രണ്ട് ഫാമിലിക്ക് കയറാം, വില 8.80 ലക്ഷം മുതൽ; ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ഏക 7 സീറ്റർ
ഒരു വലിയ ഫാമിലി കാർ വാങ്ങണമെന്ന് ആഗ്രഹമില്ലാത്തവർ വളരെ കുറവായിരിക്കും. കാരണം വീട്ടിൽ 5-സീറ്ററിൽ തികയുന്നതിനേക്കാൾ ആളുകൾ ഉണ്ടാവുന്ന സാഹചര്യം പലപ്പോഴും നമ്മളിൽ പലരും നേരിട്ടിട്ടുണ്ടാവാം. ഈയൊരു അവസ്ഥയിൽ പൊതുവേ എല്ലാവരും ചെയ്യുന്നത് ഓടിപ്പോയൊരു വണ്ടി വാടകയ്ക്ക് എടുക്കുന്നതായിരിക്കും അല്ലേ. ഇനി എപ്പോഴെങ്കിലും പുതിയൊരു 7-സീറ്റർ വാങ്ങണമെന്ന് ആശിക്കുന്നവരെല്ലാം ആദ്യം ഓടിപ്പോവുന്നത് മാരുതി സുസുക്കിയുടെ (Maruti Suzuki) ഷോറൂമിലേക്കാവും. ടൊയോട്ട ഇന്നോവയായിരിക്കും പലർക്കും വാങ്ങാൻ ആഗ്രഹമെങ്കിലും എർട്ടിഗയുടെ ഡബിൾ കൊടുത്താലേ വാങ്ങാനാവൂ എന്നതിനാൽ പലരും എർട്ടിഗയാണ് തെരഞ്ഞെടുക്കാറ്.
താങ്ങാനാവുന്ന വില മാത്രമല്ല, കുറഞ്ഞ മെയിന്റനെൻസ്, കിടു മൈലേജ്, ആവശ്യത്തിലധികം സ്പേസ്, പ്രായോഗികത, റീസെയിൽ വാല്യു എന്നിവയുടെ കാര്യത്തിലെല്ലാം ഇവൻ വേറെ ലെവലാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയിൽ ടോപ്പ് ചാർട്ടുകളിൽ എപ്പോഴും എർട്ടിഗയുടെ പേരും കാണാം. 2025-26 സാമ്പത്തിക വർഷം ഇന്ത്യയിലെ പാസഞ്ചർ വാഹന വിൽപ്പനയ്ക്ക് ഒരു മികച്ച വർഷമായിരുന്നുവെങ്കിലും ചുരുക്കം ചില മോഡലുകൾ മാത്രമാണ് 2 ലക്ഷം യൂണിറ്റ് വിൽപ്പന കൈവരിക്കുകയോ അതിനടുത്ത് എത്തുകയോ ചെയ്തത്.

മാരുതി സുസുക്കി എർട്ടിഗ ഇക്കൂട്ടത്തിലുള്ള ഏക എംപിവിയാണെന്നും ശ്രദ്ധേയമായി. 2026 സാമ്പത്തിക വർഷത്തിൽ 2 ലക്ഷത്തിനടുത്ത് എത്തുന്ന രാജ്യത്തെ ഏക എംപിവി എന്ന നിലയിൽ അതിന്റേതായ പ്രാധാന്യമുണ്ട്. 1,98,876 യൂണിറ്റ് വിൽപ്പനയാണ് സെവൻ സീറ്ററിനെ തേടി ഇക്കാലയളവിൽ എത്തിയത്. എംപിവി ശ്രേണിയിലെ ഏറ്റവും പ്രമുഖമായ രണ്ട് മോഡലുകളായ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെയും ഇന്നോവ ഹൈക്രോസിന്റെയും സംയോജിത വിൽപ്പന 1.12 ലക്ഷം യൂണിറ്റായിരുന്നു.
എർട്ടിഗ സ്വന്തമായി നേടിയതിന്റെ പകുതി മാത്രം വിൽപ്പനയാണിത്. LXi, VXi, VXi CNG, ZXi, VXi AT എന്നിങ്ങനെ വിവിധ വേരിയൻ്റുകളിൽ എംപിവി തെരഞ്ഞെടുക്കാനും സാധിക്കുന്നതാണ് ആളുകളെ ആകർഷിക്കുന്ന മറ്റൊരു കാര്യം. ഒപ്പം ടാക്‌സി വിപണിക്കായും പ്രത്യേക വേരിയന്റ് കമ്പനി പുറത്തിറക്കുന്നുണ്ട്. പെട്രോൾ, സിഎൻജി ഫ്യുവൽ ഓപ്ഷനുകളിലാണ് മാരുതി സുസുക്കിയുടെ 7 സീറ്റർ വിപണിയിലെത്തുന്നത്.

