ഏറ്റവും കുറഞ്ഞ വിലയുള്ള ഇന്ത്യൻ കാർ, 3.49 ലക്ഷം മാത്രം വിലയുള്ള മാരുതിയുടെ കച്ചോടം പിന്നെയും നഷ്‌ടത്തിൽ
പണ്ട് കുറഞ്ഞ വിലയുള്ള കാറുകൾക്ക് ഏറ്റവും കൂടുതൽ ഡിമാന്റുണ്ടായിരുന്ന നാടായിരുന്നു നമ്മുടെ ഇന്ത്യ. എന്നാൽ വിപണിയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ വന്നതോടെ ബജറ്റ് സെഗ്മെമ്റിലെ മോഡലുകൾ വാങ്ങാൻ കാര്യമായി ആളുകൾ എത്തുന്നില്ല എന്നതാണ് സത്യം. വീട്ടിലേക്ക് രണ്ടാമതൊരു ചെറിയ വാഹനം വേണമെന്നുള്ളവരും സെക്കൻഡ് ഹാൻഡ് വാങ്ങി പൈസ കളയാൻ മടിയുള്ളവരുമെല്ലാമാണ് ഇപ്പോൾ എൻട്രി ലെവൽ വാഹനങ്ങൾ വാങ്ങാനെത്തുന്നത്. പക്ഷേ കഴിഞ്ഞ വർഷം ജിഎസ്‌ടി 2.0 നടപ്പിലാക്കിയതോടെ ഇത്തരം കാറുകൾക്ക് വലിയ രീതിയിൽ വില കുറഞ്ഞതോടെ ഒരുപാട് പേർ വാങ്ങാനായി എത്തി.
അങ്ങനെ മാരുതി സുസുക്കി പോലുള്ള ബ്രാൻഡുകൾ പഴയ ഫോമിലേക്ക് ഉയരുകയും ചെയ്‌തു. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ലഭിച്ച ഉണർവ് 2026 ജൂൺ മാസമായപ്പോഴേക്കും താഴേക്ക് വീണുവെന്നതാണ് സത്യം. രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള കാർ എന്ന വിശേഷണമുള്ള മാരുതി എസ്-പ്രെസോയുടെ കച്ചോടം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. പോയ 30 ദിവസത്തിൽ എൻട്രി ലെവൽ ഹാച്ച്ബാക്കിന്റെ 1,028 യൂണിറ്റുകൾ മാത്രമാണ് ആകെ നിരത്തിലെത്തിയത്.

അതായത് കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ നിരത്തിലെത്തിച്ച 1,369 യൂണിറ്റുകളെ അപേക്ഷിച്ച് വിൽപ്പനയിൽ 25 ശതമാനത്തിന്റെ നഷ്ടം സംഭവിച്ചുവെന്ന് സാരം. അടുത്തകാലം വരെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള കാർ എന്ന പദവി ആൾട്ടോയാണ് വഹിച്ചിരുന്നതെങ്കിൽ പുതിയ ജിഎസ്‌ടി പരിഷ്ക്കാരങ്ങളോടെ ഈയൊരു കിരീടം എസ്-പ്രെസോയ്ക്ക് സ്വന്തമാവുകയായിരുന്നു. നിലവിൽ 6 എയർബാഗ് അപ്ഡേഷൻ നൽകാതെ ഉപേക്ഷിച്ചിട്ടിരിക്കുന്ന മാരുതി കാർ കൂടിയാണിത്.
ഇതുവരെ 3 ലക്ഷത്തിലധികം ആളുകൾ വാങ്ങി ഉപയോഗിക്കുന്ന എസ്-പ്രെസോ ആദ്യമായി കാർ വാങ്ങുന്നവർക്കെല്ലാം പറ്റിയ കാറാണ്. കോംപാക്‌ടായ രൂപവും ഉയർന്ന സീറ്റിംഗ് പൊസിഷനും എല്ലാമുള്ള മോഡൽ സിറ്റി ട്രാഫിക്കിലെല്ലാം കൊണ്ടുനടക്കാൻ എളുപ്പമാണ്. സ്ത്രീകൾക്ക് പോലും ചെറിയ ബജറ്റിൽ വാങ്ങാൻ ഏറ്റവും അനുയോജ്യമായ വാഹനം കൂടിയാണിത്. വീട്ടിലേക്ക് രണ്ടാമതൊരു കാർ വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്കും പ്രായോഗികമായ ഓപ്ഷൻ തന്നെയാണിത്.

