പെട്രോളില്ലാതെ ഓടുന്ന ഏറ്റവും ചെറിയ കാറിന് വില കൂട്ടി, പുതിയ വില 7,49,800 രൂപ മുതൽ; ഫുൾ ചാർജിൽ 230 KM ഓടും
ഇലക്‌ട്രിക് കാർ വിപണിയിൽ രൂപം കൊണ്ടും വില കൊണ്ടും പ്രായോഗികത കൊണ്ടും വിസ്‌മയിപ്പിച്ച മോഡലാണ് എംജി കോമെറ്റ്. ടാറ്റ നാനോ പരാജയപ്പെട്ടുപോയ ഇത്തിരി കുഞ്ഞൻ രൂപം എത്രത്തോളം ഇന്ത്യക്കാർക്ക് ഉപകാരപ്പെടുമെന്ന് വ്യക്തമായി കാണിച്ചുതരാനും വാഹനത്തിനായി. ജോലിക്ക് പോവുന്ന സ്ത്രീകൾ വരെ ഇപ്പോൾ കോമെറ്റിലേക്കായി യാത്ര. നാട്ടിലൂടെ സ്കൂട്ടറിൽ പെട്രോളടിച്ച് കറങ്ങുന്നതിലും ലാഭമാണ് കോമെറ്റ് കൂടെയുണ്ടെങ്കിൽ. വീട്ടിൽ സോളാർ കൂടിയുണ്ടെങ്കിൽ വെയിലും മഴയും ഏൽക്കാതെ യാത്രകൾ ഫ്രീയായി നടക്കുകയും ചെയ്യും. എന്തിന് ഓട്ടോറിക്ഷ വിളിച്ചാലും കോമെറ്റ് ഇവി ചാർജ് ചെയ്യുന്നതിലും കൂടുതൽ പണം വേണ്ടിവരുമെന്നതാണ് സത്യം.
രാജ്യത്തെ ഏറ്റവും ചെറിയ കാർ ആണെങ്കിലും ഉഗ്രൻ സേഫ്റ്റിയും ഫീച്ചറുകളും കോർത്തിണക്കിയാണ് കമ്പനി വാഹനത്തെ വിപണിയിലെത്തിച്ചിരിക്കുന്നത്. എന്നാൽ പുതുവർഷം പിറന്നതോടെ മോഡൽ നിരയിൽ എംജി മോട്ടോർ വില വർധനവ് നടപ്പിലാക്കിയിരുന്നു. ഇതിൻ്റെ ഭാഗമായി കോമെറ്റ് ഇവിയുടെ വിലയിലും മാറ്റമുണ്ട് കേട്ടോ. ഇനി വാങ്ങണേൽ അധികം പണം വേണ്ടിവരുമെന്നത് പലരേയും നിരാശപ്പെടുത്തിയേക്കാം.

ജനുവരി 13 മുതൽ പുതിയ വിലകൾ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. കോമെറ്റ് ഇവി വാങ്ങാൻ പ്ലാനിടുന്നവർ ഇനി മുതൽ 3,000 രൂപ മുതൽ 16,700 രൂപ വരെ അധികം ചെലവഴിക്കേണ്ടതായി വരും. 1.87 ശതമാനം വിലക്കയറ്റമാണ് വാഹനത്തിൽ നടപ്പിലാക്കിയിരിക്കുന്നത്. ഇനി വേരിയൻ്റ് തിരിച്ചുള്ള പുതിയ വില എങ്ങനെയാണെന്ന് നോക്കിയാലോ? കോമെറ്റ് ഇവിയുടെ എക്‌സിക്യൂട്ടീവ് ബേസ് മോഡലിന് 7,49,800 രൂപയിൽ നിന്നും 13,000 രൂപ ഉയർന്ന് 7,62,800 രൂപയായി പുതുക്കിയ വില.
ഇനി എക്‌സൈറ്റ് വേരിയൻ്റാണ് നോക്കുന്നതെങ്കിൽ 8,56,800 രൂപയായിരുന്ന എക്സ്ഷോറൂം വില 16,000 രൂപ ഉയർന്ന് 8,72,800 രൂപയായി മാറി. എക്‌സ്‌ക്ല്യൂസീവിന് 9,56,100 രൂപയിൽ നിന്നും 16,700 രൂപ വർധിച്ച് 9,72,800 രൂപയായി പുതിയ എക്സ്ഷോറൂം വില. കോമെറ്റ് ഇവിയുടെ എക്‌സൈറ്റ് ഫാസ്റ്റ് ചാർജർ മോഡലിന് 8,96,800 രൂപയിൽ നിന്നും 3,000 രൂപ ഉയർന്ന് 8,99,800 രൂപയായി പുതിയ വില.

