എത്ര വാങ്ങിയിട്ടും ആളുകൾ മടുക്കുന്നില്ല, അത്ഭുത കാറിനും വില കൂട്ടി മാരുതി സുസുക്കി; എന്നിട്ടും 5 ലക്ഷം പോലും
ഇന്ത്യക്കാരുടെ ദേശീയ വാഹനമായി കരുതുന്ന കാറാണ് മാരുതി സുസുക്കി വാഗൺആർ. എത്ര വാങ്ങിയിട്ടും ഇന്ത്യക്കാർക്ക് മതിവരാത്തൊരു കാറുണ്ടെങ്കിൽ അത് ഈ ടോൾബോയ് ഹാച്ച്ബാക്കാണ്. ഹ്യുണ്ടായി സാൻട്രോയ്ക്ക് ബദലായി എത്തിയ വാഗൺആർ ഏകദേശം 35 ലക്ഷത്തിന് മുകളിൽ ഇന്ത്യക്കാർ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് കണക്കുകൾ. മറ്റ് എൻട്രി ലെവൽ ഹാച്ച്ബാക്കുകളെ അപേക്ഷിച്ച് നല്ല ഇൻ്റീരിയർ സ്പേസും പവർ വിൻഡോകൾ പോലുള്ള ഫീച്ചറുകളും വാഗ്ദാനം ചെയ്തുകൊണ്ടാണ് ഇന്ത്യയുടെ ഫാമിലി കാർ പ്രശസ്‌തിയാർജിച്ചത്. ഇന്ന് ഫ്ലെക്‌സ് ഫ്യുവൽ ഓപ്ഷനിൽ വരെ ലഭ്യമായിരിക്കുന്ന മോഡലിന്റെ വില കൂട്ടിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ.
വാഹന നിരയിൽ വില പുതുക്കി നിശ്ചയിക്കുന്ന തിരക്കിലാ മാരുതി സുസുക്കി തങ്ങളുടെ ടോപ്പ് സെല്ലിംഗ് മോഡലുകളിൽ ഒന്നായ വാഗൺആറിന് 4,500 രൂപയോളമാണ് ഒറ്റയടിക്ക് വർധിപ്പിച്ചിരിക്കുന്നത്. കമ്പനിയുടെ വെബ്‌സൈറ്റ് അനുസരിച്ച് വാഹനത്തിന്റെ പുതുക്കിയ എക്സ്ഷോറൂം വില ഇപ്പോൾ 4,98,900 രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്. വില കൂട്ടിയെങ്കിലും ജനകീയ കാറിന് മറ്റ് മാറ്റങ്ങളൊന്നും ബ്രാൻഡ് അവതരിപ്പിച്ചിട്ടില്ലെന്ന് വേണം പറയാൻ.

നല്ല റിഫൈൻമെന്റും നല്ല പെർഫോമൻസുമുള്ള രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളോടെയാണ് വാഗൺആർ ഇപ്പോഴും വിപണിയിലെത്തുന്നത്. ഇതിൽ ആദ്യത്തേത് 1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോളും രണ്ടാമത്തേത് 1.2 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ യൂണിറ്റുമാണ്. ബേസ് മോഡലുകളിലെ ചെറിയ എഞ്ചിന് 65 bhp കരുത്തിൽ പരമാവധി 89 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവുന്ന തരത്തിലാണ് ട്യൂൺ ചെയ്‌തുവെച്ചിരിക്കുന്നത്.
കൂടുതൽ പെർഫോമൻസ് വേണമെന്നും വാഗൺആറിൽ വിട്ടുവീഴ്ച്ചയ്ക്കും തയാറാവാത്തവർക്കുമായി 1.2 ലിറ്റർ NA ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ ഓപ്ഷൻ തെരഞ്ഞെടുക്കാനാവുന്നതാണ്. ഇതിന് 88 bhp പവറിൽ പരമാവധി 113 Nm ടോർക്ക് വരെ നിർമിക്കാനും കഴിയും. ഇഗ്നിസ് നിർത്തലാക്കിയതിൽ മനംനൊന്തിരിക്കുന്നവർക്ക് വാഗൺആറിന്റെ 1.2 നല്ലൊരു ഓപ്ഷനായിരിക്കും.

