555 കിലോമീറ്റർ റേഞ്ചുള്ള എംജിയുടെ പുത്തൻ ഇലക്‌ട്രിക് എസ്‌യുവി വരുന്നു; 15 മിനിറ്റിനുള്ളിൽ 80 ശതമാനം ചാർജാവും
ഇവികളിലൂടെ ഇമേജ് തന്നെ മാറ്റിമറിച്ച് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വാഹന നിർമാതാക്കളായി മാറിയവരാണ് എംജി മോട്ടോർ (MG Motor). കോമെറ്റ് (Comet EV), വിൻഡ്‌സർ (Windsor EV) എന്നിവയിലൂടെയാണ് കമ്പനി വിസ്‌മയം തീർത്ത് മുന്നേറുന്നത്. രാജ്യത്തെ ആദ്യ സിയുവിയായ വിൻഡ്‌സറിൻ്റെ വിജയത്തിന് ശേഷം സൈബർസ്റ്റർ, എംജി M9 എന്നിങ്ങനെ രണ്ട് ആഡംബര വൈദ്യുത കാറുകളും കൂടി പുറത്തിറക്കി കഴിവ് തെളിയിച്ച ബ്രാൻഡ് ഇനി ഹൈബ്രിഡുകൾ, പുതിയ ICE മോഡലുകൾ എന്നിവയിലൂടെ ഇന്ത്യയിൽ തങ്ങളുടെ മോഡൽ നിര വികസിപ്പിക്കാനുള്ള തന്ത്രങ്ങളും മെനഞ്ഞുകൊണ്ടിരിക്കുകയാണ്.
എംജി സെലക്ട് ഡീലർഷിപ്പ് വഴി ഒരു പുതിയ പ്രീമിയം പെർഫോമൻസ് ഇലക്ട്രിക് എസ്‌യുവി എത്തുമെന്നതാണ് ആവേശം പകരുന്ന വാർത്ത. 2025 ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച IM6 ഇവിയായിരിക്കും നമ്മുടെ നിരത്തുകളിലേക്ക് എത്താൻ പോവുന്ന ആ പുത്തൻ ഇവി. എംജി മോട്ടോറിനെപ്പോലെ SAIC-ന് കീഴിലുള്ള മറ്റൊരു ബ്രാൻഡാണ് ഇൻ്റലിജന്റ് മൊബിലിറ്റി എന്ന IM. ഈ വർഷം വിപണനത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്ന കാറിന് ഏകദേശം 60 ലക്ഷം രൂപയോളം വില വരുമെന്നാണ് അനുമാനം.

അതായത് എംജി M9 ലക്ഷ്വറി ഇലക്ട്രിക് എംപിവിക്ക് താഴെയായി ആശാൻ സ്ഥാനംപിടിക്കുമെന്ന് സാരം. ഡിസൈനിലേക്ക് നോക്കിയാൽ കാഴ്ചയിൽ IM6 ഒരു പരമ്പരാഗത എസ്‌യുവി പോലെയല്ല. മറിച്ച് ഒരു കൂപ്പെ-ഇഷ് ക്രോസ്ഓവർ പോലെയാണ് രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്. എയറോഡൈനാമിക് എഫിഷ്യൻസിക്കായി സ്വൂപ്പി, സ്മൂത്ത് ബോഡി പാനലുകൾ കൊടുത്തിരിക്കുന്നത് കാണാം. വലിയ, L-ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, പിന്നിൽ ഒരു ഫുൾ-വീഡ്ത്ത് ലൈറ്റ് ബാർ എന്നിവയാണ് മറ്റ് ഡിസൈൻ ഹൈലൈറ്റുകൾ.
അകത്തളത്തിൽ 26.3 ഇഞ്ച് വീതിയുള്ള വൈഡ് ഡിസ്‌പ്ലേയും 10.5 ഇഞ്ച് പോർട്രെയിറ്റ് ഡിസ്‌പ്ലേയുമാവും ഉണ്ടാവുക. എൽഇഡി ലൈറ്റിംഗ്, ലിഡാർ അടിസ്ഥാനമാക്കിയുള്ള അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റം (ADAS), എയറോഡൈനാമിക് ബോഡി എന്നിവ പോലുള്ള സവിശേഷതകളോടെയാവും എംജിയുടെ ഇലക്ട്രിക് എസ്‌യുവി വിപണിയിലെത്തുക. IM6 ഇവിയിൽ 800V ആർക്കിടെക്ചർ ബാറ്ററി പായ്ക്ക് ഡ്യുവൽ മോട്ടോർ ഓൾവീൽഡ്രൈവ് കോൺഫിഗറേഷനിൽ 100 കിലോവാട്ട് വരെ ശേഷി വാഗ്ദാനം ചെയ്യുന്നുമെന്നാണ് കമ്പനി പറയുന്നു.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 778 bhp കരുത്തിൽ പരമാവധി 802 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ പ്രീമിയം ഇലക്ട്രിക് എസ്‌യുവിക്ക് സാധിക്കും. കൂടാതെ 3.4 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും വാഹനത്തിനാവുന്നതാണ്. സിംഗിൾ ചാർജിൽ 555 കിലോമീറ്റർ വരെ റേഞ്ചാണ് IM6 പെർഫോമൻസ് ഇലക്ട്രിക് എസ്‌യുവിക്ക് കഴിയുന്നതാണ്. ചാർജിംഗിലും ആശാൻ പുലിയാണ്.
ഇത് 396kW വരെ DC ഫാസ്റ്റ് ചാർജിംഗ് പ്രാപ്തമാക്കുന്നതിനാൽ ഇവിയിലെ 100kWh ബാറ്ററി വെറും 15 മിനിറ്റിനുള്ളിൽ 30-80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കുന്നതാണ്. അന്താരാഷ്ട്രതലത്തിൽ IM6 ടെസ്‌ല മോഡൽ Y, ബിവൈഡി സീലയൺ 7, ഹ്യുണ്ടായി അയോണിക് 5, കിയ EV6 എന്നിവയുമായാണ് മത്സരിക്കുന്നത്. IM6 ഇവിക്ക് പിന്നാലെ ഈ വർഷം അവസാനത്തോടെ മഹീന്ദ്ര XUV 7XO എസ്‌യുവിക്കുള്ള എതിരാളിയെ അവതരിപ്പിക്കുകയും ചെയ്യും.

ഇന്തോനേഷ്യയിൽ വിൽക്കുന്ന വുളിംഗ് സ്റ്റാർലൈറ്റ് 560 അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഇത്. കൂടാതെ ഇന്ത്യയിലെ ആദ്യത്തെ മാസ്-മാർക്കറ്റ് പ്ലഗ്-ഇൻ ഹൈബ്രിഡ് ഇലക്ട്രിക് വാഹനം (PHEV) ആയിരിക്കും ഇതെന്ന സൂചനയും ലഭിക്കുന്നുണ്ട്. 5-സീറ്റർ, 7-സീറ്റർ കോൺഫിഗറേഷനുകളിൽ എത്തുന്നതിനാൽ മഹീന്ദ്ര സ്റ്റാർലൈറ്റിനെ പേടിക്കേണ്ടതുണ്ട്. ടാറ്റ ഹാരിയർ, ഹാരിയർ ഇവി എന്നിവയും ഈ എസ്‌യുവിയുടെ വരവിനെ ഭയക്കണം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








