15% പെട്രോൾ മതി, ബാക്കി എഥനോൾ! ഇന്ത്യയുടെ ആദ്യത്തെ ഫ്ലെക്‌സ് ഫ്യുവൽ കാർ അവതരിപ്പിച്ച് മാരുതി
ഇന്ധന വില കുതിച്ചുയർന്നതോടെ എല്ലാവർക്കും സുപരിചിതമായി മാറിയ വാക്കാണ് ഫ്ലെക്‌സ് ഫ്യുവൽ. ഇന്നലെ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് രണ്ട് പുത്തൻ ഫ്ലെക്‌സ് ഫ്യുവൽ ബൈക്കുകൾ പുറത്തിറക്കിക്കൊണ്ട് പുതിയൊരു മാറ്റത്തിന് തുടക്കം കുറിച്ചിരുന്നു. ഇപ്പോഴിതാ സാധാരണക്കാരുടെ സ്വന്തം പാസഞ്ചർ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യക്കായുള്ള ആദ്യത്തെ ഫ്ലെക്‌സ് ഫ്യുവൽ കാർ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. E85 വരെ എഥനോൾ മിശ്രിതങ്ങളിൽ പ്രവർത്തിക്കാൻ കഴിവുള്ള വാഗൺആർ ഫ്ലെക്സ് ഫ്യുവൽ പ്രോട്ടോടൈപ്പ് പ്രദർശിപ്പിച്ചുകൊണ്ടാണ് കമ്പനി ബദൽ ഇന്ധന മാർഗത്തിലേക്ക് മറ്റൊരു ചുവടുവയ്പ്പ് നടത്തിയിരിക്കുന്നത്.
100 ശതമാനം എഥനോളിൽ പ്രവർത്തിക്കാൻ ശേഷിയുള്ള വാഹനമാണ് എത്തുന്നതെന്ന കിംവദന്തിയുണ്ടായിരുന്നുവെങ്കിലും കൂടുതൽ പ്രായോഗികമാക്കുവാനായാണ് 85 ശതമാനം എഥനോളം 15 ശതമാനം പെട്രോളിലും ഓടാൻ കഴിവുള്ള കാറിന് കമ്പനി രൂപം കൊടുത്തിരിക്കുന്നത്. പരമ്പരാഗത ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനൊപ്പം ഇന്ത്യയുടെ ജൈവ ഇന്ധന കാഴ്ച്ചപ്പാടിനെ പിന്തുണയ്ക്കുന്നതിനുള്ള കമ്പനിയുടെ തുടർച്ചയായ ശ്രമങ്ങളെയാണ് ഈ ആശയം പ്രകടമാക്കുന്നത്.

ഇന്ത്യയുടെ ഫാമിലി കാറായി അറിയപ്പെടുന്ന വാഗൺആറിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന മോഡൽ ദൈനംദിന ഉപയോഗക്ഷമതയിൽ വിട്ടുവീഴ്ച്ച ചെയ്യാതെ എഥനോൾ-പെട്രോൾ മിശ്രിതങ്ങളിൽ പ്രവർത്തിക്കുന്ന വിധത്തിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. 85 ശതമാനം വരെ എഥനോൾ അടങ്ങിയ ഇന്ധന മിശ്രിതങ്ങളിൽ പ്രവർത്തിക്കാനുള്ള കഴിവാണ് വാഗൺആർ ഫ്ലെക്സ് ഫ്യുവലിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഡിസൈൻ, ഇന്റീരിയർ, ഫീച്ചർ ലിസ്റ്റ് തുടങ്ങി പല കാര്യങ്ങളിലും നിലവിലെ വാഗൺആറിന് സമാനമാണ് ഫ്ലെക്‌സ് ഫ്യുവൽ പതിപ്പ്. ഡിസൈനിലേക്ക് നോക്കിയാൽ തന്നെ അക്കാര്യം മനസിലാക്കാനാവും. എക്സ്റ്റീരിയർ ഒന്നുതന്നെയാണെങ്കിലും E85 മോഡലാണെന്ന് വേർതിരിച്ചറിയാൻ ചില പ്രധാന മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അതായത് ചില സ്റ്റിക്കർ വർക്കുകളാണ് ഇതിലെ പ്രധാന നവീകരണങ്ങൾ എന്നുപറയാം.