ഇതുകൂടാതെ 56 bhp, 82 Nm ടോർക്ക് എന്നിവ നൽകുന്ന സിഎൻജി വേരിയന്റിലും വാഗൺആർ സ്വന്തമാക്കാനാവുന്നതാണ്. മൈലേജിലേക്ക് വന്നാൽ മാരുതി സുസുക്കി വാഗൺആർ പെട്രോളിന് 25.19 കിലോമീറ്റർ മൈലേജും സിഎൻജിക്ക് 33.48 കിലോമീറ്റർ മൈലേജുമാണ് കമ്പനി പറയുന്നത്. സേഫ്റ്റിയുടെ കാര്യത്തിലും ടോൾബോയ് ഹാച്ച്ബാക്ക് മിടുക്കനാണിപ്പോൾ. വലിയ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് ഒന്നുമില്ലെങ്കിലും അത്യാവിശ്യം സുരക്ഷയൊക്കെ ഒരുക്കാൻ വാഹനത്തിനാവും.
6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, എബിഎസ്, ഇബിഡി, സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനറുകൾ, ഫോഴ്‌സ് ലിമിറ്ററുകൾ, ബസറുള്ള സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് അലേർട്ട് സിസ്റ്റം, സ്പീഡ് സെൻസിറ്റീവ് ഓട്ടോ ഡോർ ലോക്ക്, റിയർ പാർക്കിംഗ് സെൻസറുകൾ, ചൈൽഡ് പ്രൂഫ് റിയർ ഡോർ ലോക്ക്, ഹിൽ ഹോൾഡ് അസിസ്റ്റ് തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളോടെയാണ് മാരുതി സുസുക്കിയുടെ ഫാമിലി കാർ വിപണിയിലെത്തുന്നത്.

ഫീച്ചറുകളിലേക്ക് നോക്കിയാലും വാഗൺആർ മോഡേൺ കാറുകളോട് കിടപിടിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ, ബ്ലൂടൂത്ത് കൺട്രോളുകൾ, ടാക്കോമീറ്റർ, റിമോട്ട് സെൻട്രൽ ലോക്കിംഗ് തുടങ്ങിയ ആധുനിക സവിശേഷതകളെല്ലാം കാറിലുണ്ട്. ടോപ്പ് എൻഡ് വേരിയന്റിൽ 14 ഇഞ്ച് അലോയ് വീലുകളും വരുന്നതിനാൽ ഡ്രൈവിംഗ് ഭയങ്കര കംഫർട്ടബിൾ ആയിരിക്കും.
ZXI+ ടോപ്പ് എൻഡ് വേരിയന്റിന് ഫ്രണ്ട് ഫോഗ് ലാമ്പുകളും റിയർ വൈപ്പറും വാഷറും വരെ കാണാം. നിലവിലുള്ള സ്റ്റാന്‍ഡേര്‍ഡ് വാഗണ്‍ആര്‍ മോഡലിന്റെ ഏറ്റവും ഉയര്‍ന്ന ZXi+ മാനുവല്‍ വേരിയന്റിനെ അടിസ്ഥാനമാക്കി ബയോഫ്ലെക്സ് മോഡലും ഇക്കഴിഞ്ഞ ദിവസം വിപണിയിലെത്തിയിരുന്നു. E85 വരെയുള്ള മിശ്രിതങ്ങളിൽ (85% എത്തനോൾ, 15% പെട്രോൾ) പ്രവർത്തിക്കാൻ ഇതിന് കഴിയും. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് ഫോര്‍-സിലിണ്ടര്‍ K12N പെട്രോള്‍ എഞ്ചിനാണ് വാഗൺആർ ബയോഫ്ലെക്സിനും തുടിപ്പേകാനായി എത്തിയിരിക്കുന്നത്.


Click it and Unblock the Notifications