ടാറ്റയ്ക്ക് മുന്നേ മാരുതി, വാഗൺആർ ഫ്ലെക്സ് ഫ്യുവൽ കാർ ജൂണിൽ വിപണിയിലെത്തും! വാങ്ങാൻ റെഡിയായിക്കോ
പെട്രോൾ, ഡീസൽ, സിഎൻജി ഇന്ധനങ്ങളുടെ വില ദിനംപ്രതി കൂടുന്നതിൽ പൊറുതിമുട്ടിയിരിക്കുകയാണ് ജനം. ഇവികളിലേക്ക് മാറാമെന്ന് വിചാരിച്ചാൽ തുടക്കത്തിൽ മുടക്കേണ്ടി വരുന്ന ഉയർന്ന വിലയും ബാറ്ററിയും റേഞ്ചുമായി ബന്ധപ്പെട്ട ആകുലതകളുമാണ് പിന്നോട്ട് വലിക്കുന്നത്. അതേസമയം ഫ്ലെക്‌സ് ഫ്യുവൽ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുവാനായി 100 ശതമാനം എഥനോള്‍ ഇന്ധനത്തിലേക്ക് വേഗത്തില്‍ മാറാനൊരുങ്ങുന്ന നടപടികളുമായി മുമ്പോട്ട് പോവുകയാണ് കേന്ദ്രസര്‍ക്കാർ. പെട്രോളിന്റെയും എഥനോളിന്റെയും മിശ്രിതമാണ് ഫ്ലെക്സ് ഫ്യുവലായി ഉപയോഗിക്കാറുള്ളത്. ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാർ ടാറ്റ മോട്ടോർസ് പുറത്തിറക്കാൻ തയാറാണെന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു.
എന്നാൽ ഇപ്പോഴിതാ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയും തങ്ങളുടെ നിരയിലെ ആദ്യ ഫ്ലെക്‌സ് ഫ്യുവൽ വാഹനം ഇന്ത്യക്കായി സമ്മാനിക്കാൻ ഒരുങ്ങുകയാണെന്നാണ് ഗാഡിവാഡി റിപ്പോർട്ട് ചെയ്യുന്നത്. മാരുതി സുസുക്കി വാഗൺആർ ഫ്ലെക്സ് ഫ്യുവൽ മോഡൽ 2026 ജൂൺ അഞ്ചിന് രാജ്യത്ത് പുറത്തിറങ്ങുമെന്ന് കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയാണ് സൂചന നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

100 ശതമാനം വരെ എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയുന്ന ആദ്യത്തെ മാസ്-മാർക്കറ്റ് E100 കാർ ആയിരിക്കും ഇതെന്നതാണ് വലിയ പ്രത്യേകത. 2026 ലോക പരിസ്ഥിതി ദിനമായി ആഘോഷിക്കുന്ന ജൂൺ 5-ന് എഥനോൾ ഇന്ധനമായി ഉപയോഗിക്കുന്ന ആദ്യ കാർ ബ്രാൻഡ് അവതരിപ്പിക്കുന്നത് ഉചിതമായ തീരുമാനം തന്നെയായിരിക്കും. 2026 ഏപ്രിലിൽ, MoRTH ഓട്ടോമൊബൈൽ ടെസ്റ്റിംഗ്, സർട്ടിഫിക്കേഷൻ മാനദണ്ഡങ്ങളുടെ വിഭാഗത്തിൽ E100 ഉൾപ്പെടുത്തിയിരുന്നു.
2025-ൽ ന്യൂഡൽഹിയിൽ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ മാരുതി സുസുക്കി ഒന്നിലധികം ഫ്ലെക്സ് ഫ്യുവൽ കാറുകൾ പുറത്തിറക്കിയിരുന്നു. ഈ പരിപാടിയിൽ പ്രദർശിപ്പിച്ച മോഡലുകളിൽ ഒന്നായിരുന്നു വാഗൺആർ ഫ്ലെക്സ് ഫ്യുവൽ മോഡൽ. അതിനാൽ, രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ കമ്പനി അടുത്ത മാസം ഹാച്ച്ബാക്കിന്റെ ഫ്ലെക്സ് ഇന്ധന (E100) പതിപ്പ് പുറത്തിറക്കുകയാണെങ്കിൽ അങ്ങനെ ചെയ്യുന്ന ആദ്യത്തെ മുഖ്യധാരാ ബ്രാൻഡായി ഇവർ മാറും.

