025 കലണ്ടർ വർഷത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാർ എന്ന നേട്ടം അടിച്ചെടുത്തതിന് പിന്നാലെയാണ് ഈയൊരു മാജിക് നമ്പർ തൊടാനും ഡിസയറിന് സാധിക്കുന്നത്. കഴിഞ്ഞ കൊല്ലം 2,14,488 ഡിസയറുകളാണ് ഇന്ത്യക്കാർ വാങ്ങിക്കൊണ്ട് പോയത്. ഇനി കോംപാക്‌ട് സെഡാൻ്റെ കുറച്ച് ചരിത്രം കൂടി പറയാം.
2008-ൽ ആദ്യമായി അവതരിപ്പിച്ച മാരുതി സുസുക്കി ഡിസയർ തുടക്കത്തിൽ 4 മീറ്ററിൽ കൂടുതൽ നീളമുള്ള ഒരു സെഡാൻ ആയിരുന്നു. ഇന്ത്യയിലെ ബി സെഗ്മെൻ്റ് കാറുകൾക്കുള്ള നികുതി ഘടന പാലിക്കുന്നതിനായാണ് ഇത്തരത്തിൽ വാഹനം രൂപകൽപ്പന ചെയ്‌തത്. എന്നാൽ പിന്നീട് സബ്-4 മീറ്ററായി രണ്ടാംതലമുറയിൽ മാറുകയും ചെയ്‌തു. ഇന്ന് നാല് തലമുറകളായി ഇന്ത്യയിൽ ശ്രദ്ധേയമായ ഒരു യാത്രയാണ് ഡിസയർ നടത്തിക്കൊണ്ടിരിക്കുന്നത്.

പണ്ട് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളും ഈ സെഡാനിലുണ്ടായിരുന്നു. അങ്ങനെ രാജ്യത്തെ മികച്ചൊരു ഫാമിലി കാറായി മാറാനും ഡിസയറിന് സാധിച്ചിട്ടുണ്ട്. നിലവിലെ നാലാം തലമുറ അവതാരത്തിൽ ഡിസയർ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും പ്രീമിയമായ മോഡലാണ്. സൺറൂഫ്, 360-ഡിഗ്രി ക്യാമറ തുടങ്ങിയ അഭിലാഷകരമായ സവിശേഷതകൾ പോലും ഇത് വാഗ്ദാനം ചെയ്യുന്നുണ്ടെന്നത് ആളുകളെ തൃപ്തിപ്പെടുത്തുന്ന കാര്യമാണ്.
ന്യൂജെൻ ആണെങ്കിലും സാധാരണക്കാരുടെ പോക്കറ്റിൽ ഒതുങ്ങുന്ന വിധത്തിലാണ് മാരുതി സുസുക്കി തങ്ങളുടെ പുതുതലമുറ മോഡലിന് വില നിശ്ചയിച്ചിരിക്കുന്നത്. 6.26 ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ച് 9.31 ലക്ഷം രൂപ വരെയാണ് സെഡാന് മുടക്കേണ്ടതായി വരുന്ന എക്സ്ഷോറൂം വില. മാരുതിയുടെ പുതിയ 1.2 ലിറ്റർ 3-സിലിണ്ടർ Z12 എഞ്ചിനാണ് ഡിസയറിൻ്റെ ഹൃദയം. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിൽ കാർ തെരഞ്ഞെടുക്കാനാവുമാവും.

പെർഫോമൻസിലേക്ക് വന്നാൽ പെട്രോൾ എഞ്ചിന് 82 bhp കരുത്തിൽ 112 Nm torque വരെയാണ് നിർമിക്കാനാവുക. അതായത് മുൻഗാമിയേക്കാൾ അൽപം കുറവ് പവർ കണക്കുകളാണ് സെഡാൻ മുമ്പോട്ട് വെക്കുന്നത്. പെട്രോളിന് പുറമെ സിഎൻജി മോഡലും ഡിസയറിലുണ്ടെന്നത് മറ്റൊരു പ്ലസ് പോയിൻ്റാണ്. ഇതിൽ വേഗം കുറവായിരിക്കുമെങ്കിലും അന്യായ മൈലേജ് നൽകുമെന്നതാണ് പ്രത്യേകതയായി പറയാനാവുന്നത്.
പെട്രോൾ ലിറ്ററിന് 24.79 കിലോമീറ്ററും സിഎൻജി മോഡിൽ ഓടിക്കുമ്പോൾ 33.73 കിലോമീറ്ററും ഇന്ധനക്ഷമത വാഗ്ദാനം ചെയ്യാൻ ഡിസയറിനാവും. 9 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ പ്ലസ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, കണക്റ്റഡ് കാർ ഫീച്ചറുകൾ, ഇലക്ട്രിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, റിയർ എസി വെൻ്റുകൾ, റിയർ സെൻ്റർ ആംറെസ്റ്റ്, 360 ഡിഗ്രി ക്യാമറ എന്നിവ പോലുള്ള അത്യാധുനിക സംവിധാനങ്ങളും മാരുതി സുസുക്കി ഡിസയറിലുണ്ട്.


Click it and Unblock the Notifications








