വാങ്ങാൻ ആളില്ലെന്ന് ആരാ പറഞ്ഞേ? ജിംനിയുടെ വിൽപ്പനയിൽ കൂറ്റൻ നേട്ടമുണ്ടാക്കി മാരുതി സുസുക്കി
ഇന്ത്യയിലെ ഓഫ്-റോഡ് എസ്‌യുവി പ്രേമികളെയെല്ലാം വശത്താക്കാനായി മാരുതി സുസുക്കി തങ്ങളുടെ നിരയിലേക്ക് കൊണ്ടുവന്ന അവതാരപ്പിറവിയായിരുന്നു ജിംനി (Maruti Suzuki Jimny). ഏറെ നാളായി രാജ്യത്ത് നിർമിക്കുന്നുണ്ടായിരുന്നുവെങ്കിലും നമുക്ക് തരാതെ കൊതിപ്പിക്കുകയായിരുന്നു മാരുതി. എന്നാൽ പിന്നീട് വലിയ വിലയിരുത്തലുകൾക്ക് ശേഷം 5-ഡോർ പതിപ്പിൽ ജിപ്‌സിയുടെ പകരക്കാരനെ ഇന്ത്യയിൽ അവതരിപ്പിച്ച് മാരുതി കുതിക്കാൻ ഒരുങ്ങി. എന്നാൽ കമ്പനിയുടെ പ്രതീക്ഷകളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് ജിംനി വിപണിയിൽ തകർന്നുവീഴുന്ന കാഴ്ച്ചയാണ് കാണാനായത്. വിലയാണോ വലിപ്പമാണോ തിരിച്ചടിയായതെന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരം നൽകാൻ ഒരുപക്ഷേ ആർക്കും സാധിച്ചേക്കില്ല.
ചിലർ വില പറയുമ്പോൾ മറ്റുചിലർ ഥാറുമായി താരതമ്യം ചെയ്‌തതാണ് ജിംനിക്ക് പറ്റിയ തെറ്റെന്നാണ് വിലയിരുത്തിയിരിക്കുന്നത്. എന്തായാലും ജിംനി ഫ്ലോപ്പാണെന്ന് മുന്ദ്ര കുത്തിയെങ്കിലും വിപണിയിൽ നിന്നും പിൻവലിക്കാൻ മാരുതി തയാറായില്ല. അതെന്തായാലും ഇപ്പോൾ ഗുണം ചെയ്‌തുവെന്ന കണക്കുകളാണ് പുറത്തുവരുന്നത്. ജിംനിയെ ആളുകൾ മനസിലാക്കി തുടങ്ങിയെന്ന് വേണമെങ്കിൽ പറയാം. ഏത് റോഡിലും ഏത് സാഹചര്യത്തിലും ഉപയോഗിക്കാൻ പറ്റിയ കിടുക്കാച്ചി വണ്ടിയാണിതെന്നതിൽ സംശയമൊന്നും വേണ്ട.

അതിനാൽ ജംനിയെ തേടിയെത്തുന്നവരുടെ എണ്ണത്തിലും വലിയ വർധനവ് സംഭവിച്ചിരിക്കുകയാണിപ്പോൾ. 2026 ജനുവരിയിലെ മോഡൽ തിരിച്ചുള്ള വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ എസ്‌യുവിയുടെ വിൽപ്പന കാര്യമായ രീതിയിൽ തന്നെ ഉയർന്നിരിക്കുകയാണ്. പോയമാസം ജിംനിയുടെ 591 യൂണിറ്റുകളാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ നിരത്തിലെത്തിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിൽ വിപണനം ചെയ്‌ത 163 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വാർഷിക വിൽപ്പനയിൽ 262.58 ശതമാനത്തിൻ്റെ വളർച്ചയാണ് എസ്‌യുവി കൈവരിച്ചത്.
വാർഷിക വിൽപ്പനയിൽ ഇത്രയധികം വളർച്ച നേടിയ മറ്റൊരു മാരുതി സുസുക്കി കാർ ഇല്ലെന്നതാണ് സത്യം. എർട്ടിഗയിലൂടെയും ബ്രെസയിലൂടെയും ഏറെ പരിചിതമായ കിടിലൻ 1.5 ലിറ്റർ എഞ്ചിനാണ് ജിംനിക്ക് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ ഈ 1500 സിസി എഞ്ചിന് 102 bhp കരുത്തിൽ പരമാവധി 136 Nm torque വരെയാണ് ഉത്പാദിപ്പിക്കാനാവും.

ലാഡർ ഫ്രെയിം ഷാസിയിൽ പണിതിറക്കിയിരിക്കുന്ന മാരുതിയുടെ ഓഫ്-റോഡറിന് സുസുക്കിയുടെ ഓൾഗ്രിപ്പ് പ്രോ സിസ്റ്റം വഴി ഫോർവീൽ ഡ്രൈവ് സജ്ജീകരണവും ലഭിക്കും. അതിനാൽ ഏത് തരം റോഡുകളിലൂടെയും അനായാസം കൊണ്ടുപോവാനാവും. വലിപ്പത്തിൻ്റെ കാര്യത്തിലേക്ക് നോക്കിയാൽ കാടും മലയും കയറാൻ മാത്രമല്ല, സിറ്റി ഡ്രൈവിംഗിനും തികച്ചും അനുയോജ്യമായ രീതിയിലാണ് ജിംനി പണികഴിപ്പിച്ചിരിക്കുന്നത്.
ടേണിംഗ് റേഡിയസ് കുറവണെങ്കിലും ഓടിച്ച് ശീലിച്ച് കഴിഞ്ഞാൽ അക്കാര്യം ഒരു പ്രശ്‌നമേയാവില്ല. ജിംനിക്ക് മൊത്തത്തിൽ 3,985 മില്ലീമീറ്റർ നീളവും 1,645 മില്ലീമീറ്റർ വീതിയും 1,720 മില്ലീമീറ്റർ ഉയരവും 2,590 മില്ലീമീറ്റർ വീൽബേസുമാണുള്ളത്. ഹെഡ്‌ലൈറ്റ് വാഷർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട് തുടങ്ങി നിരവധി ഫീച്ചറുകളുമായാണ് ജിംനി വിപണിയിൽ എത്തിയിരിക്കുന്നത്.

നിലവിൽ മാരുതിയുടെ ഓഫ്-റോഡറിന് വില 12.32 ലക്ഷം മുതൽ 14.45 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ചില മാസങ്ങളിൽ ഗംഭീര ഓഫറുകളും ആനുകൂല്യങ്ങളും വാഹനത്തിൽ കമ്പനി ഒരുക്കാറുണ്ട്. 2026 ഫെബ്രുവരി മാസത്തിൽ ജിംനിക്ക് 50,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാണ കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. ഇന്ത്യയിൽ മഹീന്ദ്ര ഥാർ 3-ഡോർ, ഥാർ റോക്‌സ്, ഫോഴ്‌സ് ഗൂർഖ എന്നിവരോടാണ് ജിംനിയുടെ പ്രധാന മത്സരം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