1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഇതിൽ ആദ്യത്തേത്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 102 bhp പവറിൽ പരമാവധി 137 Nm ടോർക്ക് വരെ നിർമിക്കാൻ ശേഷിയുള്ളതാണ്. എംപിവിയുടെ പെട്രോള്‍ മാനുവല്‍ ലിറ്ററിന് 20.51 കിലോമീറ്റര്‍ മൈലേജ് തരുമ്പോൾ പെട്രോള്‍ ഓട്ടോമാറ്റിക് 20.30 കിലോമീറ്റർ ഇന്ധനക്ഷമതയാണ് തരിക.
കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ 87 bhp കരുത്തിൽ 121.5 Nm ടോര്‍ക്ക് മാത്രമേ നൽകാനാവൂ. പെർഫോമൻസ് കുറയുമെങ്കിലും മൈലേജിൻ്റെ കാര്യത്തിൽ ധനികനാണ് സിഎൻജി പതിപ്പുകൾ. 26.11 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ഹരിതബദലുകൾ നൽകുക. ഫീച്ചറുകളുടെ കാര്യത്തിൽ മാരുതി സുസുക്കി എർട്ടിഗ 7 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ ടച്ച്‌സ്‌ക്രീൻ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ, ക്രൂയിസ് കൺട്രോൾ, ഉയർന്ന വേരിയന്റുകളിൽ കണക്റ്റഡ് കാർ സാങ്കേതികവിദ്യ എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ട്.

സേഫ്റ്റിലിൽ ക്രാഷ് ടെസ്റ്റ് റേറ്റിംഗുകൾ ഒന്നുമില്ലെങ്കിലും 6 എയർബാഗുകൾ, ഇബിഡി സഹിതമുള്ള എബിഎസ്, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ സവിശേഷതകൾ സ്റ്റാൻഡേർഡായി തന്നെ വാഹനത്തിൽ ലഭ്യമാണ്. 8.80 ലക്ഷം മുതൽ 12.94 ലക്ഷം വരെയാണ് മാരുതി സുസുക്കി എർട്ടിഗയുടെ എക്സ്ഷോറൂം വില വരുന്നത്. എർട്ടിഗയേക്കാൾ പ്രീമിയമായ 6 സീറ്റർ മോഡലും മാരുതി വിൽക്കുന്നുണ്ട്.
മാരുതി സുസുക്കിയുടെ പ്രീമിയം ഔട്ട്ലെറ്റായ നെക്‌സ ഡീലർഷിപ്പിലൂടെ വിപണനം ചെയ്യുന്ന XL6 എംപിവിയാണിത്. എർട്ടിഗയ്ക്ക് അടിസ്ഥാനമായിരിക്കുന്ന അതേ സുസുക്കിയുടെ അഞ്ചാം തലമുറ ഹാർട്ടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് XL6 പണികഴിപ്പിച്ചിരിക്കുന്നത്. 6 സീറ്റർ പതിപ്പാണെങ്കിലും പ്രീമിയം കാർ ഫീൽ നൽകുന്ന തരത്തിലാണ് മോഡൽ ഡിസൈൻ ചെയ്‌ത് എടുത്തിരിക്കുന്നതെന്നതാണ് ശ്രദ്ധേയമായ വിഷയം.


Click it and Unblock the Notifications