ഈ കാശുണ്ടേൽ 10 എർട്ടിഗ വാങ്ങാം, 548 KM റേഞ്ചുള്ള 7-സീറ്റർ ഇവിക്ക് കമ്പനി ഒറ്റയടിക്ക് കൂട്ടിയത് 5 ലക്ഷം രൂപ
ഇന്ത്യക്കാർക്ക് ഇലക്ട്രിക് വാഹനങ്ങളോട് തോന്നുന്ന കമ്പം കൃത്യമായി മനസിലാക്കിയവരാണ് എംജി മോട്ടോർ. ഹെക്‌ടർ, ആസ്റ്റർ തുടങ്ങിയ പെട്രോൾ മോഡലുകൾ കാര്യമായ സംഭാവന ചെയ്യാതെ വന്നതോടെ ഇവികളിലേക്ക് ചുവടുവെച്ച് പണമുണ്ടാക്കാൻ ബ്രാൻഡിനായത് ഇതിന്റെ തെളിവാണ്. കോമെറ്റ്, വിൻഡ്‌സർ എന്നിവയുടെ വരവോടെ കമ്പനിയുടെ കച്ചോടവും കുതിച്ചുയരാൻ തുടങ്ങി. സാധാരണക്കാർക്ക് വേണ്ടി മാത്രമല്ല, ആഡംബര കാർ വിഭാഗത്തിലും വൈദ്യുത വിപ്ലവം കൊണ്ടുവരാൻ എംജി രണ്ട് ഇടിവെട്ട് മോഡലുകളും പണിതിറക്കുകയുണ്ടായി. സൈബർസ്റ്റർ ഇലക്ട്രിക് സ്പോർട്‌സ് കാറും M9 ഇലക്ട്രിക് എംപിവിക്കുമാണ് ഇവിടുത്തെ ദൌത്യം കമ്പനി ഏൽപ്പിച്ചത്.
ഇരുവരും അവരവരുടെ റോൾ ഭംഗിയാക്കിയപ്പോൾ ആഡംബര വിഭാഗത്തിലും തങ്ങളുടെ സ്ഥാനം ഊട്ടിയുറപ്പിക്കാൻ എംജിക്കായി. എന്നാൽ ഇപ്പോഴിതാ ഇലക്ട്രിക് എംപിവിയുടെ വില കുത്തനെ ഉയർത്തി ഞെട്ടിച്ചിരിക്കുകയാണ് കമ്പനി. 2026 ഏപ്രിലിൽ മാസത്തോടെ ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ പ്രഖ്യാപിച്ച വില പരിഷ്ക്കരണത്തിന്റെ ഭാഗമായാണ് ഈ നീക്കം. ഇതോടെ വില വർധനവ് ലഭിക്കുന്ന ആദ്യ മോഡലായി M9 മാറി.

ബ്രാൻഡിന്റെ സെലക്ട് റീട്ടെയിൽ നെറ്റ്‌വർക്ക് വഴി വിൽക്കുന്ന ആഡംബര ഇലക്ട്രിക് എംപിവിക്ക് ഒറ്റയടിക്ക് 5 ലക്ഷം രൂപയാണ് കമ്പനി ഉയർത്തിയിരിക്കുന്നത്. ഇതോടെ 70.90 ലക്ഷം രൂപയായിരുന്ന എക്സ്ഷോറൂം വില 75.90 ലക്ഷം രൂപയായി മാറി. എന്നിട്ടും ആഡംബര എംപിവി ശ്രേണിയിൽ സ്ഥാനം പിടിച്ചിരിക്കുന്ന M9 ഇവിക്ക് 1.19 കോടി രൂപ എക്സ്ഷോറൂം വിലയുള്ള ടൊയോട്ട വെൽഫയറിനേക്കാൾ വളരെ കുറവാണ് വില എന്നതാണ് ശ്രദ്ധേയമായ കാര്യം.
പക്ഷേ കിയ കാർണിവൽ ഇതിലും കുറഞ്ഞ വിലയ്ക്ക് ലഭ്യമാവുമെന്നത് എംജി M9 ഇവിക്ക് വലിയൊരു തിരിച്ചടി തന്നെയാണ്. 2025 ഒക്ടോബറിൽ വില പരിഷ്ക്കരിച്ചതിനെത്തുടർന്ന് കാർണിവലിന് നിലവിൽ 59.42 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. അതായത് എംജിയുടെ ഇലക്ട്രിക് എംപിവിയേക്കാൾ 16 ലക്ഷം രൂപ കുറവാണെന്ന് സാരം. എന്നിരുന്നാലും പെട്രോളും ഡീസലും അടിക്കേണ്ടെന്ന ഗുണം M9 ഉയർത്തിക്കാട്ടുന്നുണ്ട്.

