കണ്ടാൽ വാങ്ങാൻ തോന്നിപ്പോവും, പക്ഷേ മജസ്റ്റർ ബുക്ക് ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിയാതെ പോവരുത്
ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ എംജി മോട്ടോർ ഇന്ത്യ തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ മജസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ്. 2025 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചത് മുതൽ വാഹനത്തിനായി കാത്തിരിക്കുന്നവർ നിരവധിയായിരുന്നു. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ടൊയോട്ട ഫോർച്യൂണർ അരങ്ങുവാഴുന്ന ഫുൾ-സൈസ് എസ്‌യുവി സെഗ്മെൻ്റിലേക്ക് എത്തിയ മിടുക്കന് ബുക്കിംഗ് വാരിക്കൂട്ടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മജസ്റ്റർ വാങ്ങാൻ താത്പര്യമുള്ളവർക്ക് എംജിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അടുത്തുള്ള ഡീലർഷിപ്പിൽ നിന്നോ ഇന്ന് മുതൽ എസ്‌യുവി ബുക്ക് ചെയ്യാനാവുന്നതാണ്. എന്നാൽ വാങ്ങുന്നതിന് മുമ്പ് പുതുമോഡലിനെ കുറിച്ച് നിങ്ങൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. അത് എന്തെല്ലാമാണെന്ന് പറഞ്ഞുതരാം.
ബുക്കിംഗും ഡെലിവറിയും
എംജി മജസ്റ്റർ പ്രീ-ബുക്ക് ചെയ്യാൻ 41,000 രൂപയാണ് മുടക്കേണ്ടി വരിക. വിലകൾ 2026 ഏപ്രിലിൽ വെളിപ്പെടുത്തും. കാർ മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്കായി മാർച്ച് മുതൽ രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ എംജി എക്സ്ക്ലൂസീവ് പ്രിവ്യൂകൾ നടത്തുന്നതായിരിക്കും. എംജി മജസ്റ്ററിന്റെ ഡെലിവറികൾ 2026 മെയ് മുതൽ ആരംഭിക്കും. ഡെലിവറികൾ ഉറപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ ഉടൻ തന്നെ ബുക്കിംഗ് നടത്തുന്നതാവും ഉചിതം.

വേഗം വാങ്ങിയാൽ ഗുണമുണ്ട്
എംജി മജസ്റ്റർ എസ്‌യുവി മുൻകൂട്ടി ബുക്ക് ചെയ്യുന്ന ആദ്യത്തെ 3,000 ഉപഭോക്താക്കൾക്ക് 5 വർഷത്തെ സൗജന്യ അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടി, 5 വർഷത്തെ റോഡ്‌സൈഡ് അസിസ്റ്റൻസ്, 5 വർഷത്തെ ലേബർ-ഫ്രീ സർവീസ് കോൺട്രാക്റ്റ് എന്നിവ പോലുള്ള വലിയ ആനുകൂല്യങ്ങൾ വാഹനത്തിനൊപ്പം വാഗ്ദാനം ചെയ്യുമെന്ന് ബ്രാൻഡ് ഉറപ്പ് നൽകുന്നു. ഷാർപ്പ് 4x2, സാവി 4x2, സാവി 4x4 എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളാണ് മജസ്റ്ററിലുള്ളത്.
എഞ്ചിൻ
2.0 ലിറ്റർ, ട്വിൻ-ടർബോ ഡീസൽ എഞ്ചിനാണ് എംജിയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവിക്ക് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 213 bhp പവറിൽ പരമാവധി 478 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും. 4x4 സിസ്റ്റവും സ്റ്റാൻഡേർഡായി തന്നെ ലഭിക്കുന്നതാണ്. അതിനാൽ ഓഫ്-റോഡിലും കിടിലൻ അനുഭവം നൽകാൻ പുതിയ മജസ്റ്ററിന് സാധിക്കുന്നതാണ്.

