ഇന്ത്യയുടെ 'ചീപ്പ് കാർ' ആയിപ്പോയില്ലേ... 8-ൽ നിന്നും കച്ചോടം 3,396 യൂണിറ്റുകളിലേക്ക്; ഞെട്ടിച്ച് എസ്-പ്രെസോ
എസ്‌യുവികളുടെ കടന്നുകയറ്റത്തോടെ ഇന്ത്യയിലെ എൻട്രി ലെവൽ കാറുകളുടെ കച്ചോടം അവസാനിക്കുമെന്ന് വിലയിരുത്തിയവരാണ് പലരും. ഇതിന് അടിവരയിടുന്നത് പോലെ മാരുതി സുസുക്കിയുടെ ബജറ്റ് കാറുകളുടെയെല്ലാം വിൽപ്പന ക്രമാതീതമായി കുറയുന്ന കാഴ്ച്ചയും നാം കണ്ടിരുന്നു. എന്നാൽ 2025 ഡിസംബർ മാസത്തെ കണക്കുകൾ പുറത്തുവരുമ്പോൾ വീണ്ടും സടകുടഞ്ഞ് ഉയർത്ത് എഴുന്നേറ്റിരിക്കുകയാണ് മാരുതിയുടെ എൻട്രി ലെവൽ മോഡലുകൾ. സെലേറിയോ, ഇഗ്നിസ്, ആൾട്ടോ, എസ്-പ്രെസോ എന്നിവയെല്ലാം കഴിഞ്ഞ മാസത്തിൽ വലിയ നേട്ടമുണ്ടാക്കിയാണ് വിൽപ്പന അവസാനിപ്പിച്ചത്. കൂട്ടത്തിൽ ഏറ്റവും ഞെട്ടിച്ചത് എസ്-പ്രെസോയാണ് (Maruti Suzuki S-Presso).
കഴിഞ്ഞ മാസം മോഡലിൻ്റെ 3,396 യൂണിറ്റുകളാണ് ഇന്ത്യൻ നിരത്തിലെത്തിയത്. 2024 ഡിസംബറിൽ 8 പേർ മാത്രം വാങ്ങിയ ഹാച്ച്ബാക്ക് ഒരുവർഷത്തിനപ്പുറം വലിയൊരു സംഖ്യയിലേക്ക് ഉയർത്താൻ മാരുതി സുസുക്കിക്ക് സാധിച്ചു. ഇതോടെ വാർഷിക വിൽപ്പനയിൽ എസ്-പ്രെസോയ്ക്ക് വലിയ വളർച്ചയാണ് കൈവരിക്കാനായത്. ഏതാണ്ട് വിൽപ്പന അവസാനിച്ചുവെന്ന് കരുതിയിടത്തുനിന്നാണ് ഫീനിക്‌സ് പക്ഷിയെപ്പോലെയുള്ള ഉയർത്തെഴുന്നേൽപ്പ് സംഭവിച്ചിരിക്കുന്നത്.

നിലവിൽ ഇന്ത്യയിൽ വിൽപ്പനയിലുള്ള ഏറ്റവും കുറഞ്ഞ വിലയുള്ള കാർ എന്ന പദവി അലങ്കരിക്കുന്നതും എസ്-പ്രെസോയാണ്. ഇതുവരെ 3 ലക്ഷത്തിലധികം ആളുകൾ വാങ്ങി ഉപയോഗിക്കുന്ന മോഡൽ ആദ്യമായി കാർ വാങ്ങുന്നവർക്കെല്ലാം പറ്റിയ മോഡലാണ്. കോംപാക്‌ടായ രൂപവും ഉയർന്ന സീറ്റിംഗ് പൊസിഷനും എല്ലാമുള്ള മോഡൽ സിറ്റി ട്രാഫിക്കിലെല്ലാം കൊണ്ടുനടക്കാൻ എളുപ്പമാണ്. സ്ത്രീകൾക്ക് പോലും ചെറിയ ബജറ്റിൽ വാങ്ങാൻ ഏറ്റവും അനുയോജ്യമായ വാഹനം കൂടിയാണിത്.
ബേസ് വേരിയൻ്റിൽ ഉൾപ്പടെ ഡിസംബറിൽ ഇയർ എൻഡ് ഓഫറുകൾ പ്രഖ്യാപിച്ചതായിരിക്കാം എസ്-പ്രെസോയുടെ കച്ചോടം കൂടാനുണ്ടായ പ്രധാന കാരണം. ഇതോടൊപ്പം ജിഎസ്‌ടി പരിഷ്ക്കാരങ്ങളോടെ വില കുത്തനെ താഴ്ന്നതും കാറിന് ഗുണം ചെയ്‌തിട്ടുണ്ട്. ചെറുകാറുകളുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചടതോടെ വിലയും ഗണ്യമായി കുറഞ്ഞിരുന്നു. 6 എയർബാഗ് ഇല്ലെങ്കിലും ഡ്യുവൽ എയർബാഗുകളുടെ സപ്പോർട്ട് കാറിനുണ്ട്.