ഇന്ധനത്തിന്റെ വാണിജ്യ ലഭ്യത ഇപ്പോഴും ഒരു ചോദ്യമാണെങ്കിലും ഇന്ധന വില വർധനവിന് ബദലാവാൻ ഫ്ലെക്‌സ് ഫ്യുവലിന് സാധിക്കും. ഇതോടൊപ്പം ഇന്ധന ഇറക്കുമതി ചെലവ് കുറയ്ക്കാനും, മലിനീകരണം കുറയ്ക്കാനും ഇവയ്ക്ക് സാധിക്കുമെന്നതും ശ്രദ്ധേയമാണ്. 100 ശതമാനം എഥനോളിൽ പ്രവർത്തിക്കാൻ നിലവിലെ മാരുതി സുസുക്കി വാഗൺആർ പെട്രോൾ മോഡലിൽ വലിയ മാറ്റങ്ങൾ തന്നെ നടപ്പിലാക്കേണ്ടി വരും.
എഞ്ചിൻ ഘടകങ്ങൾ വേഗത്തിൽ തുരുമ്പെടുക്കുന്ന എഥനോൾ ഉൾക്കൊള്ളുന്നതിനായി എഞ്ചിനിൽ ഉയർന്ന ഫ്ലോ ഇൻജക്ടറുകൾ, പുതുക്കിയ കാറ്റലറ്റിക് കൺവെർട്ടറുകൾ, ഹീറ്റഡ് ഫ്യുവൽ ലൈനുകൾ, പ്രത്യേക ഫ്ലെക്സ് ഫ്യുവൽ കൺട്രോൾ യൂണിറ്റ്/എഥനോൾ സെൻസറുകൾ എന്നിവയെല്ലാം കാറിൽ നൽകേണ്ടി വരും. ഉയർന്ന ശതമാനം എഥനോൾ ഉപയോഗിക്കുന്നതിലൂടെ പരമ്പരാഗത പെട്രോൾ കാറുകളെ അപേക്ഷിച്ച് വാഹനം പുറന്തള്ളുന്ന മലിനീകരണവും കുറവായിരിക്കും.

ചില ബാഡ്‌ജിംഗ് കൂട്ടിച്ചേർക്കലുകൾ മാറ്റിനിർത്തിയാൽ ഫ്ലെക്‌സ് ഫ്യുവൽ വാഗൺആറിന്റെ ഡിസൈനിൽ കാര്യമായ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. പരിമിതമായ ലഭ്യത കാരണം ഫ്ലെക്‌സ് ഫ്യുവൽ കാറുകൾ തുടക്കത്തിൽ ഗണ്യമായ രീതിയിൽ നിർമിക്കുകയില്ലെന്ന് മാരുതി സുസുക്കിയുടെ കോർപ്പറേറ്റ് അഫയേഴ്‌സ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ രാഹുൽ ഭാരതി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ മിക്ക പെട്രോൾ പമ്പുകളിലും E100 ഇന്ധനം ഇതുവരെ എത്തിയിട്ടില്ല.
സാധാരണ പെട്രോൾ ഉപയോഗിക്കുന്ന കാറുകളെ അപേക്ഷിച്ച് എഥനോൾ അധിഷ്ഠിത ഇന്ധനം അത്തരം വാഹനങ്ങളുടെ ഉത്പാദനച്ചെലവ് 50,000 രൂപ മുതൽ 70,000 രൂപ വരെ വർധിപ്പിക്കുമെന്നാണ് വ്യവസായ മേഖലയിലെ വിദഗ്ധർ പറയുന്നത്. വാഗൺആറിന് പിന്നാലെ മറ്റ് മോഡലുകളും ഇതേ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി പുറത്തിറക്കുന്നതാവും. ലോക പരിസ്ഥിതി ദിനത്തോടെ അരങ്ങേറ്റം കുറിക്കുമെങ്കിലും വാഗൺആർ ഫ്ലെക്സ് ഫ്യുവൽ കാർ ഉടൻ വിപണനത്തിന് എത്തുമോയെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.


Click it and Unblock the Notifications