580 KM റേഞ്ചുള്ള ഇലക്ട്രിക് കാറിനെ ഗ്ലാമറാക്കി എംജി, ഇന്ത്യയിലെ നമ്പർ 1 സ്പോർട്‌സ് കാറാണിത്
ടാറ്റ മോട്ടോർസിൻ്റെ കുത്തകയായിരുന്ന ഇലക്‌ട്രിക് കാർ വിപണിയിൽ ശക്തമായ മുന്നേറ്റം നടത്തി ആളുകളെ ഞെട്ടിച്ചവരാണ് എംജി മോട്ടോർസ്. ZS, കോമെറ്റ്, വിൻഡ്‌സർ എന്നിങ്ങനെ മിഡിൽ ക്ലാസുകാരന് വണ്ടുന്ന വൈദ്യുത കാറുകൾ മാത്രമല്ല, ഇതോടൊപ്പം ആഡംബര ഇവി രംഗത്തം പരീക്ഷണത്തിനിറങ്ങി വെന്നിക്കൊടി പാറിക്കാൻ ബ്രാൻഡിനായി. M9, സൈബർസ്റ്റർ എന്നിങ്ങനെ രണ്ട് മോഡലുകളെ വിപണിയിൽ എത്തിച്ചാണ് ലക്ഷ്വറി വിഭാഗത്തിലും തങ്ങളുടെ മുദ്ര പതിപ്പിക്കാൻ എംജിക്കായത്. ഇതിൽ ഇലക്ട്രിക് സ്പോർട്‌സ് കാറായി രൂപമെടുത്ത സൈബർസ്റ്റർ ഏവരുടേയും മനംകവർന്ന് മുമ്പോട്ട് പോവുകയാണ്.
ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്പോർട്സ് കാറായി വരെ വാഹനം പേരെടുത്തിരുന്നു. പ്രീമിയം ഡീലർഷിപ്പായ എംജി സെലക്ടിലൂടെ മാത്രം വിറ്റഴിക്കുന്ന മോഡലിലേക്ക് ഇപ്പോഴിതാ പുതിയൊരു ഇടിവെട്ട് കളർ ഓപ്ഷൻ കൂടി സമ്മാനിച്ചിരിക്കുകയാണ് ബ്രാൻഡ്. കൂടുതൽ ആകർഷകമാക്കുവാനായി ഐറിസസ് സിയാൻ എന്ന പുത്തൻ നിറമാണ് എംജി സൈബർസ്റ്ററിലേക്ക് അവതരിപ്പിച്ചിരിക്കുന്നത്. വണ്ടിയുടെ ഗ്ലാമർ എന്തായാലും കൂടിയിട്ടുണ്ട്.

പുതുതായി വെളിപ്പെടുത്തിയ ഐറിസസ് സിയാൻ എയറോഡൈനാമിക് പ്രതലങ്ങളെയും മൊത്തത്തിലുള്ള രൂപകൽപ്പനയെയും നന്നായി അലങ്കരിച്ചിട്ടുണ്ട്. പുതിയ നിറങ്ങൾക്ക് പുറമെ എംജി സൈബർസ്റ്ററിന് ഡ്യുവൽ ടോൺ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളുടെ കമനീയ ശേഖരവുമുണ്ട്. ഈ വർഷം ജൂലൈയിൽ പുറത്തിറങ്ങിയതിനുശേഷം ഇതുവരെ മോഡലിൻ്റെ 350-ലധികം യൂണിറ്റുകൾ വിറ്റഴിച്ചുവെന്നാണ് ബ്രാൻഡ് അവകാശപ്പെടുന്നത്. നിലവിൽ ബുക്ക് ചെയ്‌താൽ 4-5 മാസത്തെ ബുക്കിംഗ് പീരീഡാണ് ഇവിക്കുള്ളത്.
ടൂ സീറ്റർ കൺവെർട്ടിബിളിൽ സ്പോർട്‌സ് കാറായി ഡിസൈൻ ചെയ്‌തിരിക്കുന്ന സൈബർസ്റ്റർ ആദ്യ കാഴ്ച്ചയിൽ തന്നെ ആരേയും ആകർഷിക്കുന്നതാണ്. 72.49 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഇവി വിപണനത്തിന് എത്തിയിരിക്കുന്നത്. പുതിയ കളർ ഓപ്ഷൻ എത്തിയെങ്കിലും വാഹനത്തിൽ മറ്റ് നവീകരണങ്ങളൊന്നും കമ്പനി നടപ്പിലാക്കിയിട്ടില്ല. മെക്കാനിക്കൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇലക്ട്രിക് കൺവെർട്ടിബിൾ റോഡ്‌സ്റ്റർ വിപണനത്തിന് എത്തുന്നത്.

