കണ്ടടോ ഞാൻ എൻ്റെ പഴയ സ്വിഫ്റ്റിനെ... വീണ്ടും പഴയ ഫോമിലേക്ക് ഉയർന്ന് മാരുതി കാറിൻ്റെ കച്ചോടം
അന്നും ഇന്നും ഇനി എന്നും ഇന്ത്യക്കാരുടെ പ്രിയങ്കരനായ ഹാച്ച്ബാക്കായിരിക്കും മാരുതി സുസുക്കി സ്വിഫ്റ്റ് എന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്. 2025 കലണ്ടർ വർഷത്തിലെ അവസാനമാസത്തിൽ വിൽപ്പനയിൽ വമ്പൻ കുതിപ്പുണ്ടാക്കിയാണ് കോംപാക്‌ട് ഹാച്ച് കരുത്തുകാട്ടിയിരിക്കുന്നത്. ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ ഉപേക്ഷിച്ച് അടുത്തിടെ ത്രീ സിലിണ്ടറിലേക്ക് മാറിയിട്ട് പോലും പതിനായിരക്കണക്കിന് സ്വിഫ്റ്റുകളാണ് ഓരോ മാസവും വിപണനം ചെയ്യുന്നത്. എന്നാൽ വിൽപ്പന കണക്കുകളിലെ നമ്പരിൽ കഴിഞ്ഞ കുറച്ച് മാസങ്ങളിൽ ചെറിയ കുറവുണ്ടായിരുന്നുവെങ്കിലും ഡിസംബറിൽ ശക്തമായി തിരിച്ചുവരാനായതിൽ മാരുതിക്കും വലിയ സന്തോഷമായിട്ടുണ്ടാവും.
അടുത്തിടെ ജിഎസ്‌ടി നിരക്കിൽ കേന്ദ്രസർക്കാർ മാറ്റം കൊണ്ടുവന്നതോടെ കാറിൻ്റെ വിലയിലും വലിയ കുറവ് സംഭവിച്ചിരുന്നു. ഇതെല്ലാമാവാം മാരുതി സുസുക്കി സ്വിഫ്റ്റ് വാങ്ങാനെത്തുന്നവരുടെ എണ്ണം കൂടാൻ കാരണമായത്. ഒപ്പം കമ്പനി നൽകിയ ഇയർ എൻഡ് ഓഫറുകളും ഫലം കണ്ടതിൻ്റെ സൂചനയാണ് കച്ചോടത്തിലുണ്ടായ വർധനവ്. 2025 ഡിസംബറിൽ ഹാച്ച്ബാക്കിൻ്റെ 18,767 യൂണിറ്റുകളാണ് മൊത്തം വിറ്റുപോയത്.

2024 ഡിസംബർ മാസത്തിൽ നിരത്തിലെത്തിച്ച 10,421 യൂണിറ്റുകളേക്കാൾ 80.09 ശതമാനത്തിൻ്റെ വർധനവാണ് മാരുതി സ്വിഫ്റ്റിൻ്റെ വാർഷിക വിൽപ്പനയിൽ സംഭവിച്ചിരിക്കുന്നത്. അതായത് കഴിഞ്ഞ വർഷത്തേക്കാൾ 8,346 യൂണിറ്റുകൾ അധികമായി വിൽക്കാൻ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾക്ക് സാധിച്ചുവെന്ന് ചുരുക്കം. LXI, VXI, VXI, ZXI, ZXI+ എന്നീ വ്യത്യസ്‌ത വകഭേദങ്ങളിൽ വിപണിയിലെത്തുന്ന മാരുതി സുസുക്കി സ്വിഫ്റ്റിന് ഈ മാസം തന്നെ വില വർധനവ് ലഭിക്കാൻ പോവുകയാണ്.
പുതുവർഷത്തോട് അനുബന്ധിച്ച് കമ്പനി വില വർധിപ്പിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. നിലവിൽ 5.79 ലക്ഷം മുതൽ 8.80 ലക്ഷം രൂപ വരെയാണ് മാരുതിയുടെ കോംപാക്‌ട് ഹാച്ച്ബാക്കിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. പഴയ തലമുറ ആവർത്തനങ്ങളെ അപേക്ഷിച്ച് നിലവിലെ പുത്തൻ സ്വിഫ്റ്റിന് ആരാധകർ കുറവാണെങ്കിലും വിൽപ്പന കൂടുന്നത് വലിയ ആശ്ചര്യകരമാണ്. കാറിലെ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനും ഡിസൈനും ഒന്നും പലർക്കും ബോധിച്ചിട്ടില്ലെന്നതാണ് സത്യം.

