മൈലേജ് 17-ൽ നിന്നും 5 ആയി, E20 പെട്രോൾ കാരണം പണികിട്ടിയ ബെൻസ് മുതലാളി; പിന്നാലെ കമ്പനിയുടെ വിശദീകരണവും
എഥനോൾ കലർത്തിയ പെട്രോളുമായി ബന്ധപ്പെട്ട വിവാദങ്ങൾ രാജ്യത്ത് കൊഴുക്കുകയാണ്. E20 പെട്രോൾ വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുന്നതിനൊപ്പം എഞ്ചിനുളേയും തകരാറിലാക്കുമെന്ന് കേന്ദ്രസർക്കാർ പരോക്ഷമായി സമ്മതിച്ചതോടെ സംഭവം വലിയ ചർച്ചകളിലേക്കാണ് വഴിതെളിച്ചിരിക്കുന്നത്. ഇതിനിടെ എഥനോൾ മിശ്രിത പെട്രോളുമായി ബന്ധപ്പെട്ട ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള വ്ലോഗർമാരിൽ ഒരാളായ സൗരവ് ജോഷിയുടെ വീഡിയോയും ശ്രദ്ധിക്കപ്പെടുകയാണ്. ഈ വിഷയം ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. E20 പെട്രോൾ കാരണം തന്റെ ആഡംബര കാറിന് കിട്ടിയ പണിയെക്കുറിച്ച് വ്ലോഗിലൂടെ പരാമർശിച്ചത് രാജ്യം ഏറ്റെടുത്തിരിക്കുകയാണ്.
E20 പെട്രോൾ ഉപയോഗിച്ചതിലൂടെ തന്റെ മെർസിഡീസ് ബെൻസ് എസ്‌യുവിയുടെ ഇന്ധനക്ഷമതയിൽ കുത്തനെ ഇടിവ് സംഭവിച്ചതായി സൗരവ് ജോഷി വീഡിയോയിൽ പറയുന്നു. ഇത്തരത്തിൽ പെട്ടെന്നുള്ള ഇടിവിന് കാരണം എഥനോൾ കലർന്ന പെട്രോളാണെന്നാണ് യൂട്യൂബർ കുറ്റപ്പെടുത്തുന്നത്. E20 ഇന്ധനത്തെക്കുറിച്ചുള്ള ആശങ്കകൾ കേന്ദ്രം തള്ളിക്കളയുന്നതിനിടയിലാണ് സൗരവിന്റെ പരാമർശം. എങ്കിലും E20 പെട്രോൾ ഉപയോഗിക്കുന്നതുവഴി ചില വാഹനങ്ങളുടെ മൈലേജിൽ 3 മുതൽ 5 ശതമാനം കുറവുണ്ടാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം സമ്മതിച്ചിട്ടുണ്ട്.

വാദം തെളിയിക്കാനായി മെർസിഡീസ് ബെൻസ് GLC 300 4MATIC പെട്രോൾ മോഡലിന്റെ ലൈവ് ഡാഷ്‌ബോർഡ് റീഡിംഗുകളും 41 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുള്ള യൂട്യൂബർ തന്റെ വ്ലോഗിലൂടെ പങ്കുവെച്ചിട്ടുണ്ട്. വാഹനത്തിന്റെ മൈലേജ് 17 കിലോമീറ്ററിൽ നിന്നും 9 കിലോമീറ്ററിലേക്ക് ഒറ്റയടിക്ക് കുറഞ്ഞുവെന്നാണ് വ്ലോഗർ അവകാശപ്പെടുന്നത്. രണ്ടാം ദിവസം ഒമ്പതിൽ നിന്നും അഞ്ചിലേക്കും ഇന്ധമക്ഷമത കുറഞ്ഞതായി മീറ്റർ റീഡിംഗിൽ കാണാൻ സാധിക്കും.
80 ലക്ഷത്തിലധികം വിലയുള്ള മെർസിഡീസ്-ബെൻസ് GLC 300 4MATIC പെട്രോളിന് ജർമൻ ആഡംബര വാഹന നിർമാതാക്കളായ കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത ലിറ്ററിന് 15 കിലോമീറ്ററാണ്. ഇത് ഡ്രൈവിംഗ് സാഹചര്യങ്ങളെയും ഭൂപ്രകൃതിയെയും ആശ്രയിച്ച് യഥാർഥ മൈലേജ് വ്യത്യാസപ്പെടാൻ സാധ്യതയുണ്ടെങ്കിലും 5 എന്നത് വലിയ ഇടിവാണ്. മുമ്പ് ഫുൾ ടാങ്ക് ഇന്ധനം നിറച്ചാൽ തന്റെ വാഹനം ഏകദേശം 800 കിലോമീറ്റർ ദൂരം സഞ്ചരിക്കുമായിരുന്നുവെന്ന് സൗരവ് അവകാശപ്പെട്ടു.

