13 ദിവസത്തിൽ മാരുതിയുടെ ഇലക്‌ട്രിക് എസ്‌യുവി വാങ്ങിയത് 870 പേർ; കൊതിയോടെ നോക്കിനിന്ന് ക്രെറ്റ ഇവി
ഇലക്ട്രിക് പാസഞ്ചർ കാർ വിപണിയിലേക്ക് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇ വിറ്റാരയുമായി (Maruti Suzuki e Vitara) രംഗത്തിറങ്ങുകയുണ്ടായി. 2026 ഫെബ്രുവരി 17-ന് വിപണിയിലെത്തിയ ഇലക്ട്രിക് എസ്‌യുവി വിലയിൽ ഞെട്ടിച്ചുകൊണ്ടാണ് രംഗപ്രവേശം ചെയ്‌ത്. ടാറ്റ ഇവികളെ ഞെട്ടിച്ചുകൊണ്ട് ബാറ്ററി-ആസ്-എ-സർവീസ് പ്ലാൻ പ്രകാരം 10.99 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് ഇ വിറ്റാര അവതരിപ്പിച്ചത്. സെഗ്മെന്റിലുള്ള എതിരാളികളേക്കാൾ കുറഞ്ഞ വിലയിൽ മോഡൽ വാങ്ങാനാവുമെന്നത് പലരേയും ആകർഷിച്ചിട്ടുണ്ട്. പ്രത്യേകിച്ച് മാരുതിയുടെ വാഹനമാവുമ്പോൾ കണ്ണുംപൂട്ടി വാങ്ങാല്ലോയെന്നാണ് പലരുടേയും ധാരണ.
മാരുതി ഇവി ഇറക്കുമ്പോൾ വാങ്ങിക്കാമെന്ന് പറഞ്ഞിരുന്നവരും ഷോറൂമുകളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. ഇ വിറ്റാര പുറത്തിറങ്ങി 13 ദിവസത്തിൽ വാങ്ങിക്കൊണ്ട് പോയത് 870 പേരാണ്. അതായത് തുടക്കം ഗഭീരമാക്കാൻ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ട്. മാത്രമല്ല, രാജ്യത്തെ ടോപ്പ് 10 ഇലക്ട്രിക് കാറുകളുടെ പട്ടികയി പത്താംസ്ഥാനം കൈവരിക്കാനും ഈ ചുരുങ്ങിയ ദിവസത്തിൽ മോഡലിനായിട്ടുണ്ട്.

ഹ്യുണ്ടായി ക്രെറ്റ ഇവി പോലുള്ള എതിരാളികളെ വെട്ടിനിരത്തിയ മാരുതി സുസുക്കി ഇ വിറ്റാര വരും ദിവസങ്ങളിൽ കൂടുതൽ വലിയ വിൽപ്പന കണക്കുകൾ സ്വന്തമാക്കുമെന്നാണ് അനുമാനം. ബാറ്ററി-ആസ്-എ-സർവീസ് പ്ലാൻ പ്രകാരം 10.99 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് ഇ വിറ്റാര വിപണിയിലെത്തിയത്. ബേസ് മോഡൽ മാത്രമാണ് സബ്സ്ക്രിപ്ഷൻ പ്ലാനിലൂടെ വാങ്ങിക്കാനാവുന്നത്. വാടക അടിസ്ഥാനത്തിൽ ബാറ്ററി നൽകുന്ന ഓരോ കിലോമീറ്ററിനും ഉപഭോക്താക്കൾ 3.99 രൂപ അധികമായി നൽകേണ്ടിവരും.
ഇനി BaaS സർവീസ് വേണ്ടെന്ന് വെക്കുന്നവരാണെങ്കിൽ ഇ വിറ്റാര ബേസ് ഡെൽറ്റ 49 kWh ബാറ്ററി പതിപ്പിന് 15.99 ലക്ഷവും സീറ്റ 61 kWh വേരിയൻ്റിന് 17.49 ലക്ഷവും ആൽഫ 61 kWh വേരിയൻ്റിന് 19.79 ലക്ഷവുമാണ് മുടക്കേണ്ടി വരിക. അതേസമയം ഇലക്ട്രിക് എസ്‌യുവിയുടെ ആൽഫ 61 kWh ഡ്യുവൽ ടോൺ ടോപ്പ് എൻഡ് വേരിയന്റാണ് നോക്കുന്നതെങ്കിൽ 20.01 ലക്ഷവും മുടക്കേണ്ടി വരും.

