ഒട്ടും വിൽപ്പനയില്ലാത്ത മാരുതി കാർ ജിംനിയല്ല! അത് 23 KM മൈലേജുള്ള ഈ 8-സീറ്റർ ഹൈബ്രിഡ് എംപിവി
രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ (Maruti Suzuki) നിരയിൽ ഏറ്റവും കച്ചോടമുള്ള കാറായി മാറാൻ ഡിസയറും എർട്ടിഗയും ഫ്രോങ്ക്‌സും ബലേനോയും വാഗൺആറും എല്ലാം മത്സരിക്കുകയാണ്. അതേസമയം ഏറ്റവും കുറഞ്ഞ വിൽപ്പനയുള്ള മാരുതി കാർ ഏതാണെന്ന് ആരെങ്കിലും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ജിംനിയായിരിക്കും അല്ലെങ്കിൽ സെലേറിയോ, എസ്-പ്രെസോ എന്നിവരിൽ ആരെങ്കിലുമാവും ആ പദവി അലങ്കരിക്കുന്നതെന്ന് തെറ്റിദ്ധരിക്കുന്നവരാവും പലരും. എന്നാൽ ഇതൊന്നുമല്ല കേട്ടോ, ടൊയോട്ടയുമായുള്ള പങ്കാളിത്തത്തിൽ മാരുതി സുസുക്കി ഷോറൂമിലേക്കെത്തിയ മോഡലാണ് ബ്രാൻഡിൻ്റെ ഏറ്റവും മോശം വിൽപ്പനക്കാരൻ.
അതേ മാരുതിയുടെ ഇന്നോവയെന്ന് വിളിക്കുന്ന ഇൻവിക്റ്റോയാണ് ബ്രാൻഡിൻ്റെ നിരയിൽ ഏറ്റവും കുറഞ്ഞ വിൽപ്പന നേടുന്നത്. കമ്പനിയുടെ ഏറ്റവും ആഡംബര പൂർണവും വിലയേറിയതുമായ കാറാണെങ്കിലും ജനുവരിയിൽ ഈ വലിയ 8-സീറ്റർ എംപിവിയുടെ 197 യൂണിറ്റുകൾ മാത്രമേ കമ്പനിക്ക് വിറ്റഴിക്കാനായുള്ളൂ. കഴിഞ്ഞ ആറ് മാസത്തിനിടെ ഇൻവിക്റ്റോയുടെ ഏറ്റവും ദുർബലമായ വിൽപ്പന കണക്കാണിത്.

കഴിഞ്ഞ 6 മാസത്തെ ഇൻവിക്റ്റോയുടെ വിൽപ്പന എങ്ങനെയാണെന്ന് വിശദമായി പറഞ്ഞുതരാം. 2025 ഓഗസ്റ്റിൽ പ്രീമിയം എംപിവിയുടെ 237 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ 2025 സെപ്റ്റംബറിൽ 215 യൂണിറ്റുകൾ വിറ്റു. 2025 ഒക്ടോബറിൽ 301 യൂണിറ്റുകളും 2025 നവംബറിൽ 410 യൂണിറ്റുകളും 2025 ഡിസംബറിൽ 514 യൂണിറ്റുകളുമായിരുന്നു സമ്പാദ്യം. തുടർന്ന് 2026 കലണ്ടർ വർഷത്തിലെ ആദ്യമാസമായ ജനുവരിയിൽ വാഹനത്തിൻ്റെ 197 യൂണിറ്റുകളും നിരത്തിലെത്തി.
ഇങ്ങനെ നോക്കുമ്പോൾ കഴിഞ്ഞ 2024 ജനുവരിയിലെ 556 യൂണിറ്റുകൾ നിരത്തിലെത്തിയിരുന്നു. അതായത് വാർഷിക വിൽപ്പനയിൽ എംപിവിക്ക് 64.57 ശതമാനത്തിൻ്റെ നഷ്‌ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് ചുരുക്കം. നിലവിൽ വിൽപ്പന എങ്ങനെയും വർധിപ്പിക്കുന്നതിനായും നിലവിലുള്ള എല്ലാ സ്റ്റോക്കുകളും വിറ്റഴിക്കുന്നതിനുമായി കമ്പനി എല്ലാ മാസവും ലക്ഷക്കണക്കിന് രൂപയുടെ ഡിസ്‌കൌണ്ട് ഓഫറുകളും ഈ പ്രീമിയം എംപിവിയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