3.49 ലക്ഷം രൂപ മുതൽ 5.24 ലക്ഷം രൂപ വരെയാണ് പുതിയ മാരുതി സുസുക്കി എസ്-പ്രെസോയ്ക്കായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. മാരുതിയുടെ ഹാർടെക് പ്ലാറ്റ്‌ഫോമില്‍ ബോക്സി ഡിസൈനിലാണ് മോഡൽ നിർമിച്ചിരിക്കുന്നത്. ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ VVT ടെക്‌നോളജി, ഐഡിൾ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യ എന്നിവ ഉള്‍ക്കൊള്ളുന്ന 1.0 ലിറ്റർ, ത്രീ സിലിണ്ടർ, K10C പെട്രോൾ എഞ്ചിനാണ് കാറിന്റെ ഹൃദയം.
5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 66 bhp പവറിൽ 89 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്. പേപ്പറിൽ കണക്കുകൾ ചെറുതാണെങ്കിലും ഭാരം കുറഞ്ഞ നിർമാണവും മാരുതി എഞ്ചിനുകളും നല്ല റിഫൈൻമെന്റുമെല്ലാം ഉള്ളതിനാൽ ഓടിക്കുമ്പോൾ യാതൊരു വിധ മടുപ്പും തോന്നുകയില്ല. പെട്രോളിന് പുറമെ സിഎൻജിയിലും വാഹനം സ്വന്തമാക്കാനാവുന്നതാണ്.

കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ കാറിൻ്റെ പവർഔട്ട്പുട്ട് കണക്കുകളിൽ കുറവ് സംഭവിക്കുമെങ്കിലും അപാര മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. ഒരു കിലോഗ്രാം സിഎൻജിയിൽ ഹാച്ച്ബാക്കിന് 32.73 കിലോമീറ്റർ വര ഇന്ധനക്ഷമതയും നൽകാനാവുന്നതാണ്. പെട്രോൾ മാനുവൽ വേരിയൻ്റുകൾ 24.76 കിലോമീറ്ററും പെട്രോൾ ഓട്ടോമാറ്റിക് പതിപ്പുകൾ 25.3 കിലോമീറ്റർ മൈലേജും കമ്പനി അവകാശപ്പെടുന്നുണ്ട്.
എക്സ്റ്റീരിയർ കണ്ടാൽ ചെറുതായി തോന്നുമെങ്കിലും ഇൻ്റീരിയറിൽ നല്ല സ്പേസുള്ള എസ്-പ്രെസോയിൽ അത്യാവിശ്യം 5 പേർക്ക് ഇരിക്കാൻ കഴിയും. ഫീച്ചറുകളിലേക്ക് നോക്കിയാലും തരക്കേടില്ലാത്ത രീതിയിൽ അണിയിച്ചൊരുക്കാൻ മാരുതി സുസുക്ക് സാധിച്ചിട്ടുണ്ട്. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, പവർ സ്റ്റിയറിംഗ്, ഫ്രണ്ട് പവർ വിൻഡോകൾ, കീലെസ് എൻട്രി, റിയർ പാർസൽ ട്രേ, 60:40 സ്പ്ലിറ്റ് റിയർ സീറ്റ് എന്നിവ പോലുള്ള ഫീച്ചറുകളെല്ലാം ഇതിൽ ഒരുക്കിയിട്ടുണ്ട്.


Click it and Unblock the Notifications