29 KM മൈലേജുള്ള മാരുതി എസ്‌യുവി 8 മാസത്തിൽ വാങ്ങിയത് 1 ലക്ഷം പേർ, പേര് പോലെ വിക്‌ടറിയായി വിക്ടോറിസ്
ജനങ്ങളുടെ മനസറിഞ്ഞ് വാഹനങ്ങൾ പുറത്തിറക്കുന്നവരാണ് നമ്മുടെ സ്വന്തം മാരുതി സുസുക്കി. ബജറ്റ് ഹാച്ച്ബാക്കുകൾ മുതൽ ഇലക്ട്രിക് എസ്‌യുവി വരെ നീണ്ടുകിടക്കുന്ന മോഡൽ നിരയിൽ ഫ്ലോപ്പ് കാറുകളുടെ എണ്ണം വരെ വളരെ കുറവാണ്. എസ്‌യുവി വിപണിയിൽ ടാറ്റ മോട്ടോർസിനോടും മഹീന്ദ്രയോടും ഹ്യുണ്ടായിയോടുമെല്ലാം മല്ലിടാനായി കച്ചകെട്ടിയിറങ്ങിയ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ കുറച്ചുനാളുകൾക്ക് മുമ്പ് കിടിലനൊരു വാഹനം ഇന്ത്യയ്ക്ക് സമ്മാനിച്ചിരുന്നു. രാജ്യത്തെ പ്രമുഖ നിർമാതാക്കളെല്ലാം സാന്നിധ്യമറിയിച്ച മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലേക്ക് എത്തിയ വിക്ടോറിസായിരുന്നു (Maruti Suzuki Victoris) അത്.
ഗ്രാൻഡ് വിറ്റാര എന്നൊരു മോഡൽ ഉണ്ടായിരുന്നിട്ടും കുറച്ചുകൂടി വിൽപ്പന പിടിക്കുവാനായി നിയോഗിച്ച വിക്ടോറിസ് വളരെ വേഗമാണ് ജനപ്രിയനായി മാറിയത്. വന്ന മാസം മുതൽ നല്ല കച്ചോടം പിടിച്ച എസ്‌യുവി ഇപ്പോൾ വിൽപ്പനയുടെ കാര്യത്തിൽ സുപ്രധാനമായൊരു നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്. 2025 സെപ്റ്റംബറിൽ വിപണിയിലെത്തി വെറും 8 മാസത്തിനുള്ളിൽ മാരുതി വിക്ടോറിസ് ഒരു ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്.

മെയ് മാസത്തോടെയാണ് 1 ലക്ഷം മാർക്കിലെത്താൻ വിക്ടോറിസിന് സാധിച്ചത്. അവതരിപ്പിച്ച് വെറും 5 മാസത്തിനുള്ളിൽ ആദ്യത്തെ 50,000 വിൽപ്പന നാഴികക്കല്ല് പിന്നിട്ട വാഹനം പിന്നീട് 3 മാസത്തിലാണ് 1 ലക്ഷം കവിയുന്നത് എന്നതും ശ്രദ്ധേയമാണ്. 2026 ജനുവരി മുതൽ ഓരോ മാസവും പതിനായിരം യൂണിറ്റുകൾക്ക് മുകളിൽ വിറ്റഴിക്കാനും മാരുതി സുസുക്കിക്ക് സാധിക്കുന്നുണ്ട്. LXi, VXi, ZXi, ZXi (O), ZXi+, ZXi+ (O) എന്നിങ്ങനെ വ്യത്യസ്‌ത വേരിയൻ്റുകളിലാണ് വിക്ടോറിസ് വിപണിയിലെത്തുന്നത്.
മാരുതി അരീന ഡീലർഷിപ്പുകൾ വഴി വിൽക്കുന്ന മോഡലിന് 10.77 ലക്ഷം രൂപ മുതൽ 19.99 ലക്ഷ രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. മൂന്ന് വ്യത്യസ്‌ത എഞ്ചിൻ ഓപ്ഷനുകളാണ് വിക്ടോറിസിന്റെ പ്രധാന ശക്തി. അതിൽ 1.5 ലിറ്റർ, 4 സിലിണ്ടർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ, 1.5 ലിറ്റർ, 3 സിലിണ്ടർ സ്ട്രോങ്ങ് ഹൈബ്രിഡ്, 1.5 ലിറ്റർ പെട്രോൾ-സിഎൻജി ഓപ്ഷൻ എന്നിവയാണ് ഉൾപ്പെടുന്നത്.

മാനുവൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുമുള്ളതിനാൽ ഏതുതരം ആളുകൾക്കും അനുയോജ്യമായിരിക്കും. മൈലേജിലേക്ക് നോക്കിയാൽ ഹൈബ്രിഡ് വേരിയൻ്റുകൾ 28.65 കിലോമീറ്ററും NA പെട്രോള്‍ മാനുവല്‍ 21.18 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക് 21.06 കിലോമീറ്ററും പെട്രോള്‍ AWD 19.07 കിലോമീറ്ററും സിഎന്‍ജി 27.02 കിലോമീറ്റർ ഇന്ധനക്ഷമതയും നൽകും. ഫീച്ചറുകളാൽ സമ്പന്നമായ മോഡേൺ മാരുതി കാറാണ് വിക്ടോറിസ്.
വലിയ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡോൾബി അറ്റ്‌മോസ് മ്യൂസിക് സിസ്റ്റം, വെന്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, ലെവൽ 2 ADAS സ്യൂട്ട്, ജെസ്റ്റർ കൺട്രോളോടുകൂടിയ പവർഡ് ടെയിൽഗേറ്റ്, അണ്ടർബോഡി സിഎൻജി ടാങ്ക്, പനോരമിക് സൺറൂഫ്, 60W, 45W യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, HUD, ആംബിയന്റ് ലൈറ്റിംഗ്, 10.25 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ തുടങ്ങിയ സവിശേഷതകളെല്ലാം വിക്ടോറിസിൽ കുത്തിനിറച്ചിട്ടുണ്ട്.

എക്സ്റ്റീരിയറിലേക്ക് വന്നാലും ആധുനികനാണ് കക്ഷിയെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം. എൽഇഡി ഡിആർഎൽ, പുതിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, എൽഇഡി ലൈറ്റിംഗ്, 17 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകൾ, ടെയിൽഗേറ്റിലെ എൽഇഡി ലൈറ്റ് ബാർ, സിൽവർ നിറമുള്ള റൂഫ് റെയിലുകൾ എന്നിവയാണ് വിക്ടോറിസിനെ ഗ്ലാമറാക്കുന്നത്. പത്ത് വെറൈറ്റിയിലുള്ള കളർ ഓപ്ഷനുകളാണ് വാഹനത്തിൽ തെരഞ്ഞെടുക്കാനാവുന്നത്.
ഭാരത് NCAP ക്രാഷ് ടെസ്റ്റ്, ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റ് എന്നീ ഇടിപ്പരീക്ഷയിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയ മാരുതി സുസുക്കിയുടെ ആദ്യ എസ്‌യുവി കൂടിയാണിത്. മുതിർന്നവരുടെ വിഭാഗത്തിൽ 34-ൽ 33.72 പോയിന്റും കുട്ടികളുടെ വിഭാഗത്തിൽ 49-ൽ 41 പോയിന്റും കരസ്ഥമാക്കിയാണ് മോഡൽ കരുത്ത് കാട്ടിയത്. ഇന്ത്യയിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ടൊയോട്ട ഹൈറൈഡർ, ഹോണ്ട എലിവേറ്റ് തുടങ്ങിയ വമ്പൻമാരുമായാണ് വിക്ടോറിസിന്റെ മത്സരം.


Click it and Unblock the Notifications