മാരുതിയുടെ യൂറോപ്യൻ ഹാച്ച്ബാക്കിന് 55,000 രൂപയുടെ ഓഫറുമായി നെക്‌സ, ഇതുപോലൊരു അവസരം ഇനി കിട്ടിയെന്ന് വരില്ല
സ്വിഫ്റ്റിനെ പോലെ തന്നെ ഇന്ത്യയിൽ ഭയങ്കര ഫാൻബേസുള്ള മറ്റൊരു മാരുതി സുസുക്കി ഹാച്ച്ബാക്കായിരുന്നു റിറ്റ്സ്. ഇന്നും സെക്കൻഡ് ഹാൻഡ് വിപണിയിൽ നല്ല ഡിമാൻ്റുള്ള മോഡലിന് പകരക്കാരനായി എത്തിയത് ഇഗ്നിസ് എന്ന സുന്ദരനായിരുന്നു. പക്ഷേ തുടക്കത്തിൽ ആളുകൾക്ക് അത്ര ഇഷ്‌ടമല്ലാതിരുന്ന കാർ പിന്നീട് മലയാളികളുടെ ഫേവറീറ്റ് ആയി മാറുന്ന കാഴ്ച്ചയാണ് കാണാനായത്. ഇന്ന് ഇഗ്നിസിന് ഏറ്റവും കൂടുതൽ വിൽപ്പനയുള്ള നാടായി കേരളം മാറിക്കഴിഞ്ഞു. ഡിസൈനിലെ ചെത്ത് ലുക്ക് തന്നെയാണ് ഇതിൻ്റെ പ്രധാന കാരണം. ഒപ്പം സ്വിഫ്റ്റ് 3-സിലിണ്ടർ എഞ്ചിനിലേക്ക് ചേക്കേറിയതോടെ സ്വിഫ്റ്റ് വാങ്ങിനിരുന്നവരിൽ പലരും ഓടിച്ചെന്നത് ഇഗ്നിസിൻ്റെ അടുത്തേക്കായിരുന്നു.
ഇതെല്ലാം മനസിലാക്കിയ മാരുതി സുസുക്കി ഇതാ 2026 ഫെബ്രുവരി മാസസത്തേക്കായി ഇഗ്നിസിന് കിടിലൻ ഓഫറുകളും ആനുകൂല്യങ്ങളും വാഗ്‌ദാനം ചെയ്‌ത് മുമ്പോട്ട് എത്തിയിരിക്കുകയാണ്. മാരുതിയുടെ നെക്സ ഷോറൂമുകളിലെ പ്രീമിയം കാറുകളുടെ വിപുലമായ നിരയ്ക്ക് ഈ മാസം വൻ കിഴിവുകൾ ലഭിക്കുന്നതിൻ്റെ ഭാഗമായാണ് എൻട്രി ലെവൽ മോഡലിനും കിടിലൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

നെക്സ ഷോറൂമുകൾക്ക് കീഴിൽ വരുന്ന മിക്ക മോഡലുകൾക്കും 3,000 രൂപയുടെ എസിആർഎം ഓഫറും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് കോംപാക്‌ട് ഹാച്ച്ബാക്കായ ഇഗ്നിസിലും ലഭ്യമാക്കിയത് നല്ലൊരു തീരുമാനമായി കണക്കാക്കാം. മാരുതി സുസുക്കി ഇഗ്നിസിൽ 25,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും അല്ലെങ്കിൽ 30,000 രൂപ സ്‌ക്രാപ്പേജ് ബോണസും നൽകുന്നു. അങ്ങനെ മൊത്തത്തിൽ ഈ ഓഫറുകൾ വഴി ഉപഭോക്താക്കൾക്ക് 55,000 രൂപ വരെ ലാഭിക്കാൻ കഴിയും.
വേരിയൻ്റ് തിരിച്ചുള്ള ഓഫറുകൾ നോക്കിയാൽ ഇഗ്നിസിൻ്റെ സിഗ്മ മാനുവൽ മോഡലുകൾക്കാണ് 55,000 ഓഫർ ലഭിക്കുക. കാറിൻ്റെ മറ്റ് മാനുവൽ ഗിയർബോക്‌സ് പതിപ്പുകൾക്ക് 40,000 രൂപയുടെ ആനുകൂല്യങ്ങളും ഓട്ടോമാറ്റിക് മോഡലുകൾക്ക് 45,000 രൂപ വരെ ആനുകൂല്യങ്ങളുമാണ് ലഭിക്കുക. ഡീലർഷിപ്പ്, സ്റ്റോക്ക് ലഭ്യത, സംസ്ഥാനം, സ്ഥലം എന്നിവയെ അനുസരിച്ച് ഓഫറിലും മാറ്റങ്ങളുണ്ടായേക്കാം കേട്ടോ.

