ബെൻസിന്റെ കുറഞ്ഞ വിലയുള്ള ഇലക്‌ട്രിക് കാർ ഇന്ത്യയിലെത്തി, ഒറ്റ ചാർജിൽ 792 കിലോമീറ്റർ ഓടിക്കാം
ഇന്ത്യയിൽ അടിക്കടി പുത്തൻ കാറുകൾ പുറത്തിറക്കി സജീവമായി നിൽക്കുന്നവരാണ് ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ്. വന്നകാലം മുതൽ ദേ ഇന്നു വരെ കൃത്യമായ ഇടവേളകളിൽ പുതിയ മോഡലുകൾ അവതരിപ്പിക്കുന്നതിൽ ബെൻസിന് യാതൊരു മടിയുമില്ല. ഇപ്പോഴിതാ രാജ്യത്തിനായി പുതിയ ലക്ഷ്വറി ഇലക്‌ട്രിക് കാറുമായാണ് മെർസിഡീസ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 1.50 ലക്ഷം രൂപയുടെ ടോക്കൺ തുകയ്ക്ക് പ്രീ-ബുക്കിംഗ് ആരംഭിച്ച CLA ബാറ്ററി ഇലക്‌ട്രിക് കാറാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്. 55 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് ബെൻസിന്റെ ഇലക്ട്രിക് സെഡാൻ ഇവി കളത്തിലെത്തിയിരിക്കുന്നത്.
CLA 200, CLA 250+, ലോഞ്ച് എഡിഷൻ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് CLA വിപണനത്തിന് എത്തിയിരിക്കുന്നത്. ഇതിൽ ആദ്യത്തേതിന് 55 ലക്ഷം രൂപയും രണ്ടാമത്തേതിന് 59 ലക്ഷം രൂപയും മൂന്നാമത്തെ മോഡലിന് 64 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. 58kWh, 85.5kWh എന്നിങ്ങനെ രണ്ട് രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഇവി തെരഞ്ഞെടുക്കാനാവുക. ഈ വകഭേദങ്ങൾ ഫുൾ ചാർജിൽ യഥാക്രമം 542 കിലോമീറ്ററും 792 കിലോമീറ്ററും റേഞ്ച് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

അൾട്രാ-ഫാസ്റ്റ് ചാർജിംഗ് പ്രാപ്തമാക്കുന്ന ഒരു നൂതന 800-വോൾട്ട് ഇലക്ട്രിക്കൽ ആർക്കിടെക്ചറിലാണ് CLA ഇലക്ട്രിക് കൂപ്പെ സെഡാൻ പണികഴിപ്പിച്ചിരിക്കുന്നത് എന്നതിനാൽ ചാർജിംഗിനായി അധിക സമയം കളയേണ്ടി വരില്ല. ഒരു ഹൈ-സ്പീഡ് 240 kW DC ചാർജർ ഉപയോഗിക്കുകയാണെങ്കിൽ ലോംഗ് റേഞ്ച് മോഡലിന് ഏകദേശം 20 മിനിറ്റിനുള്ളിൽ ഏകദേശം 400 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വീണ്ടെടുക്കാൻ കഴിയുമെന്നാണ് മെർസിഡീസ് ബെൻസ് അവകാശപ്പെടുന്നത്.
മറുവശത്ത് സ്റ്റാൻഡേർഡ് റേഞ്ച് വേരിയന്റിന് ഇതേ സമയത്തിൽ ഏകദേശം 320 കിലോമീറ്റർ റേഞ്ച് കൂട്ടിച്ചേർക്കാൻ കഴിയും. രാജ്യത്തുടനീളമുള്ള 9,000-ത്തിലധികം ചാർജിംഗ് പോയിന്റുകളിലായി ഇതിനകം വ്യാപിച്ചുകിടക്കുന്ന 'MB.Charge' പബ്ലിക് ചാർജിംഗ് ഇക്കോസിസ്റ്റം ഉപയോഗിക്കാമെന്നതും വലിയ ആശ്വാസമായിരിക്കും. ഡിസൈനിലേക്ക് നോക്കിയാൽ ആരും നോക്കിനിന്ന് പോവുന്ന ആഡംബര രൂപമാണ് ഇവിക്കുള്ളത്.

