ജിംനി വാങ്ങിനിരുന്നവർക്കും സങ്കടവാർത്ത, ഓഫ്-റോഡർ എസ്‌യുവിക്കും ഇനി അധികം മുടക്കേണ്ടി വരും
മഹീന്ദ്ര ഥാറിന്റെ സെഗ്മെന്റിലേക്ക് മാരുതി സുസുക്കിയുടെ ഓഫ്-റോഡറായ ജിംനി വരുന്നുവെന്ന് കേട്ടപ്പോൾ ഒരു രാജ്യം മുഴുവൻ ആഘോഷിക്കുകയായിരുന്നു. ജിപ്‌സിയുടെ പിൻഗാമായി നാടുവാഴാൻ എത്തിയ വണ്ടി വലിയ ഹിറ്റാവുമെന്ന് പലരും പ്രതീക്ഷിച്ചുവെങ്കിലും വില പുറത്തുവന്നതോടെ അക്കാര്യത്തിന് ഒരു തീരുമാനമായി. ഏറെ കൊട്ടിഘോഷിച്ച് കൊണ്ട് ഇന്ത്യൻ വിപണിയിലേക്ക് മാരുതി സുസുക്കി കൊണ്ടുവന്ന ഓഫ്-റോഡർ പ്രതീക്ഷിച്ച് വിൽപ്പനയൊന്നും നേടിയില്ല. എന്നിരുന്നാലും ഒരു വിഭാഗം ആളുകളെ തൃപ്ത്തിപ്പെടുത്താൻ ജിംനിക്ക് കഴിഞ്ഞിട്ടുണ്ടെന്നത് സത്യമാണ്. സിറ്റിയിലായാലും മലയും കുന്നും കയറാനായാലും ജിംനിക്ക് ഒരുപോലെയാണെന്ന് ഇവർക്ക് കൃത്യമായി മനസിലാക്കാൻ സാധിച്ചിട്ടുണ്ട്.
അതിനാൽ ഇത്തരക്കാർക്കായി ജിംനി ഇപ്പോഴും വിപണയിൽ തുടരുകയാണ്. എന്നാൽ ഇനി വാങ്ങാനിരിക്കുന്നവർക്ക് ചെറിയ നിരാശ നൽകുന്ന തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് മാരുതി സുസുക്കി. മറ്റൊന്നുമല്ല, മോഡൽ നിരയിൽ വില വർധനവ് നടപ്പിലാക്കുമെന്ന് അടുത്തിടെ അറിയച്ചത് പ്രകാരം ഓഫ്-റോഡർ എസ്‌യുവി ഇനി പഴയ വിലയ്ക്ക് വാങ്ങാൻ ഒക്കില്ലെന്നതാണ് ആ വാർത്ത. അതും കണ്ണിൽച്ചോരയില്ലാത്ത തരത്തിലാണ് വില കൂട്ടിയിരിക്കുന്നത്.

മാരുതി സുസുക്കി ജിംനിയുടെ വില 7,500 രൂപ രൂപയോളമാണ് കമ്പനി ഉയർത്തിയിരിക്കുന്നത്. സീറ്റ, ആൽഫ എന്നിവയുൾപ്പെടെയുള്ള വേരിയന്റ് ശ്രേണിയിലും മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിലും, മോണോ-ടോൺ, ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിലും ഈ പരിഷ്ക്കരണം നടപ്പിലാക്കിയിട്ടുണ്ട്. മഹീന്ദ്ര ഥാറിനോട് മത്സരിക്കുന്ന ജിംനിയുടെ എൻട്രി ലെവൽ സീറ്റ പെട്രോൾ മാനുവൽ വേരിയന്റിന് ഇപ്പോൾ 12.39 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.
അതേസമയം ടോപ്പ് എൻഡ് ആൽഫ പെട്രോൾ ഓട്ടോമാറ്റിക് ഡ്യുവൽ-ടോൺ വേരിയന്റിന് 14.52 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വില മുടക്കേണ്ടതായി വരും. വിലയിൽ മാറ്റമുണ്ടായെങ്കിലും എസ്‌യുവിയിൽ മറ്റ് മാറ്റങ്ങളൊന്നും രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി നടപ്പിലാക്കിയിട്ടില്ല. എർട്ടിഗയിലൂടെയും ബ്രെസയിലൂടെയും ഏറെ പരിചിതമായ കിടിലൻ 1.5 ലിറ്റർ എഞ്ചിനാണ് ജിംനിയുടെ ഹൃദയം.