ശക്തമായ ഡ്യുവൽ ഇ-മോട്ടോർ ഡ്രൈവ്‌ട്രെയിനും 77 kWh ബാറ്ററി പായ്ക്കുമായി വിപണിയിലെത്തുന്ന ഇലക്ട്രിക് സ്പോർട് കാറിന് ഫുൾ ചാർജിൽ 580 കിലോമീറ്റർ റേഞ്ചാണുള്ളത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 503 bhp പവറിൽ പരമാവധി 725 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ഇവിയിലെ ഡ്യുവൽ മോട്ടോർ സിസ്റ്റത്തിനാവും. വെറും 3.2 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും സൈബർസ്റ്ററിന് കഴിയും.
അതേസമയം പരമാവധി വേഗം 200 കിലോമീറ്ററായും എംജി മോട്ടോർ നിജപ്പെടുത്തിയിട്ടുണ്ട്. സ്‌പോർട്ടി ഹാൻഡ്‌ലിംഗ് പ്രാപ്തമാക്കുന്നതിന് ടൂ ഡോർ സ്പോർട്‌സ് കാറിന് ഏകദേശം 50:50 ഭാര വിതരണവും ഡ്യുവൽ-വിഷ്‌ബോൺ ഫ്രണ്ട് സസ്‌പെൻഷൻ സിസ്റ്റവുമാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. ചാർജിംഗിൻ്റെ കാര്യത്തിലേക്ക് വരികയാണെങ്കിൽ ഡിസി ഫാസ്റ്റ് ചാർജറിന് (150 kW) ഏകദേശം 40 മിനിറ്റിനുള്ളിൽ ബാറ്ററി 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും.

ഇലക്ട്രിക് സ്‌പോർട്‌സ് കാർ എസി, ഡിസി ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നുമുണ്ട്. പോർട്ടബിൾ 3.3 കിലോവാട്ട് ചാർജർ, ഇൻസ്റ്റാളേഷനോടുകൂടിയ 7.4 കിലോവാട്ട് വാൾ-ബോക്സ് ചാർജർ, ആദ്യ ഉടമയ്ക്ക് ആജീവനാന്ത ബാറ്ററി വാറണ്ടി, 3 വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടി എന്നിവയും വാഹനം വാങ്ങുന്നവർക്ക് ലഭിക്കും. സിസർ ഡോറുകളാണ് എംജി സൈബർസ്റ്റർ ഇവിയുടെ മറ്റൊരു പ്രധാന ഹൈലൈറ്റ്.
മൊത്തത്തിൽ 4535 mm നീളവും 1913 mm വീതിയും 1329 mm ഉയരവും 2690 mm വീൽബേസുമാണ് എംജിയുടെ ഇലക്ട്രിക് സ്പോർട്‌സ് കാറിനുള്ളത്. എൽഇഡി ലൈറ്റിംഗ്, നീളമുള്ള ബോണറ്റ്, കൺവേർട്ടിബിൾ റൂഫ്, എൽഇഡി ലൈറ്റുകൾ, 20 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് കാറിലെ മറ്റ് പ്രത്യേകതകൾ. ട്രിപ്പിൾ-സ്‌ക്രീൻ കോക്ക്പിറ്റ് ലേഔട്ടുള്ള ഇൻ്റീരിയറിൽ 10.25 ഇഞ്ച് സെൻട്രൽ ഡിസ്‌പ്ലേയും രണ്ട് 7 ഇഞ്ച് സ്‌ക്രീനുകളും കാണാം.
ഇതോടൊപ്പം പവർ-ഓപ്പറേറ്റഡ് സോഫ്റ്റ്-ടോപ്പ് റൂഫ്, പിറെല്ലി പി-സീറോ ടയറുകളുള്ള 20 ഇഞ്ച് അലോയ് വീലുകൾ, ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS), ഒരു ബോസ് ഓഡിയോ സിസ്റ്റം, ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, 360-ഡിഗ്രി ക്യാമറ യൂണിറ്റ് എന്നിവയാണ് മറ്റ് ശ്രദ്ധേയമായ സവിശേഷതകൾ. ഇതിന്റെ വില 74.99 ലക്ഷം രൂപയാണ് (എക്സ് ഷോറൂം).


Click it and Unblock the Notifications








