9.79 ലക്ഷത്തിന്റെ ബേസ് മോഡലിൽ വരെ എല്ലാമുണ്ട്, എന്നിട്ടും ഈ എസ്‌യുവി പോയമാസം വാങ്ങിയത് 107 പേർ
മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റ് എന്ന് കേൾക്കുമ്പോൾ തന്നെ ആളുകളുടെ മനസിൽ ഹ്യുണ്ടായി ക്രെറ്റയും മാരുതി വിക്ടോറിസും പുതിയ ടാറ്റ സിയറയുമെല്ലാമാവും കടന്നുവരിക. എന്നാൽ കൂട്ടത്തിൽ പലരും മറന്നുപോയൊരു മിടുക്കൻ ഇപ്പോഴും ഈ നിരയിലുണ്ട്. മാറ്റാരുമല്ല, വന്നകാലം മുതൽ കിടിലോസ്‌കി ഫീച്ചറുകൾ വാഗ്ദാനം ചെയ്‌ത് ഞെട്ടിച്ച എംജി ആസ്റ്ററിന്റെ കാര്യമാണീ പറഞ്ഞുവരുന്നത്. ചില വമ്പൻമാർക്കിടയിൽ പെട്ടുപോയ നല്ലൊരു മോഡലായിരുന്നു ഇത്. AI ഫീച്ചറുകൾ മുതൽ ADAS വരെ താങ്ങാനാവുന്ന വിലയിൽ നമുക്ക് സമ്മാനിച്ച ആസ്റ്ററിനെ പലരും വേണ്ടവിധത്തിൽ പരിഗണിക്കാത്തത് നിരാശാജനകമാണ്.
കഴിഞ്ഞ മാസവും എംജി ആസ്റ്ററിന് വിൽപ്പനയിൽ കാര്യമായ ചലനങ്ങളുണ്ടാക്കാൻ സാധിക്കാതെ പോയെന്ന് വേണം പറയാൻ. 2026 ഏപ്രിൽ മാസത്തിൽ ഈ എസ്‌യുവി ആകെ വാങ്ങിയത് 107 പേരാണ്. അതായത് കഴിഞ്ഞ വർഷം ഇതേമാസത്തിൽ വിറ്റ 133 യൂണിറ്റുകളെ അപേക്ഷിച്ച് വിൽപ്പനയിൽ 20 ശതമാനത്തിന്റെ നഷ്ടമാണ് എംജി നേരിട്ടിരിക്കുന്നത്. സ്പ്രിൻ്റ്, ഷൈൻ, സെലക്ട്, ഷാർപ്പ് പ്രോ, സാവി പ്രോ എന്നിങ്ങനെ ഒന്നിലധികം വേരിയൻ്റുകളിലാണ് എസ്‌യുവി വിപണനത്തിന് എത്തിച്ചിരുന്നത്.

വിലയുടെ കാര്യമെടുത്താൽ 9.79 ലക്ഷം മുതൽ 15.50 ലക്ഷം രൂപ വരെയാണ് എംജി ആസ്റ്ററിനായി മുടക്കേണ്ടി വന്നിരുന്ന എക്സ്ഷോറൂം വില. അതായത് സെഗ്മെന്റിലെ പല എതിരാളികളേക്കാളും വില കുറവാണെന്ന് സാരം. എന്നിട്ടും ഇന്ത്യക്കാർ മൈൻഡ് ചെയ്യാത്തത് കമ്പനിക്ക് വലിയ വേദനയുണ്ടാക്കുന്നുണ്ടാവും. ഡിസൈൻ നോക്കിയാൽ ആധുനിക കാലത്തിനൊത്ത രീതിയിൽ തന്നെയാണ് വാഹനം പണികഴിപ്പിച്ചിരിക്കുന്നത്.
ഇതോടൊപ്പം ഡ്യുവൽ ടോൺ വൈറ്റ് ബ്ലാക്ക്, ഹവാന ഗ്രേ, അറോറ സിൽവർ, ഗ്ലേസ് റെഡ്, കാൻഡി വൈറ്റ്, സ്റ്റാറി ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളും കൂടിയാവുമ്പോൾ വണ്ടിക്ക് നല്ല എടുപ്പും ലഭിച്ചിരുന്നു. വിൽപ്പന കുറവായതിനാൽ അടുത്തിടെ 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനും ആസ്റ്ററിൽ നിന്നും പടിയിറങ്ങിയിരുന്നു. ആയതിനാൽ നിലവിൽ എസ്‌യുവിക്ക് തുടിപ്പേകുന്നത് 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ്.

പെർഫോമൻസിലേക്ക് നോക്കിയാൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ ടർബോ യൂണിറ്റിന് 138 bhp കരുത്തിൽ പരമാവധി 220 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു. 2025 എംജി ആസ്റ്ററിലെ 1.5 ലിറ്റർ പെട്രോളിന് 108 bhp പവറിൽ 144 Nm ടോർക്ക് നൽകാൻ യോഗ്യമാണ്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 8-സ്റ്റെപ്പ് സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഇതിലുള്ളത്. ഫീച്ചറുകളുടെസ കാര്യത്തിൽ ആശാൻ ധാരാളിയായിരുന്നു.
പനോരമിക് സൺറൂഫ്, ലെവൽ 2 ADAS, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റുള്ള വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, കണക്റ്റഡ് ടെക്നോളജി എന്നിവയുൾപ്പെടെ ഫീച്ചറുകൾ കോർത്തിണക്കിയാണ് എസ്‌യുവി പണികഴിപ്പിച്ചിരിക്കുന്നത്. ആസ്റ്ററിന്റെ എൻട്രി ലെവൽ സ്പ്രിന്റ്, ഷൈൻ വേരിയന്റുകളിൽ പനോരമിക് സൺറൂഫും 6 സ്പീക്കർ സൗണ്ട് സിസ്റ്റവും വരെ ലഭ്യവുമായിരുന്നു.

സെലക്ട് വേരിയന്റുകളിൽ ആറ് എയർബാഗുകളും പ്രീമിയം ഐവറി ലെതറെറ്റ് സീറ്റുകളും സ്റ്റാൻഡേർഡായി തന്നെ ലഭിക്കും. ഐ-സ്മാർട്ട് 2.0 ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും എംജി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. കാലാവസ്ഥ, ക്രിക്കറ്റ് സ്‌കോറുകൾ, സമയം, തീയതി വിശദാംശങ്ങൾ, ജാതകങ്ങൾ, വാർത്തകൾ എന്നിവയെക്കുറിച്ചുള്ള തത്സമയ അപ്‌ഡേറ്റുകൾ അറിയാൻ AI പവർഡ് ജിയോ വോയ്‌സ് റെക്കഗ്നിഷൻ സംവിധാനവും വാഹനത്തിലുണ്ട്.
സുരക്ഷ കാര്യക്ഷമമാക്കുന്നതിനായി 15-ല്‍ അധികം സേഫ്റ്റി ഫീച്ചറുകളാണ് ഈ വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി വിക്ടോറിസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഹോണ്ട എലിവേറ്റ്, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, ടാറ്റ സിയറ തുടങ്ങിയ ജനപ്രിയരുമായിട്ടാണ് എംജി ആസ്റ്റർ മാറ്റുരയ്ക്കുന്നത്. ഇതുതന്നെയാവാം കച്ചോടം കുറയാനും കാരണമായിരിക്കുന്നത്.


Click it and Unblock the Notifications