ഫോർച്യൂണറിൻ്റെ അന്തകൻ നാളെ പിറവിയെടുക്കും, 7-സീറ്റർ എംജി എസ്‌യുവിയുടെ വില കേൾക്കാൻ കൊതിച്ച് ഇന്ത്യക്കാർ
ഇന്ത്യയിൽ ഇലക്‌ട്രിക് കാറുകളിലൂടെ വിസ്‌മയം തീർത്തുകൊണ്ടിരിക്കുകയാണ് എംജി മോട്ടോർസ്. ഹെക്‌ടർ എന്ന മിടുക്കൻ എസ്‌യുവിയുമായി രാജ്യത്ത് പ്രവർത്തനം ആരംഭിച്ച കമ്പനിക്ക് ബ്രേക്ക്ത്രൂ നൽകിയത് വൈദ്യുത വാഹനങ്ങളായിരുന്നുവെന്നതാണ് സത്യം. ZS ഇവി, കോമെറ്റ് ഇവി, വിൻഡ്‌സർ ഇവി എന്നീ മൂവർ സംഘം വലിയ തരംഗമാണ് ഇവിടെ സൃഷ്‌ടിച്ചെടുത്തത്. ഈ വർഷവും സജീവമായി വിപണിയിൽ തുടരുന്നതിനായി വലിയൊരു ഡീസൽ എസ്‌യുവിയുമായി രംഗത്തിറങ്ങാൻ ഒരുങ്ങുകയാണ് എംജി. ടൊയോട്ട ഫോർച്യൂണറിനെ വെല്ലാൻ പണികഴിപ്പിച്ചിരിക്കുന്ന മജസ്റ്റർ എന്നുപേരിട്ടിരിക്കുന്ന മോഡലിൻ്റെ ടീസർ വീഡിയോകളും ചിത്രങ്ങളും ഇതിനോടകം വലിയ ഹൈപ്പ് ഉയർത്തിയിട്ടുണ്ട്.
നാളെയാണ് എംജി മജസ്റ്ററിനെ വിപണിയിൽ അവതരിപ്പിക്കുന്നത്. അതായത് 2026 ഫെബ്രുവരി 12-ന് ഇന്ത്യൻ വിപണിയിൽ പുതുപുത്തൻ മോഡൽ എത്തുമെന്ന് സാരം. 40 ലക്ഷം മുതൽ 45 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്ന ഈ മൂന്നുവരി എസ്‌യുവി ടൊയോട്ട ഫോർച്യൂണറിൻ്റെ വിപണി തന്നെയാണ് ഉന്നംവെക്കുന്നത്. അതോടൊപ്പം തന്നെ സ്കോഡ കൊഡിയാക്, ജീപ്പ് മെറിഡിയൻ, വരാനിരിക്കുന്ന ഫോക്‌സ്‌വാഗൺ ടെയ്‌റോൺ തുടങ്ങിയ മോഡലുകളുമായി കൊമ്പുകോർക്കാനും മജസ്റ്റർ തയാറാണ്.

ഗ്ലോസ്റ്ററിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന മജസ്റ്റർ ഇന്ത്യയിലെ എംജിയുടെ പുതിയ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായിട്ടാവും ഇടംപിടിക്കുക. ഗ്ലോസ്റ്ററിലേതുപോലെ 213 bhp പവറിൽ 478 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ഫോർ സിലിണ്ടർ ട്വിൻ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനായിരിക്കും മജസ്റ്ററിൻ്റെ ഹൃദയം. ഓട്ടോമാറ്റിക് ട്രാൻസ്മിഷനും തിരഞ്ഞെടുക്കാവുന്ന ഫോർ-വീൽ-ഡ്രൈവ് സിസ്റ്റവും ഈ എഞ്ചിനുമായി ജോടിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മാക്സസ് D90 പ്ലാറ്റ്‌ഫോമിൽ അധിഷ്ഠിതമായ മജസ്റ്ററിന് 5,046 mm നീളവും 2,016 mm വീതിയും 1,876 mm ഉയരവും 2,950 mm വീൽബേസുമാണുള്ളത്. അതായത് ഡി-സെഗ്മെൻ്റ് എസ്‌യുവി നിരയിലെ ഏറ്റവും വലിപ്പമേറിയ മോഡലായിരിക്കും എംജിയുടേത് എന്ന് സാരം. അപ്പോൾ തന്നെ ഊഹിക്കാമല്ലോ ആശാൻ്റെ റോഡ് പ്രസൻസ് എത്രത്തോളമായിരിക്കുമെന്ന്. സംഭവം ക്ലിക്കായാൽ ഫോർഡ് എൻഡവറിൻ്റെ വിടവ് നികത്താൻ മജസ്റ്ററിന് സാധിക്കും.

