ടൊയോട്ടയുടെ ഉറക്കം കളയും, 5 വർഷം അൺലിമിറ്റഡ് KM വാറണ്ടിയുള്ള എസ്‌യുവിയുടെ വില നാളെ അറിയാം
ഫോർഡ് എൻഡവർ, എംജി ഗ്ലോസ്റ്റർ, സ്കോഡ കൊഡിയാക്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, ജീപ്പ് മെറിഡൻ തുടങ്ങിയ വമ്പൻമാർ വിചാരിച്ചിട്ട് പോലും ഡി-സെഗ്മെന്റ് എസ്‌യുവി ശ്രേണിയിലെ രാജാവിന്റെ കിരീടം ടൊയോട്ട ഫോർച്യൂണറിൽ നിന്നും തട്ടിയെടുക്കാനായിട്ടില്ല. എന്നാൽ ഇത്തവണ ഒരു രണ്ടാം വരവിന് ഒരുങ്ങുകയാണ് എംജി. ഗ്ലോസ്റ്റർ നിർത്തലാക്കി പകരം അതിലും മികച്ചൊരു മോഡലുമായി രംഗത്തിറങ്ങാൻ പോവുകയാണ് കമ്പനി. ഏറെ നാളായി പലരും കാത്തിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഡി പ്ലസ് സെഗ്മെന്റ് എസ്‌യുവിയായ മജസ്റ്റർ (MG Majestor) നാളെ ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിക്കും.
ഇതിനോടകം എസ്‌യുവിയുമായുള്ള വിശദാംശങ്ങളെല്ലാം എംജി പുറത്തുവിട്ടിരുന്നുവെങ്കിലും വില മാത്രം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. ബ്രാൻഡിൻ്റെ എസ്‌യുവി നിരയിൽ ഗ്ലോസ്റ്ററിനേക്കാൾ മുകളിലായി സ്ഥാനംപിടിക്കുന്ന മജസ്റ്റർ കഴിഞ്ഞ വർഷം ഓട്ടോ എക്‌സ്‌പോയിൽ രാജ്യത്ത് പ്രദർശിപ്പിച്ചിരുന്നു. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മോഡലിൻ്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട് കമ്പനി. താത്പര്യമുള്ളവർക്ക് ഇപ്പോഴും 41,000 രൂപ ടോക്കൺ തുക നൽകി എസ്‌യുവി ബുക്ക് ചെയ്‌തിടാം.

എംജി മജസ്റ്റർ വാങ്ങുന്ന ആദ്യത്തെ 3,000 ഉപഭോക്താക്കൾക്ക് എംജി 5-5-5 എന്ന പ്രത്യേക ഓണർഷിപ്പ് പ്രോഗ്രാമും അവതരിപ്പിക്കുന്നുണ്ട്. കംപ്ലീറ്റ് പീസ് ഓഫ് മൈൻഡ് പ്രോഗ്രാം എന്ന് എംജി വിളിക്കുന്ന പദ്ധതിയിൽ മൂന്ന് ഓണർഷിപ്പ് ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. അതിൽ 5 വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടി, കിലോമീറ്റർ പരിധിയില്ലാതെ 5 വർഷത്തെ സൗജന്യ റോഡ്‌സൈഡ് അസിസ്റ്റൻസ്, 5 ലേബർ-ഫ്രീ സർവീസുകൾ എന്നിവയാണ് ലഭിക്കുക.
നേരത്തെ ബുക്കിംഗ് തുടങ്ങിയിരിക്കുന്നതിനാൽ ഈ സംഖ്യ മറികടന്നിട്ടുണ്ടാവുമെന്നാണ് അനുമാനം. നാളത്തെ വില പ്രഖ്യാപനത്തിന് ശേഷം എംജിയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയുടെ ഡെലിവറി 2026 മെയ് മാസം മുതൽ ആരംഭിക്കുമെന്നാണ് അനുമാനം. ഷാർപ്പ് 4x2, സാവി 4x2, സാവി 4x4 എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളാണ് മജസ്റ്ററിലുള്ളത്. കൂടാതെ 6-സീറ്റർ അല്ലെങ്കിൽ 7-സീറ്റർ ഓപ്ഷനുകളും വാഹനത്തിലുണ്ടാവും കേട്ടോ.

