രാജകീയ യാത്രാസുഖവും 27 KM വരെ മൈലേജുള്ള 6-സീറ്റർ എംപിവിക്ക് വില കൂട്ടി മാരുതി, പുതിയ മോഡലും ഉടൻ എത്തും
മൾട്ടി പർപ്പസ് വാഹന നിരയിൽ മാരുതി സുസുക്കിയുടെ തുറപ്പുചീട്ടാണ് എർട്ടിഗ. ഒറ്റയടിക്ക് രാജ്യത്തെ ഏല്ലാ 7-സീറ്റർ വാഹനങ്ങളേയും മലർത്തിയടിച്ച് മുന്നേറുന്ന മോഡലിന് ഒരു 6-സീറ്റർ അനിയൻ കൂടിയുണ്ട്. എർട്ടിഗയുടെ പ്രീമിയം വേരിയന്റായി അറിയപ്പെടുന്ന XL6 (Maruti Suzuki XL6) എന്ന മിടുക്കനാണത്. രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകളുമായി വരുന്ന ഈ എംപിവി യാത്രാ സുഖത്തിന്റെ കാര്യത്തിൽ സാക്ഷാൽ ടൊയോട്ടോ ഇന്നോവയെ വരെ വെല്ലാൻ കഴിവുള്ളവനാണ്. പക്ഷേ വിൽപ്പനയുടെ കാര്യത്തിൽ കാര്യമായി ശോഭിക്കാൻ ഈ ആറ് സീറ്റർ പതിപ്പിനായിട്ടില്ലെന്നതാണ് സത്യം.
എങ്കിലും ഓരോ മാസവും തരക്കേടില്ലാതെ വിറ്റഴിയുന്നുമുണ്ട് എന്നത് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾക്ക് ആശ്വാസം നൽകുന്ന കാര്യമാണ്. 2022-ൽ വിപണിയിലെത്തിയ മാരുതി സുസുക്കി XL6 എംപിവിക്ക് ഈ വർഷം പുതിയൊരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് സമ്മാനിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ചില റിപ്പോർട്ടുകൾ പ്രകാരം ഈ മാസം അവസാനത്തോടെ മുഖംമിനുക്കിയ 6-സീറ്റർ എംപിവി ഇന്ത്യയിൽ അവതരിപ്പിക്കും.

എന്നാൽ ഇതിനിടയിൽ XL6 എംപിവിയുടെ വില വർധിപ്പിച്ചിരിക്കുകയാണ് മാരുതി സുസുക്കി. ബ്രാൻഡ് നിരയിൽ ജൂലൈ മുതൽ വില പരിഷ്ക്കാരം നടപ്പിലാക്കുമെന്ന് കമ്പനി നേരത്തെ അറിയച്ചതിന്റെ ഭാഗമായാണ് ഈ വാഹനത്തിനും വില കൂട്ടിയിരിക്കുന്നത്. 6-സീറ്റർ മോഡസിന്റെ സീറ്റ സിഎൻജി വേരിയന്റിന് ഒറ്റയടിക്ക് 10,000 രൂപയുടെ വർധനവ് ഉണ്ടായി എന്നതാണ് പലരേയും നിരാശപ്പെടുത്തുന്ന കാര്യമായിരിക്കും.
അതേസമയം XL6 സീറ്റ പെട്രോൾ മാനുവൽ, ആൽഫ പെട്രോൾ ഓട്ടോമാറ്റിക്, സീറ്റ പെട്രോൾ ഓട്ടോമാറ്റിക്, ആൽഫ പ്ലസ് പെട്രോൾ മാനുവൽ, ആൽഫ പ്ലസ് പെട്രോൾ മാനുവൽ ഡ്യുവൽ-ടോൺ, ആൽഫ പെട്രോൾ ഓട്ടോമാറ്റിക്, ആൽഫ പ്ലസ് പെട്രോൾ ഓട്ടോമാറ്റിക്, ആൽഫ പ്ലസ് പെട്രോൾ ഓട്ടോമാറ്റിക് ഡ്യുവൽ-ടോൺ എന്നിവയുൾപ്പെടെ മോഡലിന്റെ മറ്റെല്ലാ വകഭേദങ്ങളുടെയും വില 5,000 രൂപ വീതവും ഉയർത്തിയിട്ടുണ്ട്.