എന്നാൽ എഥനോൾ കലർത്തിയ ഇന്ധനത്തിന്റെ ഉപയോഗത്തിന് ശേഷം ഇപ്പോൾ ഫുൾടാങ്കിൽ വാഹനത്തിന് 480 കിലോമീറ്റർ മാത്രമേ സഞ്ചരിക്കാൻ കഴിയുന്നുള്ളൂ. ബെൻസ് ജിഎൽസിയിൽ ഇന്ധനക്ഷമത കുറച്ചെന്ന പ്രശസ്ത യൂട്യൂബർ സൗരവ് ജോഷിയുടെ അവകാശവാദം വൈറലായതിനെത്തുടർന്ന് കമ്പനി E20 ഇന്ധനത്തെക്കുറിച്ച് ഒരു അഡ്വൈസറിയും പുറപ്പെടുവിച്ചിട്ടുണ്ട്. എഥനോൾ ചേർത്ത പെട്രോൾ ഉപയോഗിക്കുന്നത് മൂലം ഇന്ധനക്ഷമത കുറയുന്നതായി നിരവധി ഉപയോക്താക്കൾ പരാതി ഉന്നയിച്ചതിനെ തുടർന്നാണ് ബ്രാൻഡ് ഇത്തരത്തിലൊരു പ്രസ്‌താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.
ബെൻസ് പറയുന്നത് ഇങ്ങനെ, "ഉപഭോക്തൃ സുരക്ഷ, വാഹന വിശ്വാസ്യത, പെർഫോമൻസ് എന്നിവ ഞങ്ങൾക്ക് പരമപ്രധാനമാണ്. എല്ലാ ബെൻസ് പെട്രോൾ ബിഎസ്-VI വാഹനങ്ങളും E20 ഇന്ധനവുമായി സാരമായി പൊരുത്തപ്പെടുന്നതും അതനുസരിച്ച് ബന്ധപ്പെട്ട അധികാരികൾ സാക്ഷ്യപ്പെടുത്തിയതുമാണ്. ഏതൊരു സാങ്കേതിക സംശയത്തിനും ഉപഭോക്താക്കളെ പിന്തുണയ്ക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. സുസ്ഥിരമായ മൊബിലിറ്റിക്ക് മെർസിഡീസ് ബെൻസ് പ്രതിജ്ഞാബദ്ധമാണ്." എന്നാണ് കമ്പനിയുടെ പ്രസ്താവനയിൽ പറയുന്നത്.

മെർസിഡീസ് ബെൻസ് മാത്രമല്ല മറ്റ് നിരവധി നിർമാതാക്കളും തങ്ങളുടെ വാഹനങ്ങൾ E20 ഇന്ധനവുമായി പൊരുത്തപ്പെടുന്നുവെന്ന് പ്രസ്താവിച്ചിട്ടുണ്ട്. എങ്കിലും എഥനോൾ കലർന്ന പെട്രോൾ ഉപയോഗിക്കുമ്പോൾ മൈലേജും എഞ്ചിൻ വിശ്വാസ്യതയെയും കുറിച്ച് ഉപയോക്താക്കൾക്ക് ഇപ്പോഴും ആശങ്കയുണ്ട്. ചില വാഹനങ്ങളുടെ മൈലേജിൽ കുറവുണ്ടാവുന്നുണ്ടെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ടെങ്കിലും മറ്റ് തകരാർ ഒന്നുമില്ലെന്നാണ് സർക്കാരിന്റെയും വാദം.
ഇന്ധന മിശ്രണം വഴി വാഹനങ്ങൾക്ക് തകരാറുകളുണ്ടാകില്ല. അസാധാരണമായ തേയ്മാനത്തിനും ഇതു കാരണമാകില്ലെന്നാണ് നിതിൻ ഗഡ്കരി പറയുന്നത്. പ്രതിഷേധങ്ങൾ ശക്തമാണെങ്കിലും രാജ്യത്ത് പൂർണമായി നടപ്പാക്കിയ E20 ഇന്ധനം ഇനി പിൻവലിക്കാനാവില്ലെന്നു കേന്ദ്ര പെട്രോളിയം മന്ത്രാലയം സൂചന നൽകിയതും ആളുകളൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. എഥനോൾ പദ്ധതി നടപ്പാക്കാൻ ഒരു ലക്ഷം കോടി രൂപയിലധികം രൂപയുടെ നിക്ഷേപം നടത്തിക്കഴിഞ്ഞു.
അതോടൊപ്പം തന്നെ മറ്റു രാജ്യങ്ങളിലെ പോലെ സാധാരണ പെട്രോളോ E20 പെട്രോളോ ഇഷ്ടാനുസരണം ആളുകൾക്ക് തെരഞ്ഞെടുക്കാനുള്ള സൗകര്യമൊരുക്കുക സാധ്യമല്ലെന്നും അറിയിച്ചു. വർഷങ്ങൾ നീണ്ട പരീക്ഷണ നിരീക്ഷണങ്ങൾക്കുശേഷമാണ് പെട്രോളിൽ എഥനോൾ ചേർക്കാനുള്ള തീരുമാനമുണ്ടായത്. എഞ്ചിന്റെ കാര്യക്ഷമത, ഇന്ധന സംവിധാനം, വാഹനഘടകങ്ങളുടെ സുരക്ഷ, തുരുമ്പിനെ പ്രതിരോധിക്കൽ, മലിനീകരണം, എന്നിവയെല്ലാം രാജ്യവ്യാപകമായി പരിശോധിച്ചുകൊണ്ടാണ് 20 ശതമാനം എഥനോൾ കലർത്തിയ ഇന്ധനം ഉപയോഗിക്കാൻ തുടങ്ങിയത്.


Click it and Unblock the Notifications