ഗ്ലോസ്റ്ററിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നതെങ്കിലും മജസ്റ്ററിന് പുതിയൊരു മുഖം ഉണ്ട്. വിദേശ രാജ്യങ്ങളിൽ വിൽക്കുന്ന SAIC മാക്‌സസ് D90 എന്ന മോഡലിനോട് ശരിക്കും സാദൃശ്യം തോന്നിയാലും അത്ഭുതപ്പെടാനില്ല. ഇരുവശത്തും ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളും, ലംബമായി അടുക്കിയിരിക്കുന്ന, ചതുരാകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകളും എസ്‌യുവിക്ക് നല്ല റോഡ് പ്രസൻസ് നൽകുന്നുണ്ട്.
മുന്നിലും പിന്നിലും കട്ടിയുള്ള സ്‌കിഡ് പ്ലേറ്റുകൾ, പുതിയ 19 ഇഞ്ച് അലോയ് വീലുകൾ, ബ്ലാക്ക്-ഔട്ട് വിൻഡോ ലൈനുകൾ, കണക്റ്റഡ് എൽഇഡി ടെയിൽ ലൈറ്റുകൾ, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ, ഉയർന്ന മൗണ്ടഡ് സ്റ്റോപ്പ് ലാമ്പുള്ള ഇൻ്റഗ്രേറ്റഡ് സ്‌പോയിലർ എന്നിവയും മജസ്റ്ററിന്റെ എക്സ്റ്റീരിയർ ഹൈലൈറ്റുകളാണ്. ആകർഷകമായ മെറ്റൽ ബ്ലാക്ക്, പേൾ വൈറ്റ്, കോൺക്രീറ്റ് ഗ്രേ, മെറ്റൽ ആഷ് തുടങ്ങിയ മോണോടോൺ കളർ ഓപ്ഷനുകൾ കൂടിയാവുമ്പോൾ എംജി മജസ്റ്റിന്റെ ഗ്ലാമർ കൂടും.

12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേഷനും മസാജ് ഫംഗ്ഷനുകളുമുള്ള മുൻ സീറ്റുകൾ, 360-ഡിഗ്രി ക്യാമറ, പനോരമിക് സൺറൂഫ്, 12-സ്പീക്കർ JBL മ്യൂസിക് സിസ്റ്റം, 64 കളർ ആംബിയന്റ് ലൈറ്റിംഗ്, 12-വേ പവർഡ് ഡ്രൈവർ സീറ്റ്, ജെസ്റ്റർ കൺട്രോളോടുകൂടിയ പവർഡ് ടെയിൽഗേറ്റ്, രണ്ട് വയർലെസ് ചാർജറുകൾ, ഡിജിറ്റൽ കീ, 10 ഓഫ്-റോഡ് മോഡുകൾ, ലെവൽ 2 ADAS എന്നീ ഫീച്ചറുകൾ കുത്തിനിറച്ചുള്ള ഇന്റീരിയറാണ് എംജി മജസ്റ്ററിലെ മറ്റൊരു പ്രത്യേകത.
6 എയർബാഗുകൾ, ESC, EBD ഉള്ള ABS, EPB, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ സുരക്ഷാ സവിശേഷതകളും മജസ്റ്ററിൻ്റെ ഭാഗമാണ്. 2.0 ലിറ്റർ, ട്വിൻ-ടർബോ ഡീസൽ എഞ്ചിനാണ് മജസ്റ്ററിന് തുടിപ്പേകാനായി എത്തുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും 4x4 സിസ്റ്റവും ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 213 bhp പവറിൽ പരമാവധി 478 Nm ടോർക്ക് വരെ നിർമിക്കാനാവുന്നതാണ്. ഏകദേശം 40 ലക്ഷം രൂപയാണ് മജസ്റ്ററിന് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില.


Click it and Unblock the Notifications