മാരുതിക്ക് എതിരാളികളില്ലെന്ന് വെറുതേ പറയുന്നതല്ല! 30 ദിവസത്തിൽ വിറ്റത് 2 ലക്ഷത്തിലധികം കാറുകൾ
ഇന്ത്യയിൽ മാരുതി സുസുക്കിക്ക് (Maruti Suzuki) എതിരളികളില്ലെന്ന് പറയുന്നത് എത്ര ശരിയാണെന്ന കാര്യം വീണ്ടും ഉറപ്പിച്ചിരിക്കുകയാണ്. 2026 ജൂൺ മാസത്തിലെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ 2,00,390 കാറുകളാണ് കമ്പനി നിരത്തിലെത്തിച്ചിരിക്കുന്നത്. 2025 ജൂണിൽ വിറ്റ 1,67,993 യൂണിറ്റുകളെ അപേക്ഷിച്ച് 19.3 ശതമാനത്തിന്റെ വാർഷിക വളർച്ചയും ബ്രാൻഡിന് നേടിയെടുക്കാനായെന്നതാണ് രസകരമായ കാര്യം. ശക്തമായ പാസഞ്ചർ വാഹന വിൽപ്പന, യൂട്ടിലിറ്റി വാഹനങ്ങളിലെ തുടർച്ചയായ ഡിമാന്റ്, ശക്തമായ കയറ്റുമതി എന്നിവയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളുടെ ഈ വളർച്ചയ്ക്ക് കാരണമായിരിക്കുന്നത്.
പാസഞ്ചർ വാഹനങ്ങളും ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങളും (LCV) ഉൾപ്പെടുന്ന മാരുതിയുടെ ആഭ്യന്തര വിൽപ്പന 1,50,150 യൂണിറ്റുകളായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റഴിച്ച 1,21,339 യൂണിറ്റുകളേക്കാൾ അധികമാണിത്. അതേസമയം ടൊയോട്ടയ്ക്ക് ഒരു വർഷം മുമ്പ് കൈമാറിയ 8,812 യൂണിറ്റുകളെ അപേക്ഷിച്ച് ഇത്തവണ 7,472 യൂണിറ്റായി OEM വിൽപ്പന കുറഞ്ഞു. മറുവശത്ത് കയറ്റുമതി വിപണിയിൽ മാരുതി വീണ്ടും കരുത്തുകാട്ടിയിട്ടുണ്ട്.

2025 ജൂണിൽ കയറ്റിയയച്ച 37,842 യൂണിറ്റുകളെ അപേക്ഷിച്ച് 2026 ജൂണിൽ ഇത് 42,768 യൂണിറ്റുകളായി ഉയർന്നു. മാരുതി സുസുക്കിയുടെ പാസഞ്ചർ കാറുകളുടെ ആഭ്യന്തര വിൽപ്പന 1,47,187 യൂണിറ്റുകളായിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ ഇത് 1,18,906 യൂണിറ്റുകളായിരുന്നു. ബ്രെസ, എർട്ടിഗ, ഫ്രോങ്ക്സ്, ഗ്രാൻഡ് വിറ്റാര, ഇൻവിക്റ്റോ, ജിംനി, XL6, ഇ വിറ്റാര, വിക്ടോറിസ് എന്നിവയുൾപ്പെടെയുള്ള കമ്പനിയുടെ യൂട്ടിലിറ്റി വാഹന നിര മികച്ച സംഭാവനയാണ് നൽകിയത്.
ഇവിടെ വിൽപ്പന 61,726 യൂണിറ്റായി ഉയർന്നു. 2025 ജൂൺ മാസത്തിലെ 47,947 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 29 ശതമാനത്തിന്റെ വർധനവാണ് വാർഷിക വിൽപ്പനയിലുണ്ടായിരിക്കുന്നത്. സെലേറിയോ, വാഗൺആർ, സ്വിഫ്റ്റ്, ഡിസയർ, ബലേനോ എന്നിവ ഉൾപ്പെടുന്ന കോംപാക്‌ട്, പ്രീമിയം പാസഞ്ചർ കാർ ശ്രേണിയുടെ വിൽപ്പനയും ഒരു വർഷം മുമ്പ് 55,205 യൂണിറ്റുകളിൽ നിന്ന് 63,815 യൂണിറ്റുകളായി ഉയർന്നതും രക്ഷയായി.

