വിറ്റഴിച്ചത് ലക്ഷങ്ങൾ വിലക്കുറവിൽ! 24 KM മൈലേജുള്ള 8-സീറ്റർ മാരുതി എംപിവിയുടെ കച്ചോടം കൂടി
മാരുതി സുസുക്കിയുടെ വാഹന നിരയിൽ എല്ലാമാസവും ഏറ്റവും കൂടുതൽ ഓഫർ ലഭിക്കുന്ന മോഡലാണ് ഇൻവിക്റ്റോ എന്ന 7-സീറ്റർ. ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീബാഡ്‌ജ് എംപിവിയായ ഇവൻ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളുടെ നിരയിലെ ഫ്ലാഗ്ഷിപ്പ് കാർ കൂടിയാണ് കേട്ടോ. നെക്‌സ കാറുകളുടെ ശൈലിയിൽ പണിതിറക്കിയ ഇൻവിക്റ്റോ വലിയ തരംഗം ഒന്നുമായില്ലെങ്കിലും ഇന്നോവ ഹൈക്രോസിൻ്റെ ഹൈബ്രിഡ് മോഡൽ വാങ്ങാൻ പൈസയില്ലാത്തവർക്ക് ബദൽ ഓപ്ഷനായി ഇവനെ കൂടെക്കൂട്ടാനാവുന്നതാണ്. ഇതുകൂടാതെ മാസങ്ങൾ കാത്തിരിക്കാനോ 3-4 ലക്ഷം രൂപ കൂടുതൽ നൽകാനോ താൽപ്പര്യമില്ലാത്തവർക്കും മാരുതിയുടെ സെവൻ സീറ്റർ കണ്ണുംപൂട്ടി വാങ്ങിക്കാം.
ഇന്നോവ ഹൈക്രോസിനേക്കാൾ വില കുറയാൻ കാരണം ADAS പോലുള്ള ഫീച്ചറുകൾ കൊടുത്തിട്ടില്ലെന്നത് മാത്രമാണ്. എങ്കിലും ടൊയോട്ടയുടെ സ്ട്രോംഗ് ഹൈബ്രിഡ് ടെക്നോളജി വാഹനത്തിൽ വാഗ്ദാനം ചെയ്യുന്നുണ്ടെന്നത് രസകരമായ കാര്യമാണ്. അതായത് ടൊയോട്ടയ്ക്ക് ഉയർന്ന ട്രിമ്മുകളിൽ ADAS, ഒട്ടോമൻ സീറ്റുകൾ പോലുള്ള ചില പ്രീമിയം ടച്ചുകൾ ലഭിക്കുമ്പോൾ മാരുതിയിൽ ഇതൊക്കെ ഒഴിവാക്കിയാണ് വില കുറച്ചത്.

എന്തായാലും ഓരോ മാസവും വമ്പൻ ഓഫറുകൾ ലഭിക്കുന്നതിനാൽ 2026 ജൂൺ മാസത്തെ വിൽപ്പന കണക്കുകളിൽ ഇൻവിക്റ്റോ വലിയ നേട്ടമുണ്ടാക്കിയിരിക്കുകയാണ്. കഴിഞ്ഞ 30 ദിവസത്തിൽ പ്രീമിയം എംപിവി വാങ്ങിപ്പോയത് 349 പേരാണ്. ഇത് കഴിഞ്ഞ വർഷം ജൂൺ മാസത്തെ 264 യൂണിറ്റുകളെ അപേക്ഷിച്ച് വാർഷിക വിൽപ്പനയിൽ 35 ശതമാനത്തിന്റെ വർധനവാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾക്ക് നേടിക്കൊടുത്തിരിക്കുന്നത്.
ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ അതേ പ്ലാറ്റ്‌ഫോമിൽ നിർമിച്ചതും, അതേ ഹൈബ്രിഡ് എഞ്ചിനും ഏതാണ്ട് സമാനമായ കാര്യക്ഷമതയും ഉള്ളതുമായ ഇൻവിക്റ്റോ വമ്പൻ ഓഫറുകളോടെ സ്വന്തമാക്കുവാനായി ഒരുപാട് ആളുകൾ എത്തുന്നുണ്ടെന്നത് കമ്പനിക്ക് ഊർജമാവുന്നതാണ്. ഡിസൈനിലേക്ക് നോക്കിയാൽ ഹൈക്രോസിൽ നിന്നും വേഗം തിരിച്ചറിയുവാനായി വ്യത്യസ്തമായ ഗ്രില്ലും നവീകരിച്ച മെഷ് പാറ്റേണും ഹെഡ്‌ലൈറ്റുകളിലേക്ക് നീളുന്ന കട്ടിയുള്ള തിരശ്ചീനവുമായ ക്രോം സ്ലാറ്റുകളും ഇൻവിക്റ്റോയിൽ ഉപയോഗിച്ചിട്ടുണ്ട്.

