വരവിന് സമയം കുറിച്ചു, എംജിയുടെ ആയുധപ്പുരയിലേക്ക് 555 കിലോമീറ്റർ റേഞ്ചുള്ള എസ്‌യുവി വരുന്നു
ഹെക്‌ടർ എസ്‌യുവിയിലൂടെ ഇന്ത്യക്കാർക്കിടയിലേക്ക് ഇറങ്ങി വന്ന എംജി പിന്നീട് ക്ലച്ചുപിടിച്ചത് കോമെറ്റ്, വിൻഡ്‌സർ എന്നീ രണ്ട് ഇലക്ട്രിക് കാറുകളിലൂടെയാണ്. സാക്ഷാൽ ടാറ്റ മോട്ടോർസിനെ വരെ പിന്തള്ളി ഇന്ത്യക്കാരുടെ മനംകവർന്നവരാനും ബ്രാൻഡിനായി. വിൻഡ്‌സറിൻ്റെ വിജയത്തിന് ശേഷം സൈബർസ്റ്റർ, എംജി M9 എന്നിങ്ങനെ രണ്ട് ആഡംബര വൈദ്യുത കാറുകളും കൂടി രാജ്യത്തിനായി സമർപ്പിച്ച കമ്പനി അടുത്തതായി കൊണ്ടുവരുന്നത് ഒരു പെർഫോമൻസ് ഇലക്ട്രിക് എസ്‌യുവിയാണെന്ന കിംവദന്തിയാണ് ഉയർന്നുകേൾക്കുന്നത്. എംജി സെലക്ട് ഡീലർഷിപ്പ് വഴി മാത്രം വിപണനം ചെയ്യാനിരിക്കുന്ന മോഡൽ അധികം വൈകാതെ തന്നെ നിരത്തുകളിൽ എത്തുമെന്നാണ് വിവരം.
ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യയുടെ ഏറ്റവും പുതിയ മോഡലായ മജസ്റ്റർ എസ്‌യുവിയുടെ വില പ്രഖ്യാപിച്ചതിന് ശേഷം 2026 ഓഗസ്റ്റ് മാസത്തോടെ IM6 പെർഫോമൻസ് ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിലെത്തുമെന്നാണ് കാർവാലെ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. എംജി സെലക്ട് ഡീലർഷിപ്പുകൾ വഴി മാത്രമായി റീട്ടെയിൽ ചെയ്യുന്ന ഈ മോഡലിന്റെ ഷോറൂമുകളുടെ ശ്രേണിയിൽ നിന്നുള്ള എൻട്രി ലെവൽ ഓഫറായിരിക്കും.

ഈ മോഡലിന്റെ ബുക്കിംഗുകൾ ജൂലൈയിൽ ആരംഭിക്കുമെന്നാണ് അനുമാനം. IM6 ഇവി പൂർണമായും വിദേശത്ത് നിർമിച്ചാവും (CBU) എംജി ഇന്ത്യയിലേക്ക് എത്തിക്കുക. അതിനാൽ കാറിന് ഏകദേശം 60 ലക്ഷം രൂപയോളം വില വരുമെന്ന് പ്രതീക്ഷിക്കാം. 2025 ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ഇലക്ട്രിക് എസ്‌യുവിയുടെ ഡിസൈനിലേക്ക് നോക്കിയാൽ ഒരു കൂപ്പെ സ്റ്റൈൽ വാഹനമായാണ് ഇതിനെ പണികഴിപ്പിച്ചിരിക്കുന്നത്.
എയറോഡൈനാമിക് എഫിഷ്യൻസിക്കായി സ്വൂപ്പി, സ്മൂത്ത് ബോഡി പാനലുകൾ,, L-ആകൃതിയിലുള്ള വലിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, പിന്നിൽ ഫുൾ-വീഡ്ത്ത് ലൈറ്റ് ബാർ എന്നിവയെല്ലാം സംയോജിച്ച് വരുമ്പോൾ ഇവി അടിപൊളിയാവുന്നുണ്ട്. ആർട്ടിക് വൈറ്റ്, ബ്ലാക്ക് പേൾ മെറ്റാലിക്, നെവിസ് ബ്ലൂ മെറ്റാലിക്, റെംബ്രാൻഡ് ഗ്രേ മെറ്റാലിക് എന്നിവ പോലുള്ള കളർ ഓപ്ഷനുകളും എംജിയുടെ വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവിക്ക് മിഴിവേകും.

ഇൻ്റീരിയറിലേക്ക് കയറിയാലും ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് എംജി IM6 ഇവി മെനഞ്ഞെടുത്തിരിക്കുന്നത്. ത്രീ-സ്പോക്ക് മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഡാഷ്‌ബോർഡിലെ ഡ്യുവൽ സ്‌ക്രീനുകൾ, എസി കൺട്രോളുകൾക്കുള്ള ടച്ച് ഫംഗ്ഷനുകൾ, ഹീറ്റിംഗും വെന്റിലേഷനും ഉള്ള മുൻ സീറ്റുകൾ, പനോരമിക് സൺറൂഫ്, റിക്ലൈനബിൾ റിയർ സീറ്റുകൾ, ADAS സ്യൂട്ട്, ഫോർ-വീൽ സ്റ്റിയറിംഗ്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് മൊബൈൽ ചാർജർ എന്നീ ഫിച്ചറുകളെല്ലാം അകത്തളത്തിന്റെ മാറ്റുകൂട്ടും.
IM6 ഇവിയിൽ 800V ആർക്കിടെക്ചർ ബാറ്ററി പായ്ക്ക് ഡ്യുവൽ മോട്ടോർ ഓൾവീൽഡ്രൈവ് കോൺഫിഗറേഷനിൽ 100 കിലോവാട്ട് വരെ ശേഷി വാഗ്ദാനം ചെയ്യുന്നുമെന്നാണ് കമ്പനി പറയുന്നു. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 778 bhp കരുത്തിൽ പരമാവധി 802 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ പ്രീമിയം ഇലക്ട്രിക് എസ്‌യുവിക്ക് സാധിക്കും. കൂടാതെ 3.4 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും വാഹനത്തിനാവുന്നതാണ്.

സിംഗിൾ ചാർജിൽ 555 കിലോമീറ്റർ വരെ റേഞ്ചാണ് IM6 പെർഫോമൻസ് ഇലക്ട്രിക് എസ്‌യുവിക്ക് കഴിയുന്നതാണ്. ചാർജിംഗിലും ആശാൻ പുലിയാണ്. ഇത് 396kW വരെ DC ഫാസ്റ്റ് ചാർജിംഗ് പ്രാപ്തമാക്കുന്നതിനാൽ ഇവിയിലെ 100kWh ബാറ്ററി വെറും 15 മിനിറ്റിനുള്ളിൽ 30-80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കുന്നതാണ്. എന്തായാലും ഇലക്ട്രിക് വാഹന വിപണിയിലേക്ക് IM6 എത്തുന്നതോടെ എംജി കൂടുതൽ കരുത്താർജിക്കുന്നതായിരിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








