പഞ്ചിനെ പഞ്ചറാക്കി മാരുതിയുടെ 6.85 ലക്ഷത്തിന്റെ എസ്‌യുവി, കഴിഞ്ഞ മാസം ഇന്ത്യയിലെ രണ്ടാമൻ
ഇന്ത്യയിലെ കുഞ്ഞൻ എസ്‌യുവി വിഭാഗത്തിൽ ടാറ്റ പഞ്ചിനുള്ള ആധിപത്യം പ്രത്യേകിച്ച് പറഞ്ഞറിയിക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ. ഓരോ മാസവും ചൂടപ്പം പോലെ വിറ്റഴിയുന്ന മൈക്രോ സ്പോർട് യൂട്ടിലിറ്റി വാഹനം പലപ്പോഴും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിയപ്പെടുന്ന കാറായി മാറാറുമുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ സ്ഥാനം മാരുതി സുസുക്കി ഡിസയർ കൈയടക്കിവെച്ചിരിക്കുന്നതിനാൽ പലപ്പോഴും പഞ്ച് രണ്ടാമനായാണ് അരങ്ങുവാഴുന്നത്. എന്നാൽ 2026 മെയ് മാസത്തിൽ ഏവരേയും ഞെട്ടിച്ചുകൊണ്ട് പഞ്ചിനെ പഞ്ചറാക്കി മാരുതിയുടെ 6.85 ലക്ഷത്തിന്റെ എസ്‌യുവി (Maruti SUV) ഈ സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ്.
ഇപ്പോൾ റോഡിലിറങ്ങിയാൽ ഏറ്റവും കൂടുതൽ കാണുന്ന മാരുതി എസ്‌യുവിയായ ഫ്രോങ്ക്‌സാണ് കഴിഞ്ഞ മാസം വിൽപ്പനയിൽ പഞ്ചിനെ ഓവർടേക്ക് ചെയ്‌തിരിക്കുന്നത്. 2026 മെയ് മാസത്തിൽ 20,686 യൂണിറ്റുകൾ നിരത്തിലെത്തിച്ചുകൊണ്ടാണ് ഫ്രോങ്ക്‌സ് രാജ്യത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാറായി മാറിയിരിക്കുന്നത്. അതേസമയം ടാറ്റയുടെ മൈക്രോ എസ്‌യുവിയുടെ 20,208 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിപണനം ചെയ്‌തത്.

വലിയ മാർജിനിലല്ല വിൽപ്പനയിൽ ഫ്രോങ്ക്‌സ് രണ്ടാംസ്ഥാനം കൈയടക്കിയിരിക്കുന്നതെങ്കിലും മാരുതിയെ സംബന്ധിച്ച് ഇതൊരു വലിയ നേട്ടം തന്നെയാണ്. നിലവിൽ 6.85 ലക്ഷം രൂപ മുതൽ 13.77 ലക്ഷം വരെയാണ് മാരുതിയുടെ സബ്-4 മീറ്റർ എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ലുക്കിന്റെ കാര്യത്തിലായാലും പെർഫോമൻസിലായാലും ബിൽഡ് ക്വാളിറ്റിയുടെ കാര്യത്തിലായാലും ഹേറ്റേഴ്സില്ലാത്ത മോഡൽ കൂടിയാണ് ഫ്രോങ്ക്‌സ് എന്ന ക്രോസ്ഓവർ എസ്‌യുവി.
മാരുതി ബലേനോയെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്നതിനാൽ അതിലെ അതേ എഞ്ചിൻ ഓപ്ഷനുകളായ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എന്നിവയാമ് ഫ്രോങ്ക്‌സിനും തുടിപ്പേകുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷനുമായി വരുന്ന NA പെട്രോൾ എഞ്ചിന് 88 bhp പവറിൽ പരമാവധി 113 Nm torque വരെ നിർമിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്.

അതേസമയം ഫ്രോങ്ക്‌സിലെ 1.0 ലിറ്റർ ടർബോ ബൂസ്റ്റർജെറ്റ് എഞ്ചിൻ മോഡലുകൾക്ക് 99 bhp കരുത്തിൽ 147.6 Nm ടോർക്കും വികസിപ്പിക്കുന്ന തരത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ടർബോ-പെട്രോളിൽ ഒരുക്കിയിരിക്കുന്നത്. ഇതുകൂടാതെ മൈലേജ് പ്രേമികളെ സന്തോഷിപ്പിക്കാനായി സിഎൻജി വേരിയന്റും ഫ്രോങ്ക്‌സിലുണ്ട്. സാധാരണ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തുന്ന കാറുകളെ പോലെ ഇതിൽ പെർഫോമൻസ് കണക്കുകൾ കുറവായിരിക്കുമെന്ന് മാത്രം.
ഫ്രോങ്ക്‌സിന്റെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റുകൾക്ക് 28.51 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. ഡിസൈനിലേക്ക് വന്നാൽ ഗ്രാൻഡ് വിറ്റാരയെ അനുസ്‌മരിപ്പിക്കുന്ന ഫ്രണ്ട് ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി മൾട്ടി-റിഫ്ലക്ടർ ഹെഡ്‌ലാമ്പുകൾ, ചങ്കി ബോഡി ക്ലാഡിംഗ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, കണക്‌റ്റഡ് എൽഇഡി ടെയിൽ ലാമ്പ്, കൂപ്പെ പോലെ പിന്നിലേക്ക് ചരിഞ്ഞിറങ്ങുന്ന റിയർ ഗ്ലാസ് ഏരിയ എന്നിവയെല്ലാമാണ് ഈ സബ്-4 മീറ്റർ എസ്‌യുവിക്ക് മാറ്റേകുന്നത്.

വിശാലമായ സ്പേസുള്ള ഇൻ്റീരിയർ കൂടിയാവുമ്പോൾ 5 പേരടങ്ങുന്ന ഫാമിലിക്ക് പറ്റിയ വാഹനമായി ഫ്രോങ്ക്സ് മാറുന്നു. 9 ഇഞ്ച് സ്മാർട്ട്പ്ലേ പ്ലോ പ്ലസ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജർ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, 360-ഡിഗ്രി ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ്, കീലെസ് എൻട്രി, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, റിയർ ഡിഫോഗർ തുടങ്ങിയ കാലത്തിനൊത്ത ഫീച്ചറുകളാണ് അകത്തളത്തിൽ ലഭിക്കുന്നത്.
താങ്ങാനാവുന്ന വില, അഡാറ് ലുക്ക്, കിടിലൻ ഫീച്ചറുകൾ, കുറഞ്ഞ മെയിന്റനെൻസ്, നല്ല വില എന്നീ മാരുതിയുടെ എല്ലാ സംഭവങ്ങളും ഒത്തുചേർന്ന ഫ്രോങ്ക്‌സ് ഇത്തരത്തിൽ വിറ്റഴിയുന്നതിന് ഇനി വേറെ കാരണങ്ങൾ ഒന്നും അന്വേഷിക്കേണ്ടതില്ലല്ലോ. മാരുതി ബലേനോ വാങ്ങാൻ ഷോറൂമിലെത്തുന്ന പലരും ഫ്രോങ്ക്‌സിന്റെ ഭംഗി കണ്ട് വീഴുന്നതാണ് കച്ചോടം ഇങ്ങനെ ഉയരാൻ കാരണമാവുന്നത്. അതേസമയം ബലേനോയുടെ വിൽപ്പന കുറയുന്നുമില്ലെന്നത് കമ്പനിക്ക് ഇരട്ടി സന്തോഷം നൽകുന്ന കാര്യം കൂടിയാണ്.


Click it and Unblock the Notifications