എംജി കോമെറ്റ് ഇലക്‌ട്രിക് കാറിൻ്റെ എക്‌സ്‌ക്ല്യൂസീവ് ഫാസ്റ്റ് ചാർജർ വേരിയൻ്റിന് 9,96,800 രൂപയിൽ നിന്നും 3,000 രൂപയുടെ വില വർധനവ് മാത്രമാണ് ലഭിച്ചിരിക്കുന്നത്. അങ്ങനെ പുതിയ എക്സ്ഷോറൂം വില ഇപ്പോൾ 9,99,800 രൂപയാണ്. വിലക്കയറ്റം സംഭവിച്ചുവെങ്കിലും ഇപ്പോഴും താങ്ങാനാവുന്ന വിലയിൽ വാങ്ങാനാവുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക് സിറ്റി കാറുകളിൽ ഒന്നാണിത്. വിലയിലെ മാറ്റം ഒഴികെ കുഞ്ഞൻ ഇവിയിൽ മറ്റ് നവീകരണങ്ങളൊന്നും കമ്പനി നടപ്പിലാക്കിയിട്ടില്ല.
എംജിയുടെ GSEV പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി പണികഴിച്ചിരിക്കുന്ന ഇലക്ട്രിക് കാർ സിറ്റി ഡ്രൈവിംഗ് ആവശ്യങ്ങൾ കണക്കിലെടുത്താണ് പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വലിപ്പത്തിൻ്റെ കാര്യത്തിലേക്ക് നോക്കിയാൽ 2974 മില്ലീമീറ്റർ നീളം, 1505 മില്ലീമീറ്റർ വീതി, 1640 മില്ലീമീറ്റർ ഉയരം 2010 മില്ലീമീറ്റർ വീൽബേസ് എന്നിവയാണ് കാറിനുള്ളത്. ഇവിയുടെ ടേണിംഗ് റേഡിയസ് വെറും 4.2 മീറ്ററാണെന്നതും ശ്രദ്ധേയമാണ്.

17.4 kWh ബാറ്ററി പായ്ക്കാണ് എംജി കോമെറ്റ് ഇവിയിൽ ഘടിപ്പിച്ചിരിക്കുന്നത്. ഫുൾ ചാർജിൽ 230 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചും ഈ ഇലക്ട്രിക് കാറിന് നൽകാനാവുമെന്നതാണ് ഹൈലൈറ്റ്. പെർഫോമൻസിലേക്ക് വന്നാൽ ചെറിയ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന ഇവിക്ക് 42 bhp പവറിൽ പരമാവധി 110 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. 1,000 കിലോമീറ്റര്‍ ഓടാന്‍ വെറും 519 രൂപ മാത്രമാണ് കോമെറ്റിന് ചെലവ് വരുന്നതെന്നാണ് എംജിയുടെ വാദം.
8 വർഷം അല്ലെങ്കിൽ 1.20 ലക്ഷം കിലോമീറ്റർ ബാറ്ററി വാറണ്ടിയാണ് കോമെറ്റ് ഇവിക്കൊപ്പം വാഗ്ദാനം ചെയ്യുന്നത് എന്നതിനാൽ ആശങ്കകളൊന്നും വേണ്ട. എംജി കോമെറ്റ് ഇവി ബ്രാൻഡിന്റെ സമഗ്ര എംജി ഇ-ഷീൽഡ് 3-3-3-8 പാക്കേജുമായാണ് വിപണനത്തിന് എത്തുന്നത്. അതയാത് 3 വർഷം അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വാറണ്ടി, 3 വർഷത്തെ റോഡ്‌സൈഡ് അസിസ്റ്റൻസ്, 3 സൗജന്യ ലേബർ സർവീസുകൾ, 8 വർഷം അല്ലെങ്കിൽ 1.2 ലക്ഷം കിലോമീറ്റർ ബാറ്ററി വാറണ്ടി എന്നിവയും കൂടി വാഗ്‌ദാനം ചെയ്യുന്നതിനാൽ കോമെറ്റ് നല്ലൊരു വാല്യു ഫോർ മണി ഇവിയായി മാറുന്നു.


Click it and Unblock the Notifications








