കൊടുത്തുതീർക്കാനുള്ളത് 1.90 ലക്ഷം കാറുകൾ, നിർമാണശേഷിയിലും കൂടുതൽ ബുക്കിംഗ് വാരിക്കൂട്ടി മാരുതി
വറ്റാത്ത പുഴപോലെയാണ് മാരുതി സുസുക്കിയും ഇന്ത്യക്കാരും തമ്മിലുള്ള ബന്ധം. എത്രകാലങ്ങൾ കഴിഞ്ഞാലും ഈ ബന്ധം മുറുകുന്നതല്ലാതെ അയയുന്നതിനുള്ള യാതൊരു വിധ സൂചനയും ഇക്കാലയളവിനിടയിൽ ഉണ്ടായിട്ടുമില്ലെന്നതാണ് രസകരമായ കാര്യം. ടാറ്റ മോട്ടോർസും ഹ്യുണ്ടായിയും മഹീന്ദ്രയുമെല്ലാം ആഞ്ഞുപിടിച്ചിട്ടും മാരുതിയുടെ ജനപിന്തുണയ്ക്ക് യാതൊരുവിധ കോട്ടവും സംഭവിച്ചുമില്ല. ഓരോമാസവും ലക്ഷക്കണക്കിന് കാറുകളാണ് കമ്പനി വിറ്റഴിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലും റെക്കോർഡ് നേട്ടവുമായിട്ടാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ തങ്ങളുടെ വിൽപ്പന അവസാനിപ്പിച്ചത്. 2026 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ കമ്പനിക്ക് 190,000-ത്തിലധികം തീർപ്പാക്കാത്ത ഓർഡറുകളും പെൻഡിംഗിലുമുണ്ടായിരുന്നു.
ഡിമാന്റ് കൂടിയതോടെ മാരുതി സുസുക്കി കാറുകളുടെ ബുക്കിംഗ് പിരീഡും വർധിച്ചിട്ടുണ്ട്. ഡിമാൻഡിനൊപ്പമെത്താൻ വിതരണത്തിന് കഴിഞ്ഞില്ലെന്ന് സൂചനയാണ് ഈ കണക്കുകൾ മുമ്പോട്ടുവെക്കുന്നത്. നിർമാണവുമായ ബന്ധപ്പെട്ട വെല്ലുവിളികളാണ് ഇത്രയുമധികം ഓർഡറുകൾ പെൻഡിംഗിലാവാൻ കാരണമായിരിക്കുന്നതെന്ന് ബ്രാൻഡ് പറയുന്നു. മൊത്തത്തിൽ തീർപ്പാക്കാത്ത 1.90 ലക്ഷം ബുക്കിംഗുകൾ ഉള്ളതിൽ 130,000 യൂണിറ്റുകളും സ്മോൾ കാർ വിഭാഗത്തിൽ നിന്നുള്ളതാണെന്നതാണ് രസകരമായ കാര്യം.

തീർപ്പാക്കാത്ത ഓർഡറുകളിൽ ആൾട്ടോ, സെലേറിയോ, വാഗൺആർ, സ്വിഫ്റ്റ്, ബലേനോ, ഡിസയർ തുടങ്ങിയ മോഡലുകളാണ് കൂടുതലായും ഉൾപ്പെടുന്നത്. ഇതോടെ 2026 മാർച്ച് വരെ കമ്പനിയുടെ ചെറുകാർ മോഡലുകൾക്കായുള്ള കാത്തിരിപ്പ് കാലയളവ് ഏകദേശം ഒരു മാസത്തോളം എത്തിയിട്ടുണ്ട്. എങ്കിലും നിർമാണം ദ്രുതഗതിയിലാക്കുവാനുള്ള പദ്ധതികളും ആവിഷ്ക്കരിച്ചിരിക്കുന്ന മാരുതി ഗുജറാത്തിലെ ഖൊരാജ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ആദ്യ ഘട്ട ഉത്പ്പാദന ശേഷി വർധിപ്പിക്കുന്നതിന് അംഗീകാരം നൽകിയിട്ടുണ്ട്.
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും ബിഎസ്ഇയും വഴിയാണ് ഈ വിവരങ്ങൾ മാരുതി സുസുക്കി പങ്കുവെച്ചിരിക്കുന്നത്. 2026 മാർച്ച് 24-ന് നടന്ന ബോർഡ് യോഗത്തിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. വാഹനങ്ങളുടെ വാർഷിക ഉത്പ്പാദന അളവ് 250,000 യൂണിറ്റായാണ് വർധിപ്പിക്കുന്നത്. ഈ ആദ്യ ഘട്ടത്തിനായി ആകെ 10,189 കോടി രൂപയുടെ നിക്ഷേപം നീക്കിവെച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കുകയുണ്ടായി.