പുതുക്കിയ വില പ്രകാരം XL6 എംപിവിയുടെ എക്സ്ഷോറൂം വില ഇപ്പോൾ 11.57 ലക്ഷം മുതൽ 14.52 ലക്ഷം രൂപ വരെയാണ്. വില കൂടിയെങ്കിലും വാഹനത്തിൽ മറ്റ് പരിഷ്ക്കാരങ്ങളോ ഫീച്ചർ കൂട്ടിച്ചേർക്കലുകളോ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ നടപ്പിലാക്കിയിട്ടില്ല. സുഖസൗകര്യങ്ങളും പ്രായോഗികതയും ഒത്തുചേർന്ന മോഡലിൽ എർട്ടിഗയിലെ അതേ 1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് പ്രവർത്തിക്കുന്നത്.
5-സ്പീഡ് മാനുവൽ അല്ലെങ്കിൽ ടോക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 6000 ആർപിഎമ്മിൽ 103hp കരുത്തും 4400 ആർപിഎമ്മിൽ പരമാവധി 136.8 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിവുണ്ട്. മാരുതി സുസുക്കിയുടെ ഡ്യുവൽ ജെറ്റ് സാങ്കേതികവിദ്യയും സ്റ്റാർട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയും സജ്ജീകരിച്ചിരിക്കുന്നതിനാൽ പെർഫോമൻസും മൈലേജും ഒരുപോലെ ലഭിക്കും. പെട്രോളിന് പുറമെ സിഎൻജിയിലും 6-സീറ്റർ വാങ്ങാനാവും.

XL6 എംപിവിയുടെ മാനുവൽ ഗിയർബോക്‌സിൽ 20.97 കിലോമീറ്റർ ഇന്ധനക്ഷമതയും ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ 20.27 കിലോമീറ്റർ മൈലേജുമാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്. അതേസമയം സിഎൻജിയിൽ 26.32 കിലോമീറ്റർ മൈലേജും കമ്പനി പറയുന്നുണ്ട്. 7.0 ഇഞ്ച് സ്മാർട്ട്‌പ്ലേ ഇൻഫോടെയ്ൻമെന്റ്. ഓട്ടോ എസി കൺട്രോൾ, ഡ്രൈവിംഗ് ബിഹേവിയർ അസസ്‌മെന്റ്, ജിയോ-ഫെൻസിംഗ് അലേർട്ട്, നിരവധി കണക്റ്റഡ് കാർ ടെക്കുള്ള സുസുക്കി കണക്റ്റ്, സ്മാർട്ട് വാച്ച് കണക്റ്റിവിറ്റി, 360-ഡിഗ്രി ക്യാമറ, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ പോലുള്ള ഫീച്ചറുകളും ഇതിലുണ്ട്.
6 എയർബാഗുകൾ, ഹിൽ-ഹോൾഡ് കൺട്രോൾ, സ്റ്റെബിലിറ്റി പ്രോഗ്രാം, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം പോലുള്ള സുരക്ഷാ സന്നാഹങ്ങളും കുത്തിനിറച്ചാണ് എർട്ടിഗയുടെ പ്രീമിയം വേരിയന്റ് വിപണിയിലെത്തുന്നത്. എംപിവിക്ക് പുറമെ കഴിഞ്ഞ മാസം ഇ-വിറ്റാര, ജിംനി, സ്വിഫ്റ്റ്, ഡിസയർ, ഫ്രോങ്ക്സ്, ബലേനോ, ഇൻവിക്റ്റോ, എർട്ടിഗ എന്നീ കാറുകൾക്കും മാരുതി സുസുക്കി വില വർധിപ്പിച്ചിരുന്നു. വില കൂടിയെങ്കിലും നിലവിലെ വിൽപ്പനയെ ബാധിക്കാനിടയില്ലെന്നാണ് അനുമാനം.


Click it and Unblock the Notifications