3.49 ലക്ഷം രൂപ മുതൽ 5.24 ലക്ഷം രൂപ വരെയാണ് പുതിയ മാരുതി സുസുക്കി എസ്-പ്രെസോയ്ക്കായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. അധികം വൈകാതെ മോഡൽ നിരയിൽ വില വർധനവ് നടപ്പിലാവുന്നതോടെ ഈ വിലയിൽ ചെറിയ മാറ്റങ്ങളുണ്ടാവും. എന്തായാലും ചെറിയ ബജറ്റിൽ കാർ അന്വേഷിക്കുന്നവർക്ക് ഈ മിടുക്കനെ കണ്ണുംപൂട്ടി വാങ്ങിക്കാനാവുന്നതാണ്. മാരുതിയുടെ ഹാർടെക് പ്ലാറ്റ്‌ഫോമില്‍ ബോക്സി ഡിസൈനിലാണ് മോഡൽ നിർമിച്ചിരിക്കുന്നത്.
ഒരു മിനി എസ്‌യുവി ലുക്ക് സമ്മാനിക്കുന്ന എസ്-പ്രെസോ ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ VVT ടെക്‌നോളജി, ഐഡിൾ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യ എന്നിവ ഉള്‍ക്കൊള്ളുന്ന 1.0 ലിറ്റർ, ത്രീ സിലിണ്ടർ, K10C പെട്രോൾ എഞ്ചിനോടെയാണ് വിപണനത്തിന് എത്തുന്നത്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 66 bhp പവറിൽ 89 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് മാരുതി സുസുക്കി പറയുന്നത്.

പെട്രോളിന് പുറമെ സിഎൻജിയിലും വാഹനം സ്വന്തമാക്കാനാവുന്നതാണ്. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ കാറിൻ്റെ പവർഔട്ട്പുട്ട് കണക്കുകളിൽ കുറവ് സംഭവിക്കുമെങ്കിലും അപാര മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. ഒരു കിലോഗ്രാം സിഎൻജിയിൽ എസ്-പ്രെസോയ്ക്ക് 32.73 കിലോമീറ്റർ മൈലേജാണ് നൽകാനാവുക. അതേസമയം പെട്രോൾ മാനുവൽ വേരിയൻ്റുകൾ 24.76 കിലോമീറ്ററും പെട്രോൾ ഓട്ടോമാറ്റിക് പതിപ്പുകൾ 25.3 കിലോമീറ്റർ മൈലേജും നൽകാൻ പ്രാപ്‌തമാണ്.
ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, പവർ സ്റ്റിയറിംഗ്, ഫ്രണ്ട് പവർ വിൻഡോകൾ, കീലെസ് എൻട്രി, റിയർ പാർസൽ ട്രേ, 60:40 സ്പ്ലിറ്റ് റിയർ സീറ്റ് എന്നിവ പോലുള്ള ഫീച്ചറുകളാലും വാഹനം സമ്പന്നമാണ് കേട്ടോ. ചെറിയ വിലയിൽ നല്ലൊരു ഫാമിലി കാർ തേടി നടക്കുന്നവർ ഇപ്പോഴും എസ്-പ്രെസോ ധൈര്യമായി വാങ്ങി മുറ്റത്തിടാം. വിൽപ്പന കൂടിയതോടെ മാരുതി ഇനിയും ഓഫറുകൾ നൽകാൻ സാധ്യതയുണ്ട്.


Click it and Unblock the Notifications