ആൾട്ടോ, എസ്-പ്രെസോ എന്നിവ ഉൾപ്പെടുന്ന എൻട്രി ലെവൽ മിനി സെഗ്‌മെന്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. 2025 ജൂണിൽ ഇത് 6,414 യൂണിറ്റുകളിൽ നിന്ന് 11,416 യൂണിറ്റുകളായി വിൽപ്പന കൂടി. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 61,619 യൂണിറ്റുകളായിരുന്നു മാരുതി സുസുക്കിയുടെ സമ്പാദ്യം. അങ്ങനെ മൊത്തത്തിലുള്ള പാസഞ്ചർ കാർ വിൽപ്പന 75,231 യൂണിറ്റുകളായി രേഖപ്പെടുത്തുകയും ചെയ്‌തു. ഈക്കോ വാൻ 9,340 യൂണിറ്റുകളിൽ നിന്ന് 10,230 യൂണിറ്റുകൾ വിറ്റഴിച്ചു.
സൂപ്പർ ക്യാരി ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ 2,963 യൂണിറ്റുകളുടെ വിൽപ്പനയാണ് രേഖപ്പെടുത്തിയത്. 2025 ജൂണിൽ ഇത് 2,433 യൂണിറ്റുകളായിരുന്നു. 2026-27 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ അതായത് ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാരുതി സുസുക്കിയുടെ മൊത്തം വിൽപ്പന 6,82,724 യൂണിറ്റിലെത്തി. 2025-26 സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിൽ ഇത് 5,27,861 യൂണിറ്റായിരുന്നു. OEM സപ്ലൈസ് ഉൾപ്പെടെയുള്ള ആഭ്യന്തര വിൽപ്പന 4,30,889 യൂണിറ്റുകളിൽ നിന്ന് 5,57,988 യൂണിറ്റായി വർധിച്ചു.

അതേസമയം ഈ കാലയളവിൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളുടെ കയറ്റുമതി 1,24,736 യൂണിറ്റായി ഉയരുകയും ചെയ്‌തു. കഴിഞ്ഞ വർഷം 2026-27 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലെ വിൽപ്പന 96,972 യൂണിറ്റായിരുന്നു. ജൂൺ മാസത്തിലെ മികച്ച വിൽപ്പന കണക്കുകൾ ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിൽ മാരുതി സുസുക്കിയുടെ സ്ഥാനം ശക്തിപ്പെടുത്തുകയാണ് ചെയ്‌തിരിക്കുന്നത്. മിക്കവാറും എല്ലാ പ്രധാന വിഭാഗങ്ങളിലെയും വളർച്ചയും കമ്പനിക്ക് ആശ്വാസമേകുന്നുണ്ടാവും.
വരും മാസങ്ങളിൽ നിരവധി പുതിയ ഉൽപ്പന്ന ലോഞ്ചുകളിലൂടെ മാരുതി സുസുക്കി എതിരാളികൾക്ക് വീണ്ടും വെല്ലുവിളി സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. പുതുക്കിയ സ്റ്റൈലിംഗ്, അധിക സവിശേഷതകൾ, പുതിയ ടർബോ-പെട്രോൾ എഞ്ചിൻ എന്നിവയുമായി ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ് ഈ മാസം അവസാനം വിപണിയിലെത്തുന്നതായിരിക്കും. അടുത്ത വർഷം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ബലേനോ ഫെയ്‌സ്‌ലിഫ്റ്റും പുതിയ ഇലക്ട്രിക് 7 സീറ്റർ എംപിവിയും മാരുതി പരീക്ഷിച്ചുതുടങ്ങിയിട്ടുണ്ട്.


Click it and Unblock the Notifications