ഗുരുഗ്രാം, മനേസർ, ഖാർഖോഡ, ഹൻസൽപൂർ എന്നിവിടങ്ങളിലെ പ്ലാന്റുകൾ സംയോജിപ്പിച്ച് മാരുതി സുസുക്കിയുടെ നിലവിലെ ഉത്പ്പാദന ശേഷി പ്രതിവർഷം ഏകദേശം 2.40 ദശലക്ഷം യൂണിറ്റാണ്. പരമാവധി നിർമാണ ശേഷി പ്രതിവർഷം 2.60 ദശലക്ഷം യൂണിറ്റ് വരെ എത്താനാണ് നീക്കം നടക്കുന്നത്. സുസുക്കി മോട്ടോർ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡിൽ മുമ്പ് നിർമ്മിച്ച യൂണിറ്റുകളും ഈ കണക്കിൽ ഉൾപ്പെടുന്നുണ്ടെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
നിലവിലുള്ള ശേഷി പൂർണമായും ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് കമ്പനി വെളിപ്പെടുത്തി. മാരുതി സുസുക്കിയുടെ ഇന്ത്യൻ മോഡൽ നിരയിൽ നിലവിൽ ആകെ 17 കാറുകളാണുള്ളത്. അരീന ഡീലർഷിപ്പുകൾ വഴി കമ്പനി 10 മോഡലുകളും നെക്സ ഡീലർഷിപ്പുകൾ വഴി 7 മോഡലുകളുമാണ് കമ്പനി വിൽക്കുന്നത്. കഴിഞ്ഞ 2026 മാർച്ച് മാസം കമ്പനി 2.25 ലക്ഷത്തിലധികം വാഹനങ്ങൾ വിറ്റഴിച്ച് സാമ്പത്തിക വർഷത്തെ ഏറ്റവും ഉയർന്ന വിൽപ്പന കണക്കും കൈവരിച്ചിരുന്നു.

കൂടാതെ 2026 സാമ്പത്തിക വർഷം 24 ലക്ഷത്തിലധികം കാറുകളുടെ റെക്കോർഡ് വിൽപ്പനയും ബ്രാൻഡിന് നോടാനായിട്ടുണ്ട്. 2025-26 സാമ്പത്തിക വർഷം മാരുതിയുടെ പ്ലാന്റുകളിൽ നിന്ന് 23.47 ലക്ഷം കാറുകളാണ് നിർമിച്ച് പുറത്തിറക്കിയത്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത ഏറ്റവും ഉയർന്ന വാർഷിക ഉത്പാദന കണക്കാണിത്. പക്ഷേ ഹ്യുണ്ടായിക്കും മഹീന്ദ്രയ്ക്കും പിന്നാലെ കാർ വില വർധിപ്പിക്കാൻ മാരുതി സുസുക്കിക്കും പ്ലാനുണ്ടെന്നാണ് വിവരം.
ഉയർന്നുവരുന്ന നിർമാണ ചെലവും മറ്റ് സമ്മർദ്ദങ്ങളും കാരണമാണ് കമ്പനി ചെറുകാറുകളുടെ വില വർധിപ്പിക്കാൻ തയാറെടുക്കുന്നത്. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് കമ്പനി ഔദ്യോഗികമായി സ്ഥിരീകരണമൊന്നും പുറത്തുവിട്ടിട്ടില്ല. ജിഎസ്‌ടി 2.0 രാജ്യത്ത് നടപ്പിലായതോടെ വാഹനങ്ങളുടെ വില കുറഞ്ഞത് മാരുതി പോലുള്ളവർക്ക് വലിയ നേട്ടമായിരുന്നു. എന്നാൽ പുതിയ വില പരിഷ്ക്കാരത്തോടെ ഇതിനൊരു തീരുമാനമാവുമെന്നാണ് അനുമാനം.


Click it and Unblock the Notifications