വില ഞെട്ടിച്ചു! 10.99 ലക്ഷത്തിന് ഇലക്‌ട്രിക് എസ്‌യുവി പുറത്തിറക്കി മാരുതി, ടാറ്റയും എംജിയും ഇനി കരയും
ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിപണിയിൽ നിന്നും ടാറ്റയും (Tata Motors) എംജിയും (MG) മഹീന്ദ്രയുമെല്ലാം പണംവാരുന്നത് ഇതുവരെ കണ്ടുനിൽക്കുകയായിരുന്നു രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. ഇ വിറ്റാര (Maruti Suzuki e Vitara) എന്നൊരു മിടുക്കനെ കൊണ്ടുവന്ന് വൈദ്യുത നിരയും വെട്ടിപ്പിടിക്കാനുള്ള പദ്ധതി കമ്പനി അവതരിപ്പിച്ചിട്ട് കാലംകുറച്ചായി. അടുത്തിടെ രാജ്യത്ത് പ്രദർശിപ്പിച്ചുവെങ്കിലും ലോഞ്ച് തീയതിയൊന്നും മാരുതി പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ സർപ്രൈസുകൾ പൊളിച്ച് ഇലക്‌ട്രിക് വാഹന വിപണിയിലേക്ക് മല്ലയുദ്ധത്തിനായി ഇറങ്ങിയിരിക്കുകയാണ് ബ്രാൻഡ്.
ടാറ്റയുടെ ഇലക്‌ട്രിക് കാറുകളെ ഞെട്ടിക്കുന്ന തരത്തിലുള്ള വിലയുമായാണ് മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിൽ എത്തിയിരിക്കുന്നത്. ബാറ്ററി-ആസ്-എ-സർവീസ് പ്ലാൻ പ്രകാരം 10.99 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് ഇ വിറ്റാര അവതരിപ്പിച്ചിരിക്കുന്നത്. അതായത് ഹ്യുണ്ടായി ക്രെറ്റ ഇവി, മഹീന്ദ്ര XEV 9e, എംജി ZS ഇവി, ടാറ്റ കർവ് ഇവി, ടാറ്റ നെക്സോൺ ഇവി തുടങ്ങിയവയ്ക്ക് വലിയ വെല്ലുവിളി തന്നെയായിരിക്കും മാരുതി ഉയർത്തുകയെന്ന് സാരം.

വാടക അടിസ്ഥാനത്തിൽ ബാറ്ററി നൽകുന്ന ഓരോ കിലോമീറ്ററിനും ഉപഭോക്താക്കൾ 3.99 രൂപ അധികമായി നൽകേണ്ടിവരും. ബാറ്ററി-ആസ്-എ-സർവീസ് (BaaS) റെൻ്റഡ് പ്രോഗ്രാം ഒഴികെയുള്ള കാറിൻ്റെ പൂർണ വില വിവരങ്ങൾ ബ്രാൻഡ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഡെൽറ്റ ട്രിമിലെ 49kWh ബാറ്ററി പായ്ക്കിൻ്റെ പ്രാരംഭ വിലയാണ് മാരുതി പുറത്തുവിട്ടിരിക്കുന്നത്. ബാറ്ററി സ്വന്തമായി വാങ്ങുന്ന തരത്തിൽ ഇവി വാങ്ങാൻ പ്ലാനുള്ളവർ വിലയറിയാൻ കുറച്ചുകൂടി കാത്തിരിക്കണം.
ഇ വിറ്റാര ഇപ്പോൾ BaaS പ്രോഗ്രാം വഴി മാത്രമാണ് വിൽക്കുന്നത്. അതിൽ വാങ്ങുന്നയാൾ കാറിന് മാത്രമേ പണം നൽകുന്നുള്ളൂ. എന്നാൽ ഇവി ഓടിക്കുന്ന ഓരോ കിലോമീറ്ററിനും ബാറ്ററിയുടെ വാടക നൽകേണ്ടതായി വരും. കൂടാതെ 3 വർഷത്തിന് ശേഷം 60 ശതമാനം ഉറപ്പായ ബൈബാക്ക്, സൗജന്യ ഹോം ചാർജർ ഇൻസ്റ്റാളേഷൻ, ഒരു വർഷത്തെ സൗജന്യ പബ്ലിക് ചാർജിംഗ് എന്നിവ ഉൾപ്പെടെയുള്ള ഉടമസ്ഥാവകാശ ആനുകൂല്യങ്ങളോടെയാണ് ഇലക്ട്രിക് എസ്‌യുവി എത്തുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

