ഇന്ത്യയുടെ 'ബെസ്റ്റ് സെല്ലിംഗ് കാർ' ഇനി പഴയ വിലയ്ക്ക് വാങ്ങാൻ കിട്ടില്ല! കടുത്ത തീരുമാനമെടുത്ത് മാരുതി
കഴിഞ്ഞ വർഷം അവസാനത്തോടെ ജിഎസ്‌ടി 2.0 കേന്ദ്ര സർക്കാർ നടപ്പിലാക്കിയതോടെ കാറുകൾക്ക് വലിയ വിലക്കുറവ് സംഭവിച്ചിരുന്നു. എന്നാൽ അടുത്തിടെ വാഹന നിര്‍മാണത്തിന് ആനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും ആഗോള തലത്തിലുണ്ടായ പ്രവര്‍ത്തന ചെലവുകളിലെ വര്‍ധനവും കാരണം ചൂണ്ടിക്കാട്ടി രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളെല്ലാം ഈ വർഷം തങ്ങളുടെ മോഡൽ നിരയിൽ പലതവണ വില വർധിപ്പിച്ച് ആ ആനുകൂല്യത്തിന്റെ ഗുണം ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. നിർമാണ ചെലവുകൾ കൈയിൽ നിൽക്കാത്തതിനാൽ വേറെ നിവൃത്തിയില്ലാതെ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയും കാറുകൾക്ക് വില കൂട്ടാൻ തീരുമാനിച്ചിരുന്നു.
ഇതുപ്രകാരം മോഡൽ നിരയിൽ വലിയ വില വർധനവ് നടപ്പിലാക്കുന്ന തിരക്കിലായിരുന്നു കമ്പനി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായ മാരുതി സുസുക്കി ഡിസയർ ഇനി സ്വന്തമാക്കണമെങ്കിലും അധിക പണം കണ്ടെത്തേണ്ടി വരും. ഡിസയറിന്റെ വില 7,500 രൂപ വരെയാണ് ബ്രാൻഡ് ഒറ്റയടിക്ക് ഇപ്പോൾ കൂട്ടിയിരിക്കുന്നത്. നാല് മീറ്ററിൽ താഴെയുള്ള സെഡാന്റെ VXi സിഎൻജി, ZXi സിഎൻജി വേരിയന്റുകൾക്കാണ് ഇത്രയും രൂപ അധികം മുടക്കേണ്ടി വരിക.

അതേസമയം ഡിസയറിന്റെ എൻട്രി ലെവൽ വേരിയന്റായ LXi പെട്രോൾ മാനുവലിന്റെ വിലയിൽ കൈവെക്കാതെയാണ് മാരുതി വിലക്കയറ്റം നടപ്പിലാക്കിയിരിക്കുന്നത്. കോംപാക്‌ട് സെഡാന്റെ മറ്റെല്ലാ വേരിയന്റുകൾക്കും 5,000 രൂപ വീതവും കമ്പനി പരിഷ്ക്കരിച്ചിട്ടുണ്ട്. വില വർധനവിന് ശേഷം കാർ വാങ്ങാനെത്തുന്നവർ 6.26 ലക്ഷം മുതൽ 9.36 ലക്ഷം രൂപ വരെയാണ് ഇനി മുതൽ എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിക.
വില വർധിപ്പിച്ചുവെങ്കിലും ഇന്ത്യയുടെ ടോപ്പ് സെല്ലിംഗ് കാറിൽ മറ്റ് പരിഷ്ക്കാരങ്ങളൊന്നും കമ്പനി നടപ്പിലാക്കിയിട്ടില്ല കേട്ടോ. LXi, VXi, ZXi, ZXi പ്ലസ് വേരിയന്റുകളിൽ തന്നെ തുടർന്നും മാരുതി സുസുക്കി ഡിസയർ സ്വന്തമാക്കാനാവും. വില ചെറുതായി ഒന്ന് കൂടിയെങ്കിലും ഇപ്പോഴും താങ്ങാനാവുന്ന വില, സേഫ്റ്റി, മോഡേൺ ഫീച്ചറുകൾ, ഒന്നാന്തരം യാത്രാ സുഖം, മൈലേജ് എന്നിവയെല്ലാം ഒന്നിച്ച് ലഭിക്കുന്ന അപൂർവം ചില ഫാമിലി കാറുകളിൽ ഒന്നായി ഡിസയർ വേറിട്ടുനിൽക്കുന്നുണ്ട്.

ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയ മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ആദ്യ കാർ കൂടിയാണ് ഡിസയർ. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് Z12E ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് കോംപാക്‌ട് സെഡാന്റെ ഹൃദയം. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി ജോടിയാക്കിയ എഞ്ചിന് 82 bhp കരുത്തിൽ 112 Nm ടോർക്ക് വരെ നിർമിക്കാൻ കഴിയുന്ന വിധത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.
പെട്രോളിന് പുറമെ സിഎൻജി മോഡലും ഡിസയറിലുണ്ടെന്നത് മറ്റൊരു പ്ലസ് പോയിൻ്റാണ്. ടാക്‌സി വിഭാഗത്തിലും ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ഡിസയർ വാങ്ങാനെത്തുന്നതിന്റെ കാരണവും ഇതുതന്നെയാണ്. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസ് കുറയുമെങ്കിലും കിലോഗ്രാമിന് 33.73 കിലോമീറ്റർ മൈലേജ് തരാൻ സെഡാന് സാധിക്കുന്നുണ്ട്. ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് ഫീച്ചറുള്ളതിനാൽ പെട്രോളിൽ ഓടുമ്പോൾ മാരുതി ഡിസയറിന് 25.71 കിലോമീറ്റഡ ഇന്ധനക്ഷമതയും കമ്പനി അവകാശപ്പെടുന്നുണ്ട്.

മറ്റ് സവിശേഷതകളിലേക്ക് വന്നാൽ 9 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ പ്ലസ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, കണക്റ്റഡ് കാർ ഫീച്ചറുകൾ, ഇലക്ട്രിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, റിയർ എസി വെൻ്റുകൾ, റിയർ സെൻ്റർ ആംറെസ്റ്റ്, 360 ഡിഗ്രി ക്യാമറ എന്നിവ പോലുള്ള കാര്യങ്ങളെല്ലാം വാഹനത്തിൽ മാരുതി സുസുക്കി കുത്തിനിറച്ചിട്ടുള്ളതിനാൽ യാത്രകൾ ഗംഭീരമാവും.
ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയതിന് പുറമെ മാരുതി ഡിസയറിന്റെ എല്ലാ വേരിയൻ്റുകളിലും 6 എയർബാഗുകൾ സ്റ്റാൻഡേർഡായാണ് വരുന്നത്. ഒപ്പം ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ-ഹോൾഡ് അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ് എന്നീ ഫീച്ചറുകളും സെഡാനിൽ സ്റ്റാൻഡേർഡായി ലഭിക്കും. ഇന്ത്യയിലെ സബ്-4 മീറ്റർ സെഡാൻ സെഗ്മെന്റിൽ ഹോണ്ട അമേസ്, ഹ്യുണ്ടായി ഓറ, ടാറ്റ ടിഗോർ പോലുള്ള മിടുക്കൻമാരുമായാണ് ഡിസയർ മത്സരിക്കുന്നത്.


Click it and Unblock the Notifications