മുന്നിൽ വലിയ ചതുരാകൃതിയിലുള്ള ഹാലൊജൻ ഹെഡ്‌ലാമ്പുകളും ഒരു സ്റ്റബ്ബി ബോണറ്റും അതേപടി നിലനിർത്തിയിട്ടുണ്ട്. സൂക്ഷ്മവും എന്നാൽ സമകാലികവുമായ ഒരു ലുക്ക് നൽകുന്നതിനായി സിംഗുലർ ക്രോം സ്ലാറ്റും ഹണികോമ്പ് ഡീറ്റെയിലിംഗും ഉള്ള ഗ്രില്ലും മുൻവശത്ത് കാണാം. ബമ്പറിൽ ഒരു വലിയ എയർ ഡാമും കറുത്ത ചുറ്റുപാടുകൾക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ഫോഗ് ലാമ്പുകളുമെല്ലാം നിലവിലെ മോഡലിന്റേത് പോലെ തന്നെ പകർത്തിയിട്ടുമുണ്ട്.
വശക്കാഴ്ച്ചയിലേക്ക് വന്നാൽ വാഗൺആർ ഫ്ലെക്സ് ഫ്യുവലിൽ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും എടുത്തുപറയാനില്ല. 85 ശതമാനം എഥനോളിൽ പ്രവർത്തിക്കുന്ന കാറാണെന്ന് മനസിലാക്കുവാനായി നീല സ്റ്റിക്കറുകളും ഫ്ലെക്‌സ് ഫ്യുവൽ എഴുത്തും കമ്പനി നൽകിയിട്ടുണ്ട്. പ്രൊഡക്ഷൻ മോഡലിലേക്ക് എത്തുമ്പോൾ ഇത് ഒഴിവാക്കിയേക്കാം. അതേ ഡിസൈനിലുള്ള 14 ഇഞ്ച് അലോയ് വീലുകളും E85 മോഡലിൽ ഒരുക്കിയിട്ടുണ്ട്.

ഫ്ലോട്ടിംഗ്-റൂഫ് ഇഫക്റ്റിനായി സി-പില്ലറിന് കറുത്ത നിറത്തിലുള്ള ഇൻസേർട്ട് നൽകിയിരിക്കുന്നതും മനോഹരമാണ്. പിൻവശത്തും പരിഷ്ക്കാരങ്ങളൊന്നും കൊടുത്തിട്ടില്ല. വാഗൺആർ ഫ്ലെക്സ് ഫ്യുവലിന്റെ ഉൾഭാഗവും സ്റ്റാൻഡേർഡ് ഹാച്ച്ബാക്കിന് സമാനമായി തുടരുന്നു. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വെർട്ടിക്കൽ എസി വെന്റുകൾ, ചാർജിംഗ് പോർട്ടുകൾ, 12V സോക്കറ്റ്, ഓഡിയോ കൺട്രോളുകളുള്ള ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, മൾട്ടി ഇൻഫർമേഷൻ ഡിസ്‌പ്ലേയുള്ള അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് ഇൻ്റീരിയറിലെ പ്രധാന സവിശേഷതകൾ.
ഒരു സാധാരണ പെട്രോൾ വാഹനത്തിൽ നിന്ന് വ്യത്യസ്തമായി ഉയർന്ന എഥനോളിന്റെ അളവ് കൈകാര്യം ചെയ്യുന്നതിനായി വാഗൺആർ ഫ്ലെക്സ് ഫ്യുവലിൽ നിരവധി ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ പരിഷ്ക്കാരങ്ങൾ മാരുതി സുസുക്കി നടപ്പിലാക്കിയിട്ടുണ്ട്. ഫ്ലെക്സ് ഫ്യുവൽ വാഗൺആർ പൂർണമായും പുതുക്കിപ്പണിത എഞ്ചിനാണ് ഉൾക്കൊള്ളുന്നത്. ഇത് E85 എഥനോൾ-മിശ്രിത ഇന്ധനവുമായി പൊരുത്തപ്പെടുന്നതാണ്. പവർ കണക്കുകൾ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല.


Click it and Unblock the Notifications