കണ്ണഞ്ചിപ്പിക്കുന്ന പെർഫോമൻസ് കണക്കുകളൊന്നുമില്ലെങ്കിലും ചെറിയ കോംപാക്‌ട് രൂപത്തിന് ഇണങ്ങുന്ന വിധത്തിൽ ഓടിക്കാൻ പാകമായുള്ള പവർ മാരുതി ജിംനിക്കുണ്ടെന്ന് തന്നെ പറയാം. ലാഡർ ഫ്രെയിം ഷാസിയിൽ പണികഴിപ്പിച്ചിരിക്കുന്ന മാരുതി ജിംനി ഈ സെഗ്മെന്റിലെ ഏറ്റവും ഭാരം കുറഞ്ഞ എസ്‌യുവികളിൽ ഒന്നാണെന്നതിനാൽ പേപ്പറിലെ കണക്കൊന്നും കാര്യമാക്കേണ്ടതില്ല. ഏകദേശം 1,200 കിലോഗ്രാം ഭാരമാണ് വാഹനത്തിനുള്ളത്.
5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ ഈ 1500 സിസി എഞ്ചിന് 102 bhp കരുത്തിൽ പരമാവധി 136 Nm torque വരെയാണ് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളത്. ലാഡർ ഫ്രെയിം ഷാസിയിൽ പണിതിറക്കിയിരിക്കുന്ന ജിംനിക്ക് സുസുക്കിയുടെ ഓൾഗ്രിപ്പ് പ്രോ സിസ്റ്റം വഴി ഫോർവീൽ ഡ്രൈവ് സജ്ജീകരണവും ലഭിക്കും. അതിനാൽ ഏത് തരം റോഡുകളിലൂടെയും അനായാസം കൊണ്ടുപോവാനാവും.

വലിപ്പത്തിൻ്റെ കാര്യത്തിലേക്ക് നോക്കിയാൽ കാടും മലയും കയറാൻ മാത്രമല്ല, സിറ്റി ഡ്രൈവിംഗിനും തികച്ചും അനുയോജ്യമായ രീതിയിലാണ് ജിംനി പണികഴിപ്പിച്ചിരിക്കുന്നത്. ടേണിംഗ് റേഡിയസ് കുറവണെങ്കിലും ഓടിച്ച് ശീലിച്ച് കഴിഞ്ഞാൽ അക്കാര്യം ഒരു പ്രശ്‌നമേയാവില്ല. ജിംനിക്ക് മൊത്തത്തിൽ 3,985 മില്ലീമീറ്റർ നീളവും 1,645 മില്ലീമീറ്റർ വീതിയും 1,720 മില്ലീമീറ്റർ ഉയരവും 2,590 മില്ലീമീറ്റർ വീൽബേസുമാണുള്ളത്.
ഫീച്ചറുകളുടെ കാര്യത്തിലായാലും മാരുതി സുസുക്കിയുടെ ഓഫ്-റോഡർ ആരേയും നിരാശപ്പെടുത്തില്ലെന്ന് ഉറപ്പാണ്. ഹെഡ്‌ലൈറ്റ് വാഷർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ പിന്തുണയ്ക്കുന്ന 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട് തുടങ്ങി നിരവധി ഫീച്ചറുകളുമായാണ് ജിംനി വിപണിയിൽ എത്തിയിരിക്കുന്നത്.


Click it and Unblock the Notifications