എന്നാൽ സേഫ്റ്റിയുടെ കാര്യത്തിൽ മുൻഗാമികളേക്കാൾ കൂടുതൽ മിടുക്കനാവാൻ ആശാന് സാധിച്ചിട്ടുണ്ടെന്നതാണ് സത്യം. 6 എയർബാഗുകൾ, റോൾഓവർ മിറ്റിഗേഷനോടുകൂടിയ ഇലക്ട്രോണിക് സ്റ്റൈബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ്, ഇബിഡിയുള്ള എബിഎസ്, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകളും ത്രീ-പോയിന്റ് ബെൽറ്റുകളും പോലുള്ള സുരക്ഷാ സന്നാഹങ്ങളാണ് സ്വിഫ്റ്റിൻ്റെ ന്യൂജെൻ മോഡലിൽ ഇപ്പോൾ ലഭ്യമാവുന്നത്.
ഫീച്ചറുകളുടെ കാര്യം നോക്കിയാലും ആരേയും നിരാശപ്പെടുത്താതെയാണ് പുതിയ മാരുതി സ്വിഫ്റ്റ് വിപണനത്തിന് എത്തിയിരിക്കുന്നത്. 9 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ പ്ലസ് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, 40-ലധികം കണക്റ്റഡ് കാർ സവിശേഷതകൾ, ക്രൂയിസ് കൺട്രോൾ, വയർലെസ് ചാർജർ, വയർലെസ് ഫോൺ മിററിംഗ്, റിയർ എസി വെന്റുകൾ, 60:40 സ്പ്ലിറ്റ് റിയർ സീറ്റുകൾ, കീലെസ് എൻട്രി പോലുള്ള പ്രായോഗികമായ ഫീച്ചറുകളെല്ലാം ഹാച്ച്ബാക്കിൽ ഇപ്പോഴുണ്ട്.

പെട്രോൾ, സിഎൻജി ഫ്യുവൽ ഓപ്ഷനുകളിലാണ് മാരുതി സുസുക്കി സ്വിഫ്റ്റ് തെരഞ്ഞെടുക്കാനാവുക. 1.2 ലിറ്റർ Z- സീരീസ് ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനുമായി വരുന്ന ഹാച്ച്ബാക്കിന് 80 bhp പവറിൽ പരമാവധി 112 Nm ടോർക്ക് വരെ നിർമിക്കാൻ ഇപ്പോഴും ശേഷിയുണ്ട്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് കോംപാക്‌ട് ഹാച്ച്ബാക്കിൽ തെരഞ്ഞെടുക്കാനാവുന്നത്. സിഎൻജിയിലേക്ക് വന്നാൽ പെർഫോമൻസ് കുറയുമെങ്കിലും അഡാറ് മൈലേജാണ് നൽകുക.
കിലോഗ്രാമിന് 32.85 കിലോമീറ്റർ മൈലേജാണ് സ്വിഫ്റ്റ് സിഎൻജി വാഗ്‌ദാനം ചെയ്യുന്നത്. ഇനി പെട്രോൾ വേരിയൻ്റ് വാങ്ങുന്നവർക്കും കിടിലൻ ഇന്ധനക്ഷമതയാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്. കാറിൻ്റെ മാനുവൽ ഗിയർബോക്‌സ് പതിപ്പുകൾക്ക് ലിറ്ററിന് 24.80 കിലോമീറ്റർ ഇന്ധനക്ഷമത വരെ നൽകാനാവും. ഇതൊക്കെ ഏതൊരു മിഡിൽ ക്ലാസുകാരേയും സന്തോഷിപ്പിക്കുന്ന കണക്കുകളാണെന്ന് വേണം പറയാൻ. പിന്നെങ്ങനെ സ്വിഫ്റ്റിൻ്റെ വിൽപ്പന കൂടാതിരിക്കും.


Click it and Unblock the Notifications