എംജി മജസ്റ്റർ ഒരു കമാൻഡിംഗ് സ്റ്റാൻസും അപ്-റൈറ്റ് പ്രൊപ്പോഷനും കൊണ്ട് വേറിട്ടുനിൽക്കും. മുൻവശത്ത് ഒരു വലിയ ഡാർക്ക്-തീം ഗ്രില്ലും സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ക്രമീകരണവും ഷാർപ്പ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഉണ്ട്. ഗ്ലോസ്റ്ററിൽ നിന്ന് വ്യത്യസ്തമായി സ്കിഡ് പ്ലേറ്റുകളുടെയും ക്ലാഡിംഗിന്റെയും ഉദാരമായ ഉപയോഗവും ഈ ഫ്ലാഗ്ഷിപ്പ് മോഡലിനുണ്ടാവും. 19 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകളിലാവും എസ്‌യുവി നിരത്തിലെത്തുക.
റിയർ ഡിസൈനിലേക്ക് നോക്കിയാൽ എൽഇഡി ടെയിൽ ലാമ്പുകൾ, മജസ്റ്റർ ബാഡ്ജിംഗ്, പ്രൊമിനൻ്റ് എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റുകൾ എന്നിവയായിരിക്കും ശ്രദ്ധേയമായവുക. ഇൻ്റീരിയറും ഫീച്ചറുകളാൽ സമ്പന്നമായിരിക്കുന്നതാണ്. ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കണക്റ്റഡ് കാർ ടെക്, പനോരമിക് സൺറൂഫ്, പവർഡ്, വെന്റിലേറ്റഡ് സീറ്റുകൾ, ത്രീ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും മജസ്റ്ററിനെ കളറാക്കും.

സുരക്ഷയുടെ കാര്യത്തിലും ടൊയോട്ട ഫോർച്യൂണറിനെ വെല്ലുന്ന തരത്തിലാണ് മജസ്റ്റർ ഒരുക്കിയിറക്കുക. ഫ്രണ്ട്, സൈഡ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഹിൽ-സ്റ്റാർട്ട്, ഹിൽ-ഡിസെന്റ് അസിസ്റ്റ്, TPMS, ISOFIX മൗണ്ടുകൾ എന്നീ ഫീച്ചറുകളാണ് പ്രധാന ഹൈലൈറ്റ്. ഒപ്പം തിരഞ്ഞെടുത്ത വകഭേദങ്ങളിൽ ലെവൽ 2 ADAS ലഭിക്കുമെന്നതും മജസ്റ്ററിലേക്ക് ആളുകളെ ആകർഷിക്കും.
ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ സവിശേഷതകളാണ് എസ്‌യുവിയുടെ ലെവൽ 2 ADAS ടെക്കിൽ വാഗ്ദാനം ചെയ്യുക. 2025 ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി പ്രദർശിപ്പിച്ച എംജി മജസ്റ്ററിൻ്റെ വരവ് എന്തായാലും ആരവം സൃഷ്‌ടിക്കുമെന്ന് ഉറപ്പാണ്. വില കൂടി ഫോർച്യൂണറിനേക്കാൾ താഴ്ത്തി പിടിക്കാനായാൽ വലിയൊരു ഹിറ്റ് എംജിക്ക് നേടിയെടുക്കാനാവും.


Click it and Unblock the Notifications








