യാതൊരു കുറ്റവും പറയാനില്ല! വാങ്ങിയാൽ സന്തോഷം മാത്രം, 5-സീറ്റർ ഫാമിലി എസ്‌യുവിക്ക് ലക്ഷങ്ങളുടെ ഓഫറുമായി മാരുതി
ഇന്ത്യയിൽ ഹൈബ്രിഡ് കാറുകളുടെ തരംഗം സൃഷ്‌ടിച്ച മോഡലാണ് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര (Maruti Suzuki Grand Vitara). വലിയ എസ്‌യുവികളിലും നല്ല മൈലേജ് നൽകാനാവുമെന്ന് തെളിയിച്ച മോഡൽ വാങ്ങിയവരാരും ഇതുവരെ യാതൊരു കുറ്റവും പറയാതെ സന്തോഷത്തോടെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ മാരുതി കാറുകളേയും പോലെ കൂടിയ മൈലേജും കുറഞ്ഞ മെയിന്റനെൻസും താങ്ങാനാവുന്ന വിലയും കൂടിക്കിട്ടിയപ്പോൾ ആളുകളെല്ലാം ഹൃദയത്തിലേറ്റിയ മോഡൽ ഇപ്പോൾ വമ്പൻ ഡിസ്‌കൗണ്ടിൽ വിറ്റഴിച്ചുകൊണ്ടിരിക്കുകയാണ്. 2026 മെയ് മാസത്തേക്കായി ഗംഭീര ഓഫറുകളാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഗ്രാൻഡ് വിറ്റാരയുടെ സിഗ്മ മാനുവൽ വേരിയന്റിന് 1.08 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭ്യമാണെന്നാണ് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. മിഡ്-സൈസ് എസ്‌യുവിയുടെ സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകൾക്ക് 90,000 രൂപ വരെ ഡിസ്‌കൗണ്ടും സീറോ റോഡ് ടാക്സ് (1.85 ലക്ഷം രൂപ വരെ), 5 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയും ഉൾപ്പെടെ അധിക ആനുകൂല്യങ്ങളുമാണ് വാങ്ങാൻ എത്തുന്നവരെ ഇപ്പോൾ കാത്തിരിക്കുന്നത്.

എസ്‍യുവിയുടെ മറ്റെല്ലാ പെട്രോൾ വേരിയന്റുകൾക്കും 85,000 രൂപ വരെ ആനുകൂല്യങ്ങളും സിഎൻജി വേരിയന്റുകൾക്ക് 70,000 രൂപ വരെ ഓഫറുകളും മാരുതി സുസുക്കി അവതരിപ്പിച്ചിട്ടുണ്ട് എന്നതും വിശാലമായ ആളുകളെ ആകർഷിക്കുമെന്ന് തന്നെ കരുതാം. എന്നിരുന്നാലും നഗരം, സംസ്ഥാനം, ഡീലർഷിപ്പ്, സ്റ്റോക്ക് ലഭ്യത എന്നിവയെ അടിസ്ഥാനമാക്കി ഗ്രാൻഡ് വിറ്റാരയുടെ ഓഫറിൽ മാറ്റമുണ്ടാവാൻ സാധ്യതയുണ്ട് കേട്ടോ.
അതിനാൽ ഇത്രയും വലിയ ഓഫർ കേട്ടറിഞ്ഞ് തുള്ളിച്ചാടുന്നതിന് മുമ്പ് അടുത്തുള്ള മാരുതി നെക്‌സ ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ടൊയോട്ട ആർബൻ ക്രൂയിസർ ഹൈറൈഡർ, ഹോണ്ട എലിവേറ്റ്, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സിട്രൺ C3, ടാറ്റ സിയറ പോലുള്ള വമ്പൻ മോഡലുകളുമായാണ് ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഗ്രാൻഡ് വിറ്റാര മത്സരിക്കുന്നത്.

മോഡലിന് നിലവിൽ 10.77 ലക്ഷം മുതൽ 19.57 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. അടുത്തിടെ ജിഎസ്‌ടി 2.0 പരിഷ്ക്കാരങ്ങൾക്ക് ശേഷമുള്ള പുതുക്കിയ വില വിവരമാണിത്. 1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ, 1.5 സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് ഗ്രാൻഡ് വിറ്റാരയിൽ വരുന്നത്. മൈൽഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ 102 bhp കരുത്തിൽ പരമാവധി 137 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
ഇതിൽ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളാണുള്ളത്. ഇതിനൊപ്പം സിഎൻജി പവർട്രെയിൻ, ഓൾ-വീൽ ഡ്രൈവ് എന്നീ സവിശേഷതകളും കമ്പനി ഒരുക്കിയിട്ടുണ്ട്. മറുവശത്ത് eCVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന ഗ്രാൻഡ് വിറ്റാരയുടെ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിന് 113 bhp പവറിൽ 122 Nm ടോർക്ക് വരെ നൽകാനും കഴിയും. മൈലേജിലും ആശാൻ അടിപൊളിയാണ് കേട്ടോ.

ഗ്രാൻഡ് വിറ്റാരയുടെ ഹൈബ്രിഡ് മോഡലുകൾ ലിറ്ററിന് 27.97 കിലോമീറ്റർ മൈലേജും മൈൽഡ് ഹൈബ്രിഡ് വേരിയന്റുകൾ ലിറ്ററിന് 19.38 കിലോമീറ്ററും ഇന്ധനക്ഷമതയുമാണ് അവകാശപ്പെടുന്നത്. അതേസമയം സിഎൻജി പതിപ്പുകൾക്ക് 26.6 കിലോമീറ്റർ ഇന്ധനക്ഷമത വരെയാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്. സുസുക്കിയുടെ ഗ്ലോബൽ സി പ്ലാറ്റ്‌ഫോമിലാണ് ഗ്രാൻഡ് വിറ്റാര നിർമിച്ചിരിക്കുന്ന എസ്‌യുവിക്ക് മൊത്തത്തിൽ 4,345 mm നീളവും 1,795 mm വീതിയും 1,645 mm ഉയരവുമാണുള്ളത്.
മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ വീൽബേസ് നീളം 2,600 മില്ലീമീറ്ററും ഗ്രൗണ്ട് ക്ലിയറൻസ് 210 മില്ലീമീറ്ററുമാണ്. സ്റ്റാൻഡേർഡ് പെട്രോൾ, സിഎൻജി വേരിയന്റുകൾ 373 ലിറ്റർ ബൂട്ട് സ്പേസ് വാഗ്ദാനം ചെയ്യുമ്പോൾ. ബാറ്ററി ഫ്ലോറിനടിയിൽ സ്ഥാപിക്കുന്നതിനാൽ സ്ട്രോംഗ് ഹൈബ്രിഡ് മോഡലിന് 265 ലിറ്റർ ശേഷി മാത്രമാണുള്ളതെന്ന കാര്യം പ്രത്യേകം ഓർമിക്കേണേ. ഫീച്ചറുകളിലും മിടുക്കനായതിനാൽ വാങ്ങിയാൽ ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല കേട്ടോ.


Click it and Unblock the Notifications