സേഫ്റ്റി
സുരക്ഷാ കാര്യങ്ങളിൽ പ്രത്യേക പരിഗണന കൊടുത്താണ് എംജി മോട്ടോർ മജസ്റ്ററിന് രൂപംകൊടുത്തിരിക്കുന്നത്. 6 എയർബാഗുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകളുള്ള 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ ഹോൾഡ് അസിസ്റ്റ് (HHA), ഓട്ടോ-ഹോൾഡ് ഉള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് (EPB), ലെവൽ 2 ADAS സിസ്റ്റം തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളെല്ലാം എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്.
ഫീച്ചറുകൾ
ഇൻഫോടെയ്ൻമെൻ്റ്, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ എന്നിവയ്‌ക്കായി ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണമാണ് എംജി മജസ്റ്റർ അവതരിപ്പിക്കുന്നത്. 2-വേ പവർഡ്, വെന്റിലേറ്റഡ്, മസാജിംഗ് ഫ്രണ്ട് സീറ്റുകൾ, 12-സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഡ്യുവൽ വയർലെസ് ഫോൺ ചാർജറുകൾ, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, പവർഡ് ടെയിൽഗേറ്റ്, വെന്റിലേറ്റഡ് റിയർ സീറ്റുകൾ, പനോരമിക് സൺറൂഫ് എന്നിവയാണ് അകത്തളത്തിനെ പ്രീമിയമാക്കുന്ന കാര്യങ്ങൾ.

ഡിസൈൻ
ഗ്ലോസ്റ്ററിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നതെങ്കിലും മജസ്റ്ററിന് അതിൻ്റേതായ യുണീക് ഡിസൈനുണ്ട്. ഇരുവശത്തും ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളും, ലംബമായി അടുക്കിയിരിക്കുന്ന, ചതുരാകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകളും വലിയ കൂറ്റൻ ഗ്രില്ലും കട്ടിയുള്ള സ്‌കിഡ് പ്ലേറ്റുകളും മസ്ക്കുലർ രൂപം സമ്മാനിക്കുന്നുണ്ട്. പുതിയ 19 ഇഞ്ച് അലോയ് വീലുകൾ, ബ്ലാക്ക്-ഔട്ട് വിൻഡോ ലൈനുകൾ, കണക്റ്റഡ് എൽഇഡി ടെയിൽ ലൈറ്റുകൾ, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ, ഹൈ മൗണ്ടഡ് സ്റ്റോപ്പ് ലാമ്പുള്ള ഇൻ്റഗ്രേറ്റഡ് സ്‌പോയിലർ എന്നിവയാണ് എക്സ്റ്റീരിയറിലെ മറ്റ് പ്രത്യേകതകൾ.
പ്രതീക്ഷിക്കുന്ന വിലയും എതിരാളികളും
40 ലക്ഷം മുതൽ 45 ലക്ഷം രൂപ വരെയാണ് എംജി മജസ്റ്ററിന് പ്രതീക്ഷിക്കുന്ന ഇന്ത്യയിലെ എക്സ്ഷോറൂം വില. ഇന്ത്യയിലെ ഫുൾ-സൈസ് എസ്‌യുവി വിഭാഗത്തിൽ ടൊയോട്ട ഫോർച്യൂണറിന് പുറമെ സ്കോഡ കൊഡിയാക്, ഫോക്‌സ്‌വാഗൺ ടെയ്‌റോൺ R-ലൈൻ എന്നിവയുമായിട്ടാവും എംജിയുടെ പുത്തൻ എസ്‌യുവി മത്സരിക്കുക. വില കിടിലമാക്കി നിശ്ചയിക്കാനായാൽ ഗ്ലോസ്റ്ററിന് നേടിയെടുക്കാനാവാതെ പോയ സ്ഥാനം മജസ്റ്ററിന് എളുപ്പത്തിൽ കണ്ടെത്താനാവും.


Click it and Unblock the Notifications