എന്തായാലും ഇഗ്നിസ് വാങ്ങാൻ പ്ലാനിട്ടിരിക്കുന്നവർക്ക് ഒരു സുവർണാവസരമാണ് കൈവന്നിരിക്കുന്നത്. 1.2 ലിറ്റർ ഫോർ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് മാരുതി സുസുക്കിയുടെ കോംപാക്‌ട് ഹാച്ച്ബാക്കിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷനുമായോ ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 83 bhp പവറിൽ പരമാവധി 113 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും. സ്വിഫ്റ്റിൽ നിന്നും ഒഴിഞ്ഞുപോയ ഫോർ സിലിണ്ടർ എഞ്ചിൻ തന്നെയാണ് ഇഗ്നിസിൻ്റെ കരുത്ത്.
6 എയർബാഗ് ഉപയോഗിച്ച് മാരുതി സുസുക്കി തങ്ങളുടെ മോഡൽ നിരയെല്ലാം പരിഷ്ക്കരിച്ചപ്പോൾ എസ്-പ്രെസോയും ഇഗ്നിസും ഒഴിവാക്കിയത് ആരാധകർക്ക് നിരാശ സമ്മാനിച്ചിരുന്നു. എങ്കിലും ഈ വർഷം കാറിന് ഫെയ്‌സ്‌ലിഫ്റ്റ് നവീകരണം ലഭിച്ചാൽ അന്ന് എയർബാഗിൻ്റെ പരിരക്ഷ ലഭിക്കുന്നതായിരിക്കും. സുസുക്കിയുടെ ഭാരം കുറഞ്ഞ ഹാർടെക്റ്റ് പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന ഇഗ്നിസിന് 3.7 മീറ്റർ നീളവും 1.69 മീറ്റർ വീതിയും 1.59 മീറ്റർ ഉയരവും 2.43 മീറ്റർ നീളമുള്ള വീൽബേസുമാണുള്ളത്.

ലിറ്ററിന് 20.89 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കാൻ മാരുതി സുസുക്കി ഇഗ്നിസിന് സാധിക്കുന്നതാണ്. അങ്ങനെ നോക്കുമ്പോൾ ഒരു കൊച്ചുഫാമിലിക്ക് പറ്റിയ 5-സീറ്റർ കാറായി ഇഗ്നിസിനെ കണക്കാക്കാം. ഇപ്പോൾ മനസിലായില്ലേ ഇഗ്നിസിൻ്റെ പിന്നാലെ മലയാളികൾ കൂട്ടംകൂടാൻ കാരണം എന്താണെന്ന്. പിന്നെ എക്സ്റ്റീരിയർ പോലെ തന്നെ മാരുതി ഇഗ്നിസിൻ്റെ ഇൻ്റീരിയറും മറ്റ് മാരുതി കാറുകളിൽ നിന്നും ഏറെ വ്യത്യസ്‌തമാണ്.
7 ഇഞ്ച് സ്മാർട്ട്‌പ്ലേ സ്റ്റുഡിയോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, മൾട്ടി ഫങ്ഷൻ സ്റ്റിയറിംഗ് വീൽ, പവർ വിൻഡോകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി-ഗോ, പുഷ്-ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഇബിഡിയുള്ള എബിഎസ്, സീറ്റ് ബെൽറ്റ് അലാറം, ഹൈ സ്പീഡ് അലേർട്ട്, പ്രീ-ടെൻഷനറുകൾ, സീറ്റ് ബെൽറ്റുകൾക്കുള്ള ലോഡ് ലിമിറ്ററുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവ പോലുള്ള ഫീച്ചറുകളും ഇതിൽ ലഭ്യമാണ്.


Click it and Unblock the Notifications