ഇതുകൂടാതെ 3 വർഷത്തിന് ശേഷം 60 ശതമാനം ഉറപ്പായ ബൈബാക്ക്, സൗജന്യ ഹോം ചാർജർ ഇൻസ്റ്റാളേഷൻ, ഒരു വർഷത്തെ സൗജന്യ പബ്ലിക് ചാർജിംഗ് എന്നിവ ഉൾപ്പെടെയുള്ള ഉടമസ്ഥാവകാശ ആനുകൂല്യങ്ങളോടെയാണ് ഇ വിറ്റാര വരുന്നത്. മാരുതിയുടെ തിരഞ്ഞെടുക്കപ്പെട്ട ഡീലര്‍ഷിപ്പുകളിലെ പബ്ലിക് ചാര്‍ജിംഗ് സൗകര്യം 1 വര്‍ഷത്തേക്ക് സൗജന്യമായി ഉപയോഗിക്കാം. അധിക ചിലവിൽ മാരുതി സുസുക്കിയുടെ ആദ്യത്തെ ഇവിക്ക് 5 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയും ലഭിക്കും.
സമർപ്പിതമായ ഹാർട്ടെക്റ്റ്-ഇ സ്കേറ്റ്ബോർഡ് ആർക്കിടെക്ചറിൽ പണികഴിപ്പിച്ചിരിക്കുന്ന മോഡലിന് മൊത്തത്തിൽ 4,275 മില്ലീമീറ്റർ നീളവും 1,800 മില്ലീമീറ്റർ വീതിയും ഏകദേശം 1,640 മില്ലീമീറ്റർ ഉയരവും 2,700 മില്ലീമീറ്റർ വീൽബേസുമാണുള്ളത്. 49kWh, 61kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് ഇ വിറ്റാരയ്ക്കുള്ളത്. ഇതിൽ ചെറിയ ബാറ്ററി 144 bhp പവറും 440 കിലോമീറ്റർ റേഞ്ചും നൽകുമ്പോൾ വലിയ ബാറ്ററി മോഡലുകൾ 174 bhp കരുത്തും 543 കിലോമീറ്റർ റേഞ്ചുമാണ് വാഗ്ദാനം ചെയ്യുന്നത്.

49kWh, 61kWh ബാറ്ററി പായ്ക്കുകൾക്ക് യഥാക്രമം 6.5 മണിക്കൂറിനുള്ളിൽ 7.4kW ചാർജർ ഉപയോഗിച്ച് 10-80 ശതമാനം ചാർജ് ചെയ്യാൻ കഴിയുമെന്ന് മാരുതി അവകാശപ്പെടുന്നു. 70kW വരെ വേഗത പിന്തുണയ്ക്കുന്ന ഫാസ്റ്റ് DC ചാർജർ വഴി 45 മിനിറ്റിനുള്ളിൽ 10-80 ശതമാനം ചാർജ് ചെയ്യാനും ഇതിന് കഴിയും. ഫീച്ചറുകളുടെ കാര്യത്തിലും സേഫ്റ്റിയുടെ കാര്യത്തിലും ആള് പുലിയാണെന്ന് ഉറപ്പാക്കിയാണ് മാരുതി സുസുക്കി ഇവി വിപണനത്തിന് എത്തിച്ചിരിക്കുന്നത്.
10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഇൻഫിനിറ്റി സൗണ്ട് സിസ്റ്റം, വയർലെസ് ചാർജിംഗ് പാഡ്, ഫിക്സഡ് ഗ്ലാസ് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ഡ്രൈവ് മോഡുകൾ, മുൻവശത്ത് വെന്റിലേറ്റഡ് സീറ്റുകൾ, 10-വേ പവർഡ് ഡ്രൈവർ സീറ്റ്, സ്ലൈഡിംഗ്, റീക്ലൈനിംഗ് പിൻ സീറ്റുകൾ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ തുടങ്ങിയ ഫീച്ചറുകളെല്ലാം ഇവിയിലുണ്ട്.


Click it and Unblock the Notifications