മാരുകി സുസുക്കിയുടെ ഗുജറാത്തിലെ പ്ലാൻ്റിൽ ഇവിക്കായുള്ള പ്രാദേശിക ഉത്പാദനം ആരംഭിച്ചു കഴിഞ്ഞു. കയറ്റുമതി വിപണികൾക്കായി നേരത്തെ തന്നെ ഇ വിറ്റാര ഇവിടെയാണ് നിർമിച്ചിരുന്നത്. ഇവികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യവ്യാപകമായി ഒരു ലക്ഷത്തിലധികം പൊതു ചാർജിംഗ് സ്റ്റേഷനുകളും ഉടൻ പ്രവർത്തം ആരംഭിക്കാനുള്ള പദ്ധതികളും ആവിഷ്ക്കരിച്ച് വരികയാണ് ബ്രാൻഡ്.
നെക്‌സ ബ്ലൂ, ഗ്രാൻഡിയർ ഗ്രേ, ആർട്ടിക് വൈറ്റ്, ഒപുലന്റ് റെഡ്, ലാൻഡ് ബ്രീസ് ഗ്രീൻ എന്നിവ പോലുള്ള ആകർഷകമായ കളർ ഓപ്ഷനുകളിലാണ് ഇ വിറ്റാര വിപണനത്തിന് എത്തുന്നത്. മൊത്തത്തിൽ 4,275 മില്ലീമീറ്റർ നീളവും 1,800 മില്ലീമീറ്റർ വീതിയും ഏകദേശം 1,640 മില്ലീമീറ്റർ ഉയരവും 2,700 മില്ലീമീറ്റർ വീൽബേസും ഉള്ള സമർപ്പിതമായ ഹാർട്ടെക്റ്റ്-ഇ സ്കേറ്റ്ബോർഡ് ആർക്കിടെക്ചറാണ് എസ്‌യുവി പണിതിറക്കിയിരിക്കുന്നത്.

അതേസേയം ഇലക്ട്രിക് എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറൻസ് 185 മില്ലിമീറ്ററിനടുത്താണ്. ബൂട്ട്‌സ്‌പേസ് ശേഷി 310 ലിറ്ററാണെന്നും മാരുതി പറയുന്നു. ഡെൽറ്റ, സീറ്റ, ആൽഫ എന്നിങ്ങനെ മൂന്ന് ട്രിമ്മുകളിലാണ് ഇവി വിപണനത്തിന് എത്തുന്നത്. അതോടൊപ്പം 49kWh, 61kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലും വാഹനം ലഭിക്കുന്നതാണ്. ഇതിൽ ആദ്യത്തേത് 144 bhp പവറും 440 കിലോമീറ്റർ റേഞ്ചും നൽകുമ്പോൾ വലിയ ബാറ്ററി മോഡലുകൾ 174 bhp കരുത്തും 543 കിലോമീറ്റർ റേഞ്ചും തരും.
49kWh, 61kWh ബാറ്ററി പായ്ക്കുകൾക്ക് യഥാക്രമം 6.5 മണിക്കൂറിനുള്ളിൽ 7.4kW ചാർജർ ഉപയോഗിച്ച് 10-80 ശതമാനം ചാർജ് ചെയ്യാൻ കഴിയുമെന്ന് മാരുതി അവകാശപ്പെടുന്നു. 70kW വരെ വേഗത പിന്തുണയ്ക്കുന്ന ഫാസ്റ്റ് DC ചാർജർ വഴി 45 മിനിറ്റിനുള്ളിൽ 10-80 ശതമാനം ചാർജ് ചെയ്യാനും ഇതിന് കഴിയും. 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളെല്ലാം കുത്തിനിറച്ചാണ് ഇ വിറ്റാര വരുന്നത്.
കൂടാതെ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഇൻഫിനിറ്റി സൗണ്ട് സിസ്റ്റം, വയർലെസ് ചാർജിംഗ് പാഡ്, ഫിക്സഡ് ഗ്ലാസ് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ഡ്രൈവ് മോഡുകൾ, മുൻവശത്ത് വെന്റിലേറ്റഡ് സീറ്റുകൾ, 10-വേ പവർഡ് ഡ്രൈവർ സീറ്റ്, സ്ലൈഡിംഗ്, റീക്ലൈനിംഗ് പിൻ സീറ്റുകൾ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ എന്നീ ഫീച്ചറുകളും ഇ വിറ്റാരയുടെ ഭാഗമാണ്. അങ്ങനെ നോക്കുമ്പോൾ സെഗ്മെൻ്റിൽ തല ഉയർത്തി നിൽക്കാൻ ഇവിക്കാവും.
7 എയർബാഗുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, 360-ഡിഗ്രി ക്യാമറ, ടയർ-പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ലെവൽ 2 ADAS, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവ ഇ വിറ്റാരയുടെ സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നു. BNCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗും ഇ വിറ്റാര നേടിയിരുന്നു. ബാറ്ററി പായ്ക്കിന് 8 വർഷത്തെ അല്ലെങ്കിൽ 1,60,000 കിലോമീറ്റർ വാറണ്ടിയും വാഹനത്തിന് 3 വർഷത്തെ വാറണ്ടിയും മാരുതി നൽകുന്നു.
അധിക ചിലവിൽ വാഹനത്തിന് 5 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയും ലഭിക്കും. മാരുതിയുടെ 'ഇ ഫോർ മി' ആപ്പ് വഴി ഒരു വർഷത്തേക്ക് സൗജന്യ ചാർജിംഗിനൊപ്പം സൗജന്യ ഹോം ചാർജിംഗും ഇൻസ്റ്റാളേഷനും വാഗ്ദാനം ചെയ്യുന്നുണ്ട്. നെക്സയുടെ മുൻനിര ഡീലർഷിപ്പുകളിലെല്ലാം ഇതിനോടകം ചാർജിംഗ് സ്റ്റേഷൻ സ്ഥാപിച്ചുവരികയാണ് കമ്പനി. അതിനാൽ യാത്രകളിൽ ചാർജിംഗ് ഒരു തലവേദനയാവാൻ വഴിയില്ല.


Click it and Unblock the Notifications








