ലിറ്ററിന് 25.75 കി.മീ മൈലേജ്, വില ₹5.79 ലക്ഷം മുതൽ! 'പാവങ്ങളുടെ മിനി കൂപ്പർ' ഏപ്രിലിൽ വാങ്ങിയത് 17,000+ പേർ
വിപണിയില്‍ ട്രെന്‍ഡുകള്‍ മാറിമറിഞ്ഞാലും ഇന്ത്യന്‍ റോഡുകളില്‍ തനിക്ക് പകരക്കാരനില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് മാരുതി സുസുക്കി സ്വിഫ്റ്റ് (Maruti Suzuki Swift). ഒരേസമയം വാര്‍ഷിക-മാസ വളര്‍ച്ചയുമായി രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ സ്വിഫ്റ്റ് 2026 ഏപ്രില്‍ മാസത്തില്‍ തകര്‍പ്പന്‍ വില്‍പ്പനയാണ് നേടിയത്. പ്രമുഖ ഓട്ടോമൊബൈല്‍ പോര്‍ട്ടലായ ഓട്ടോപണ്ഡിറ്റ്സ് പുറത്തുവിട്ട 2026 ഏപ്രില്‍ മാസത്തിലെ വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം പോയ മാസത്തില്‍ മാത്രം 17,829 സ്വിഫ്റ്റ് കാറുകളാണ് മാരുതി സുസുക്കി രാജ്യത്തുടനീളം ഉപഭോക്താക്കള്‍ക്ക് കൈമാറിയത്.
2025 ഏപ്രില്‍ മാസത്തില്‍ ആഭ്യന്തര വിപണിയില്‍ ആകെ 14,592 സ്വിഫ്റ്റ് യൂണിറ്റുകളായിരുന്നു കമ്പനി വിറ്റഴിച്ചിരുന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവിലെ വില്‍പ്പന നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ ഏപ്രിലില്‍ 22 ശതമാനം വാര്‍ഷിക വില്‍പ്പന വളര്‍ച്ചയാണ് ഇന്ത്യക്കാരുടെ ഈ പ്രിയപ്പെട്ട ഹാച്ച്ബാക്ക് സ്വന്തമാക്കിയത്. തൊട്ടുമുമ്പത്തെ മാസമായ 2026 മാര്‍ച്ചിലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോഴും ഏപ്രിലില്‍ വലിയ പുരോഗതിയാണ് രേഖപ്പെടുത്തിയത്.

മാര്‍ച്ച് മാസത്തില്‍ ഇന്ത്യയില്‍ ആകെ 14,545 സ്വിഫ്റ്റ് കാറുകള്‍ മാത്രമാണ് കമ്പനിക്ക് വിറ്റഴിക്കാന്‍ സാധിച്ചിരുന്നത്. മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഏപ്രിലില്‍ സ്വിഫ്റ്റിന്റെ വില്‍പ്പനയില്‍ 23 ശതമാനം വളര്‍ച്ചയാണ് (MoM Growth) ഉണ്ടായിരിക്കുന്നത്. പുത്തന്‍ ഫീച്ചറുകളുമായി എത്തുന്ന ഹാച്ച്ബാക്ക് മോഡലുകള്‍ക്ക് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഡിമാന്‍ഡ് വര്‍ദ്ധിച്ചുവരുന്നതിന്റെ സൂചനയായിരിക്കാം സ്വിഫ്റ്റിന്റെ പെട്ടെന്നുള്ള വില്‍പ്പന വളര്‍ച്ചയ്ക്കുള്ള പ്രധാന കാരണമെന്നാണ് വിപണി വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.
ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഈ ഫാമിലി കാറിന്റെ മെക്കാനിക്കല്‍ സവിശേഷതകള്‍ നോക്കിയാല്‍ പുതിയ 1.2 ലിറ്റര്‍, 3-സിലിണ്ടര്‍ Z-സീരീസ് പെട്രോള്‍ എഞ്ചിനാണ് നാലാം തലമുറ സ്വിഫ്റ്റിന് കരുത്ത് പകരുന്നത്. പരമാവധി 82 PS പവറും 112 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ മോട്ടോര്‍. സുഗമമായ യാത്രകള്‍ക്കായി 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സംവിധാനത്തോടൊപ്പം എഎംടി (AMT) ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനും സ്വിഫ്റ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.
മുന്‍തലമുറ മോഡലിലുണ്ടായിരുന്ന 4 സിലിണ്ടര്‍ എഞ്ചിന് പകരം 3 സിലിണ്ടര്‍ എഞ്ചിന്‍ സ്ഥാനം പിടിച്ചതോടെ സ്വിഫ്റ്റിന്റെ പവര്‍ ഡെലിവറിയില്‍ ചെറിയ കുറവുണ്ടായിട്ടുണ്ട്. പവര്‍ കുറഞ്ഞാലും ഇന്ധനക്ഷമത കൂടി എന്നതാണ് മെച്ചം. സ്വിഫ്റ്റിന്റെ പെട്രോള്‍ മാനുവല്‍ പതിപ്പുകള്‍ക്ക് ലിറ്ററിന് 24.80 കിലോമീറ്ററും ഓട്ടോമാറ്റിക് പതിപ്പുകള്‍ക്ക് 25.75 കിലോമീറ്ററുമാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്ന മൈലേജ്.
കൂടാതെ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ദൂരം യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഹാച്ചിന്റെ ഫാക്ടറി ഫിറ്റഡ് സിഎന്‍ജി (CNG) പതിപ്പും വിപണിയിലുണ്ട്. സിഎന്‍ജി മോഡലുകളില്‍ കിലോഗ്രാമിന് 32.85 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്ന് ARAI സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. തീപിടിച്ച ഇന്ധനവിലയുള്ള ഇക്കാലത്ത് കുറഞ്ഞ ചെലവില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്ക് സ്വിഫ്റ്റിന്റെ ഈ ബദല്‍ ഇന്ധന ഓപ്ഷന്‍ വലിയ ആശ്വാസമാണ്.
സുരക്ഷയുടെ കാര്യത്തിലും പുതിയ തലമുറ സ്വിഫ്റ്റ് ഏറെ മുന്നിലാണ് നില്‍ക്കുന്നത്. എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, എബിഎസ് എന്നിവ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മാരുതി സുസുക്കി ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ ഹ്യണ്ടാായി ഗ്രാന്‍ഡ് i10 നിയോസ്, ടാറ്റ ടിയാഗോ തുടങ്ങിയ പ്രമുഖ മോഡലുകളോടാണ് മാരുതി സ്വിഫ്റ്റ് പ്രധാനമായും മത്സരിക്കുന്നത്.
നിലവില്‍ ഏകദേശം 6.49 ലക്ഷം രൂപ മുതല്‍ 9.64 ലക്ഷം രൂപ വരെയാണ് ഈ കാറിന്റെ എക്‌സ്-ഷോറൂം വില പോകുന്നത്. മികച്ച റീസെയില്‍ വാല്യുവും കുറഞ്ഞ പരിപാലന ചെലവും ആഗ്രഹിക്കുന്ന ചെറു കുടുംബങ്ങള്‍ക്ക് വിപണിയില്‍ നിന്നും തിരഞ്ഞെടുക്കാവുന്ന ഏറ്റവും വിശ്വസനീയമായ ഹാച്ച്ബാക്ക് ഓപ്ഷനാണിത്. ഏപ്രിലില്‍ നേടിയ ഈ കുതിപ്പ് സ്വിഫ്റ്റ് വരും മാസങ്ങളിലും തുടരുമെന്നാണ് ഡീലര്‍മാരുടെ പ്രതീക്ഷ.


Click it and Unblock the Notifications