എംജിയുടെ പ്രീമിയം ഡീലർഷിപ്പ് നെറ്റ്‌വർക്കായ എംജി സെലക്ടിൽ നിന്നുള്ള ആദ്യ ഉൽപ്പന്നമെന്ന പ്രത്യേകതയും M9 ഇവിക്കുണ്ട്. കോൺക്രീറ്റ് ഗ്രേ, പേൾ ലസ്റ്റർ വൈറ്റ്, മെറ്റൽ ബ്ലാക്ക് എന്നീ മൂന്ന് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളോടെയാണ് ആഡംബര ഇലക്ട്രിക് എംപിവി വാങ്ങാനാവുക. ടിപ്പിക്കൽ ബോക്‌സി മൾട്ടി പർപ്പസ് വാഹനങ്ങൾക്കുള്ള അതേ ഡിസൈനിലാണ് M9 ഇവിയും പണിതിറക്കിയിരിക്കുന്നത്. വലിയ കോലാഹലങ്ങളില്ലാത്ത രൂപം ആരേയും മോഹിപ്പിക്കുന്ന തരത്തിലുള്ളതാണ്.
ലോവർ-സെറ്റ് ഹെഡ്‌ലാമ്പുകൾ, വലിയ ഫ്രണ്ട്, റിയർ ഓവർഹാങ്ങുകൾ എന്നിവയെല്ലാം വല്ലാത്തൊരു ചന്തം നൽകുന്നുണ്ട്. ഇതോടൊപ്പം വലിയ കണക്റ്റഡ് ടെയിൽ ലാമ്പുകൾ, സെൽഫ്-ഹീലിംഗ് കോണ്ടിനെന്റൽ കോണ്ടിസീൽ ടയറുകളുള്ള 19 ഇഞ്ച് അലോയ് വീലുകൾ, ഇലക്ട്രിക് ടെയിൽഗേറ്റ്, റൂഫ് സ്‌പോയിലർ തുടങ്ങിയ ഘടകങ്ങളും കൂടി ചേരുമ്പോൾ എംജി M9 ഇവിയുടെ എക്സ്റ്റീരിയർ അടിപൊളി ഫീലാണ് നൽകുന്നത്.

ഇന്റീരിയറിലേക്ക് കയറിയാൽ അത്രവേഗമൊന്നും ഇറങ്ങിപ്പോവാൻ തോന്നില്ല. മൂന്നുവരി 7-സീറ്ററായാണ് ഇലക്ട്രിക് എംപിവി വരുന്നത്. 12.23 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, 7 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ, ജെബിഎൽ സൗണ്ട് സിസ്റ്റം, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഹീറ്റഡ്, വെന്റിലേറ്റഡ്, മസാജ് ഫങ്ഷനുകളുള്ള ഡ്രൈവർ, പാസഞ്ചർ സീറ്റുകൾ, വയർലെസ് ചാർജർ, സിംഗിൾ-പാനൽ സൺറൂഫ്, ഡ്രൈവ് മോഡുകൾ എന്നീ ഫീച്ചറുകളെല്ലാം M9 ഇവിയിലുണ്ട്.
രണ്ടാംനിരയിൽ ഇരിക്കുന്നവർക്ക് പവർഡ് ക്യാപ്റ്റൻ സീറ്റുകൾ ലഭിക്കുന്നുണ്ടെന്നത് പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണ്. 90kWh ബാറ്ററി പായ്ക്കാണ് M9 ഇവിയുടെ ഹൃദയം. 241 bhp കരുത്തിൽ പരമാവധി 350 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഫ്രണ്ട്-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമായാണ് ഇത് ജോടിയാക്കിയിരിക്കുന്നത്. അങ്ങനെ ഫുൾ ചാർജിൽ 548 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ ഇതിനാവും. 11 kWh ചാർജർ ഉപയോഗിച്ച് ഏകദേശം 8.5 മണിക്കൂറിനുള്ളിൽ ബാറ്ററി 5 ശതമാനത്തിൽ നിന്ന് 100 ശതമാനത്തിലേക്ക് വാഹനം പൂർണമായി ചാർജ് ചെയ്യാൻ കഴിയും.


Click it and Unblock the Notifications