പോളാർ വൈറ്റ്, കോസ്മിക് ബ്ലാക്ക്, ക്ലിയർ ബ്ലൂ, ആൽപൈൻ ഗ്രേ, പാറ്റഗോണിയ റെഡ് എന്നീ അഞ്ച് ഓപ്ഷനുകളിലും ബെൻസ് CLA ഇലക്ട്രിക് തെരഞ്ഞെടുക്കാനാവും. ജർമൻ ബ്രാൻഡിന്റെ ഏറ്റവും പുതിയ ഡിസൈൻ ഭാഷയെ അടിസ്ഥാനമാക്കിയാണ് ഇവി പണികഴിപ്പിച്ചിരിക്കുന്നത്. മുൻവശത്ത് മധ്യഭാഗത്തായി നക്ഷത്രാകൃതിയിലുള്ള എൽഇഡി ഡിആർഎൽ, ഇരുവശങ്ങളിലുമായി എൽഇഡി ഹെഡ്‌ലൈറ്റുകൾ, ബ്ലാങ്ക് ഓഫ് ഗ്രിൽ, ഇലക്ട്രിക്കൽ ഘടകങ്ങൾ തണുപ്പിക്കുന്നതിനായി ബമ്പറിൽ ഫങ്ഷണൽ എയർ വെന്റുകൾ എന്നിവയെല്ലാമാണ് ഇടംപിടിച്ചിരിക്കുന്നത്.
വശക്കാഴ്ച്ചയിലേക്ക് നോക്കിയാൽ എൽഎ ഇലക്ട്രിക്കിന് 18 ഇഞ്ച് എയറോഡൈനാമിക് അലോയ് വീലുകളും ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകളും ഉണ്ട്. ബോഡിയുടെ താഴത്തെ അരികുകളിൽ കറുത്ത സ്ട്രിപ്പ് നൽകിയിരിക്കുന്നത് ഭംഗി വർധിപ്പിക്കുന്നുണ്ട്. മുൻവശത്തെ ഡിആർഎല്ലുകളുടെ അതേ നക്ഷത്രാകൃതിയിലുള്ള എൽഇഡി മോട്ടിഫുകളുള്ള കണക്റ്റഡ് എൽഇഡി ടെയിൽ-ലൈറ്റുകളാണ് പിൻവശത്തിന് അഴക് സമ്മാനിക്കുന്നത്.

ഇനി ഇൻ്റീരിയറിലേക്ക് വന്നാൽ ഫീച്ചർ റിച്ചായിട്ടുള്ള അകത്തളത്തിലേക്ക് കയറിയാൽ അത്രവേഗമൊന്നും ആർക്കും ഇറങ്ങിപ്പോരാൻ തോന്നില്ല. 10.25 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേയുള്ള ഫ്ലാറ്റ് ഡാഷ്‌ബോർഡ് ഡിസൈൻ, 14 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയാണ് ഉൾഭാഗത്തെ ഹൈലൈറ്റുകൾ. ടച്ച്-എനേബിൾഡ് കൺട്രോളുകളുള്ള 3-സ്‌പോക്ക് സ്റ്റിയറിംഗ് വീലും സീറ്റുകളിൽ ലെതറെറ്റ് അപ്ഹോൾസ്റ്ററിയും ആഡംബരത്തം ഉണർത്തുന്നുണ്ട്.
മെർസിഡീസ് ബെൻസ് CLA ഇലക്ട്രിക്കിൽ പനോരമിക് ഗ്ലാസ് റൂഫ്, വയർലെസ് ഫോൺ ചാർജർ, ഹീറ്റിംഗ്, മസാജ് ഫംഗ്‌ഷനുകൾ ഉള്ള പവർഡ് ഫ്രണ്ട് സീറ്റുകൾ, റിയർ വെന്റുകളുള്ള ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ബർമെസ്റ്റർ സൗണ്ട് സിസ്റ്റം, ഓട്ടോ പാർക്ക് അസിസ്റ്റൻസ് എന്നിവ പോലുള്ള ഫീച്ചറുകളും ലഭിക്കുന്നുണ്ട്. 6 എയർബാഗുകൾ, ലെവൽ 2+ ADAS, ബ്ലൈൻഡ്-സ്പോട്ട് അസിസ്റ്റുള്ള 360-ഡിഗ്രി ക്യാമറ, ടയർ-പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവയാണ് കാറിലെ സുരക്ഷാ സവിശേഷകതകൾ.


Click it and Unblock the Notifications