6 എയർബാഗ് ഒന്നുമില്ല, പക്ഷേ സ്വിഫ്റ്റിലില്ലാത്ത 4-സിലിണ്ടർ എഞ്ചിനുണ്ട്! ഇഗ്നിസ് വാങ്ങിക്കൂട്ടി ആളുകൾ
സാധാരണക്കാരന് കാർ വാങ്ങുകയെന്ന സ്വപ്‌നം എളുപ്പത്തിൽ സാധ്യമാക്കിക്കൊടുക്കുന്നവരാണ് മാരുതി സുസുക്കി. ബജറ്റ് സെഗ്മെൻ്റിൽ ഇത്രത്തോളം ഹാച്ച്ബാക്കുകളുള്ള ബ്രാൻഡ് വേറെയില്ലെന്നത് തന്നെയാണ് ഇതിനുള്ള തെളിവ്. പണ്ട് സ്വിഫ്റ്റിനൊപ്പം ഓളം തീർത്ത മാരുതിയുടെ ഇടിവെട്ട് കാറായിരുന്നു റിറ്റ്‌സ്. വ്യത്യസ്‌തമായ ഡിസൈനും പെട്രോൾ, ഡീസൽ എഞ്ചിനുകളുടെ സാന്നിധ്യവുമെല്ലാം റിറ്റ്സിന് ആരാധകരേറാൻ കാരണമായി. ശരിക്കും യൂറോപ്പിനായി സുസുക്കി നിർമിച്ച മോഡലായിരുന്നു ഇത്. എന്തായാലും കുറച്ചുനാൾ വിലസിയതിന് ശേഷം ആശാൻ പടിയിറങ്ങിയത് പലർക്കും നിരാശ സമ്മാനിച്ചിരുന്നു. എന്നാൽ പകരക്കാരനായി എത്തിയതാവട്ടെ ഇഗ്നിസ് എന്ന ചുള്ളനായിരുന്നു.
പക്ഷേ കണ്ടയുടൻ ഇഗ്നിസിനെ സ്വീകരിക്കാൻ ഇന്ത്യക്കാർ റെഡിയായിരുന്നില്ല. തുടക്കത്തിൽ വിൽപ്പനയില്ലാതെ ഇഴഞ്ഞ ഹാച്ച്ബാക്കിനെ പക്ഷേ കണ്ട് കണ്ട് ആളുകൾക്ക് ബോധിച്ച് തുടങ്ങി. ഇന്ന് ഇഗ്നിസ് ഏറ്റവും കൂടുതൽ വാങ്ങുന്നത് മലയാളികളാണ്. ഡിസൈനിലെ ചെത്ത് ലുക്ക് തന്നെയാണ് ഇതിൻ്റെ പ്രധാന കാരണം. ഒപ്പം സ്വിഫ്റ്റ് 3-സിലിണ്ടർ എഞ്ചിനിലേക്ക് ചേക്കേറിയതോടെ സ്വിഫ്റ്റ് വാങ്ങിനിരുന്നവരിൽ പലരും ഓടിച്ചെന്നത് ഇഗ്നിസിൻ്റെ അടുത്തേക്കായിരുന്നു.

പെപ്പിയായ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനുമായി ഇഗ്നിസ് ഇപ്പോൾ അരങ്ങുതകർക്കുകയാണ്. 2025 ഡിസംബർ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ വമ്പൻ നേട്ടം കരസ്ഥമാക്കിയാണ് മാരുതി സുസുക്കിയുടെ കോംപാക്‌ട് ഹാച്ച്ബാക്ക് ഞെട്ടിച്ചിരിക്കുന്നത്. കഴിഞ്ഞ 31 ദിവസത്തിൽ കാറിൻ്റെ 1,910 യൂണിറ്റുകളാണ് വിറ്റഴിഞ്ഞു പോയത്. ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ അതായത് 2024 ഡിസംബറിൽ നിരത്തിലെത്തിയ 749 യൂണിറ്റുകളെ അപേക്ഷിച്ച് വാർഷിക വിൽപ്പനയിൽ ഇഗ്നിസിന് 155.01 ശതമാനത്തിൻ്റെ വളർച്ചയാണ് കൈവരിക്കാനായിരിക്കുന്നത്.
മാരുതി സുസുക്കിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്‌സയിലൂടെ വിൽക്കുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള വാഹനത്തിന് ഈ വിൽപ്പന വളർച്ച വലിയ അംഗീകാരം തന്നെയാണ്. 1.2 ലിറ്റർ ഫോർ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് മാരുതി ഇഗ്ന്സിൻ്റെ ഹൃദയം. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷനുമായോ ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 83 bhp പവറിൽ പരമാവധി 113 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്.

ലിറ്ററിന് 20.89 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കാൻ മാരുതി സുസുക്കിയുടെ കുഞ്ഞൻ ഹാച്ച്ബാക്കിനാവുന്നതാണ്. ജാപ്പനീസ് ബ്രാൻഡിൻ്റെ ഭാരം കുറഞ്ഞ ഹാർടെക്റ്റ് പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന ഇഗ്നിസിന് 3.7 മീറ്റർ നീളവും 1.69 മീറ്റർ വീതിയും 1.59 മീറ്റർ ഉയരവും 2.43 മീറ്റർ നീളമുള്ള വീൽബേസുമാണുള്ളത്. അങ്ങനെ നോക്കുമ്പോൾ ഒരു കൊച്ചുഫാമിലിക്ക് പറ്റിയ 5-സീറ്റർ കാറായി ഇഗ്നിസിനെ കണക്കാക്കാം.
എക്സ്റ്റീരിയർ പോലെ തന്നെ മാരുതി ഇഗ്നിസിൻ്റെ ഇൻ്റീരിയറും മറ്റ് മാരുതി കാറുകളിൽ നിന്നും ഏറെ വ്യത്യസ്‌തമാണ്. 7 ഇഞ്ച് സ്മാർട്ട്‌പ്ലേ സ്റ്റുഡിയോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, മൾട്ടി ഫങ്ഷൻ സ്റ്റിയറിംഗ് വീൽ, പവർ വിൻഡോകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി-ഗോ, പുഷ്-ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം പോലുള്ള തരക്കേടില്ലാത്ത ഫീച്ചറുകളെല്ലാമാണ് മാരുതി തങ്ങളുടെ മോഡേൺ ഹാച്ച്ബാക്കിൽ വാഗ്ദാനം ചെയ്യുന്നത്.

സേഫ്റ്റിയുടെ കാര്യത്തിലും ആശങ്കകളൊന്നും വേണ്ട. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഇബിഡിയുള്ള എബിഎസ്, സീറ്റ് ബെൽറ്റ് അലാറം, ഹൈ സ്പീഡ് അലേർട്ട്, പ്രീ-ടെൻഷനറുകൾ, സീറ്റ് ബെൽറ്റുകൾക്കുള്ള ലോഡ് ലിമിറ്ററുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവയെല്ലാം ഇഗ്നിസിലെ സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളാണ്. 6 എയർബാഗ് ലഭിക്കാത്ത മാരുതിയുടെ പ്രധാന മോഡൽ കൂടിയാണിത് കേട്ടോ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