കൂടാതെ ത്രീ-ബ്ലോക്ക് സിഗ്നേച്ചർ ഡേടൈം റണ്ണിംഗ് ലാമ്പുകളും ഹൈക്രോസിൽ നിന്നും വേറിട്ടുനിൽക്കുന്ന സംഗതിയാണ്. ഇൻ്റീരിയർ സ്റ്റൈലിംഗ് ഒന്നുതന്നെയാണെങ്കിലും ഇൻവിക്റ്റോ ഷാംപെയ്ൻ ഗോൾഡ് ആക്‌സന്റുകളോട് കൂടിയ ബ്ലാക്ക് തീമിലാണ് ഒരുക്കിയിരിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 50-ലധികം കണക്റ്റഡ് ഫീച്ചറുകൾ, 360 ഡിഗ്രി ക്യാമറ, റൂഫ് ആംബിയന്റ് ലൈറ്റിംഗുള്ള പനോരമിക് സൺറൂഫ് പോലുള്ള കാര്യങ്ങളെല്ലാം ലഭിക്കുന്നതാണ്.
അതോടൊപ്പം തന്നെ പവർഡ് ഡ്രൈവർ സീറ്റ്, പവർഡ് ടെയിൽ ഗേറ്റ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും കപ്പ് ഹോൾഡറുകളും, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നീ സവിശേഷതകളും മാരുതിയുടെ പ്രീമിയം എംപിവിയിൽ ഒരുക്കിയിരിക്കുന്നത്. സേഫ്റ്റിയുടെ കാര്യത്തിലും ടൊയോട്ടയുടെ സ്റ്റാൻഡേർഡ് നിലനിർത്തിക്കൊണ്ട് ആറ് എയർബാഗുകൾ, എബിഎസ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിങ്ങനെയുള്ള സുരക്ഷാ സന്നാഹങ്ങളാണ് എംപിവിയിൽ ലഭിക്കുക.

ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന 2.0 ലിറ്റർ, ഫോർ സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് ഇൻവിക്റ്റോയുടെ ഹൃദയം. e-CVT ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുമായി വരുന്ന എംപിവിക്ക് പരമാവധി 184 bhp പവർ വരെ നിർമിക്കാനാവുമെന്നാണ് മാരുതി സുസുക്കി പറയുന്നത്. ഹൈബ്രിഡായതിനാൽ തന്നെ ലിറ്ററിന് 23.24 കിലോമീറ്ററാണ് അവകാശപ്പെടുന്ന മൈലേജ്. സ്ട്രോംഗ് ഹൈബ്രിഡ് ആയതിനാൽ എംപിവി ഒരു ഇലക്ട്രിക്-ഒൺലി മോഡും വാഗ്ദാനം ചെയ്യുന്നുണ്ട്.
വെറും 9.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും ഇൻവിക്റ്റോയ്ക്ക് സാധിക്കുന്നതാണ്. 7 സീറ്റർ, 8 സീറ്റർ കോൺഫിഗറേഷനുകളിൽ ലഭ്യമായ ടൊയോട്ട ഇന്നോവ ഹൈക്രോസിൻ്റെ റീബാഡ്‌ജ് എംപിവിക്ക് നിലവിൽ 24.97 ലക്ഷം മുതൽ 28.61 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഇന്ത്യയിൽ വാഹനത്തിന് നേരിട്ടുള്ള എതിരാളികളൊന്നുമില്ലെങ്കിലും മഹീന്ദ്രയുടെ പുതിയ XEV 9S ഇവി ഇതേ ബജറ്റിലാണ് വാങ്ങിക്കാനാവുന്നത്.


Click it and Unblock the Notifications