എന്നിട്ടും രക്ഷയില്ലാത്തത് വലിയ തിരിച്ചടി തന്നെയാണ്. 7 സീറ്റർ, 8 സീറ്റർ കോൺഫിഗറേഷനുകളിൽ ലഭ്യമായ ടൊയോട്ട ഇന്നോവ ഹൈക്രോസിൻ്റെ റീബാഡ്‌ജ് എംപിവിക്ക് നിലവിൽ 24.97 ലക്ഷം മുതൽ 28.61 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. നെക്‌സ കാറുകളുടെ ശൈലിയിൽ പണിതിറക്കിയ മാരുതി ഇൻവിക്റ്റോ വലിയ തരംഗം ഒന്നുമായില്ലെങ്കിലും ഇന്നോവ ഹൈക്രോസിൻ്റെ ഹൈബ്രിഡ് മോഡൽ വാങ്ങാൻ പൈസയില്ലാത്തവർക്ക് ബദൽ ഓപ്ഷനായി ഇൻവിക്റ്റോ തെരഞ്ഞെടുക്കാനാവുന്നതാണ്.
മാസങ്ങൾ കാത്തിരിക്കാനോ 3-4 ലക്ഷം രൂപ കൂടുതൽ നൽകാനോ താൽപ്പര്യമില്ലാത്തവർക്കെല്ലാം മാരുതി ഇൻവിക്റ്റോ കണ്ണുംപൂട്ടി വാങ്ങിക്കാം. ഇന്നോവ ഹൈക്രോസിനേക്കാൾ വില കുറയാൻ കാരണം ADAS പോലുള്ള ഫീച്ചറുകൾ കൊടുത്തിട്ടില്ലെന്നതാണ്. എങ്കിലും ടൊയോട്ടയുടെ സ്ട്രോംഗ് ഹൈബ്രിഡ് ടെക്നോളജി വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. അതായത് ടൊയോട്ടയ്ക്ക് ഉയർന്ന ട്രിമ്മുകളിൽ ADAS, ഒട്ടോമൻ സീറ്റുകൾ പോലുള്ള ചില പ്രീമിയം ടച്ചുകൾ ലഭിക്കുമ്പോൾ മാരുതിയിൽ ഇതൊക്കെ ഒഴിവാക്കിയിട്ടുണ്ട്.

ബാക്കിയെല്ലാം ഹൈക്രോസിന് സമാനമായ രീതിയിലാണ് ഇൻവിക്റ്റോയും വരുന്നത്. ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന 2.0 ലിറ്റർ, ഫോർ സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് ഇൻവിക്റ്റോയ്ക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. e-CVT ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുമായി വരുന്ന എംപിവിക്ക് പരമാവധി 184 bhp കരുത്ത് വരെ നിർമിക്കാനാവുമെന്നാണ് മാരുതി സുസുക്കി പറയുന്നത്.
ഹൈബ്രിഡായതിനാൽ തന്നെ ലിറ്ററിന് 23.24 കിലോമീറ്ററാണ് മാരുതി ഇൻവിക്റ്റോയിൽ കമ്പനി അവകാശപ്പെടുന്ന മൈലേജ്. പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ്, 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ആംബിയൻ്റ് ലൈറ്റിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവ പോലുള്ള പ്രീമിയം ഫീച്ചറുകളെല്ലാം മാരുതി സുസുക്കിയുടെ ഫ്ലാഗ്ഷിപ്പ് എംപിവിയിൽ ലഭ്യമാണെന്നതും കൊടുക്കുന്ന പൈസ ന്യായമാവുന്നതാണ്.


Click it and Unblock the Notifications








